'ചായക്കടക്കാരന്റെ വേഷത്തിലേക്ക് ഇവനെ വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു, പകരം തന്നത് താപ്പാനയിലെ കഥാപാത്രം'; കലാഭവൻ ഷാജോൺ

'ചായക്കടക്കാരന്റെ വേഷത്തിലേക്ക് ഇവനെ വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു, പകരം തന്നത് താപ്പാനയിലെ കഥാപാത്രം'; കലാഭവൻ ഷാജോൺ
Published on

താപ്പാന എന്ന സിനിമയിലെ കഥാപാത്രം തനിക്ക് കിട്ടാൻ കാരണം മമ്മൂക്കയാണ് എന്ന് നടൻ കലാഭവൻ ഷാജോൺ. രാജമാണിക്യം എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത് അൻവർ റഷീദാണ്. അദ്ദേഹം വിളിച്ചിട്ട് പറഞ്ഞു അളിയാ ഒരു ചെറിയ പരിപാടിയാണ് പക്ഷേ മമ്മൂക്കയുമായുള്ള കോമ്പിനേഷനാണ്. നന്നായാൽ നിനക്ക് അത് ​ഗുണം ചെയ്യും എന്ന്. അന്ന് ഞാൻ മമ്മൂക്കയെ കണ്ടിട്ട് പോലുമില്ല. സെറ്റിൽ ചെന്ന് സീൻ പറഞ്ഞപ്പോൾ മമ്മൂക്കയെ എതിർത്ത് സംസാരിക്കുന്നതോർത്ത് ടെൻഷനുണ്ടായിരുന്നു എന്ന് ഷാജോൺ പറയുന്നു. താപ്പാനയിലെ ക്യാരക്ടർ കിട്ടാൻ കാരണം മമ്മൂക്കയാണ്. അതിന് മുമ്പ് ഒരു സിനിമയിൽ ഒരു സീനിലേക്ക് വിളിച്ചപ്പോൾ മമ്മൂക്ക പറഞ്ഞു അവനെ വിളിക്കേണ്ട എന്ന്. അത് ഒരു ചായക്കടക്കാരന്റെ ക്യരക്ടറായിരുന്നു. പകരമായിട്ടാണ് താപ്പനയിലെ കഥാപാത്രത്തിന് വേണ്ടി അദ്ദേഹം തന്നെ നിർദേശിച്ചത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞു.

ഷാജോൺ പറഞ്ഞത്:

