ദൃശ്യം രണ്ടാം ഭാഗം പ്രേക്ഷകരിലെത്തിയതിന് പിന്നാലെ മലയാളത്തിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച കൂട്ടുകെട്ടുകളിലൊന്നായ ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംബോയില്‍ പുതിയൊരു ചിത്രം. ഉടന്‍ ഷൂട്ട് തുടങ്ങാനിരിക്കുന്ന മിസ്റ്ററി ത്രില്ലര്‍ ട്വല്‍ത്ത് മാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ പ്രേക്ഷകര്‍ ശ്രദ്ധിച്ചത് പുതിയ തിരക്കഥാകൃത്തിന്റെ പേര് കൂടിയാണ്. കെ.ആര്‍ കൃഷ്ണകുമാര്‍ എന്ന നവാഗത തിരക്കഥാകൃത്തിനൊപ്പമാണ് ദ ട്വല്‍ത്ത് മാന്‍ പ്രേക്ഷകരിലെത്തുന്നത്. ഒന്നരവര്‍ഷമെടുത്താണ് ട്വൽത് മാന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് കൃഷ്ണകുമാര്‍ ദ ക്യുവിനോട് പറഞ്ഞു.
ട്വല്‍ത് മാന്‍ എന്ന ടൈറ്റില്‍ അനൗണ്‍സ്മെന്റ് വന്നപ്പോള്‍ തന്നെ താങ്കളെ കുറിച്ചറിയുവാന്‍ പ്രേക്ഷകര്‍ക്ക് താത്പര്യം കൂടി. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലേക്ക് എങ്ങനെയാണ് എത്തിച്ചേര്‍ന്നത്?
ജീത്തുവുമായി മുന്‍ പരിചയമുണ്ട്. അദ്ദേഹവുമായി ചില കഥകള്‍ ചര്‍ച്ച ചെയ്തിരുന്നു. അതൊന്നും ത്രില്ലര്‍ ജോണറിലുള്ള കഥകളായിരുന്നില്ല. ജീത്തു ജോസഫ് ത്രില്ലര്‍ മോഡിലുളള കഥകള്‍ ഇഷ്ട്ടപ്പെടുന്ന സംവിധായകനായതിനാല്‍ അത്തരത്തിലുള്ള കഥകള്‍ ചര്‍ച്ച ചെയ്യുകയും ട്വല്‍ത് മാനില്‍ എത്തിച്ചേരുകയുമായിരുന്നു. മുംബൈയില്‍ നിന്നുള്ള പ്രൊഡക്ഷന്‍ കമ്പനി ഹിന്ദിയിലും മലയാളത്തിലുമായി ചെയ്യാനിരുന്ന പ്രൊജക്റ്റായിരുന്നു ട്വല്‍ത് മാന്‍. ഈ സിനിമയുടെ കഥയാണ് ഞാന്‍ ആദ്യം എഴുതി തുടങ്ങിയത്. അപ്പോഴാണ് മറ്റൊരു കഥയും ജീത്തുവിനോട് പറഞ്ഞത്. ഒരു യുവ നടനെവെച്ചുള്ള കഥയും ട്വല്‍ത് മാനും ഒരുമിച്ച് എഴുതിപ്പോവുകയായിരുന്നു. യുവനടനെ കാസ്റ്റ് ചെയ്തുള്ള സിനിമ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ആ സിനിമയുടെ അനൗണ്‍സ്മെന്റിലേക്ക് പോകാനുള്ള പ്ലാന്‍ ഉണ്ടായിരുന്നു. അപ്പോഴാണ് പാന്‍ഡെമിക് രണ്ടാം തരംഗം വരുന്നത്. അങ്ങനെയാണ് ട്വല്‍ത് മാനുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.
24 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന ഒരു കഥ, ഒറ്റ ലൊക്കേഷന്‍, ഈ ഘട്ടത്തില്‍ കൂടുതല്‍ എന്താണ് പറയാനാകുന്നത്, യഥാര്‍ഥ സംഭവങ്ങള്‍ ട്വല്‍ത് മാന് പ്രചോദനമായിട്ടുണ്ടോ?
ഇതൊരു ഫിക്ഷന്‍ തന്നെയാണ്. യഥാര