അൻവറാണ് എന്നെ രാജമാണിക്യം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. ‍ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എന്നെ വിളിച്ചിട്ട് പറഞ്ഞു അളിയാ ഒരു ചെറിയ പരിപാടിയാണ് പക്ഷേ മമ്മൂക്കയുമായുള്ള കോമ്പിനേഷനാണ്. നല്ലതാണ്, നന്നായാൽ നിനക്ക് അത് ​ഗുണം ചെയ്യും എന്ന് പറ‍ഞ്ഞു. മമ്മൂക്കയെ കണ്ടിട്ട് പോലുമില്ല ഞാൻ ആ സമയത്ത്. അൻവർ‍ എന്നെ വിളിച്ചിട്ട് പറഞ്ഞു ഇതാണ് സീൻ മമ്മൂക്കയോട് ഇങ്ങനെ എതിർത്ത് പറയണം. മമ്മൂക്കയോട് നേരിട്ട് ഇങ്ങനെയൊക്കെ പറയണമല്ലോ എന്നോർത്ത് എനിക്ക് ടെൻഷനായി. കളിയാക്കുന്ന രീതിയിലാണ് പറയേണ്ടത് എങ്ങനെയാവുമെന്ന് ഒന്നും അറിയില്ല. മമ്മൂക്ക വന്നപ്പോൾ നമ്മൾ മമ്മൂക്കയുടെ മുന്നിൽ ഇങ്ങനെ പരിചയപ്പെടുത്താൻ വേണ്ടി നിൽക്കുകയാണ്. മമ്മൂക്ക ഇങ്ങനെ സ്റ്റെപ്പ് കയറി വരുന്നു ഞാൻ ഇങ്ങനെ നിൽക്കുകയാണ്. ഞാൻ നമസ്കാരം പറയാൻ വേണ്ടി വന്നയുടനെ മമ്മൂക്ക പറഞ്ഞു. ഹാ ഇതാണ് കുഴപ്പം. സ്റ്റേജിൽ നല്ല വേഷം ചെയ്യുമ്പോൾ വി​ഗ് വയ്ക്കില്ല സിനിമയിൽ വരുമ്പോൾ വി​ഗും വച്ച് വരും. പിന്നെ തന്നെ എങ്ങനെ ആൾക്കാർക്ക് മനസ്സിലാവും എന്ന്. ഇദ്ദേഹത്തിന് നമ്മളെ അറിയാമോ എന്നാണ് ഞാൻ ചിന്തിച്ചത്. പിന്നീട് അടുത്ത് ചെന്ന് സംസാരിച്ചപ്പോഴാണ് നമ്മുടെ പ്രോ​ഗ്രാംസ് ഒക്കെ കാണുന്ന ആളാണ് എന്ന് മനസ്സിലായത്. പിന്നെ അൻവർ വന്ന് എന്നെ പരിചയപ്പെടുത്തി. അന്ന് സുരാജ് ഫുൾ ടെെം സെറ്റിലുണ്ടായിരുന്നു. സ്ലാങ്ങ് പറഞ്ഞു കൊടുക്കാൻ വേണ്ടിയിട്ട്. ഇവൻ പുലിയല്ല കേട്ട സിംഹമാണൊരു സിംഹം എന്ന ഡയലോ​ഗ് സുരാജ് പറഞ്ഞു അളിയാ ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്ന്. അങ്ങനെയാണെങ്കിൽ നീ ചെന്ന് പറ. എനിക്ക് പേടിയാണ് ഞാൻ പറയില്ല എന്ന് പറഞ്ഞു. എന്നാ നീയും വാ എന്ന് പറഞ്ഞ് സുരാജ് എന്നെയും വിളിച്ച് ചെന്നു. അപ്പോൾ അൻവറും വന്നു പറഞ്ഞു. മമ്മൂക്ക സുരാജ് പറഞ്ഞു ഈ ഡയലോ​ഗ് ഇങ്ങനെ പറഞ്ഞാൽ നന്നായിരിക്കും എന്ന്. അപ്പോൾ മമ്മൂക്ക പറഞ്ഞു അത് നല്ലതായിരുന്നല്ലോ എന്താണ് കുഴപ്പം എന്ന്. അല്ല മമ്മൂക്ക എന്ന് പറഞ്ഞിട്ട് സുരാജ് അത് പെർഫോം ചെയ്ത് കാണിച്ചു കൊടുക്കാൻ തുടങ്ങി. മറ്റേത് തന്നെയാണ് നല്ലത്, എന്നാലും ഒന്നൂടെ എടുത്തോ എന്നു പറ‍ഞ്ഞു മമ്മൂക്ക. സുരാജ് പറഞ്ഞിട്ടാണ് മമ്മൂക്ക അത് രണ്ടാമത് ചെയ്തത്.

താപ്പാനയിലെ ക്യാരക്ടർ കിട്ടാൻ കാരണം മമ്മൂക്കയാണ്. അതിന് മുമ്പ് ഒരു സിനിമയിൽ ഒരു സീനിലേക്ക് വിളിച്ചപ്പോൾ മമ്മൂക്ക പറഞ്ഞു അവനെ വിളിക്കേണ്ട എന്ന്. എന്തോ ചായക്കടക്കാരനായിട്ടായിരുന്നു അത്. അസോസിയേറ്റഡ് ഡയറക്ടർ എന്നെ വിളിച്ചു പറ‍ഞ്ഞു എടാ മമ്മൂക്ക വേണ്ടെന്ന് പറഞ്ഞു എന്ന്. മമ്മൂക്ക പറഞ്ഞു നിനക്ക് വേറെയെന്തോ നല്ല പടം വച്ചിട്ടുണ്ട് എന്ന്. ഞാൻ പറ‍ഞ്ഞു ചുമ്മാ.. വെറുതെ ഉള്ള വേഷവും പോയി എന്ന്. അത് കഴി‍ഞ്ഞപ്പോഴാണ് താപ്പാനയിലേക്ക് ജോണി ചേട്ടൻ വിളിക്കുന്നത്. മമ്മൂക്ക അങ്ങനെ ഒരുപാട് ഹെൽപ്പ് ചെയ്യുന്ന ഒരാളാണ്. ഷാജോൺ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in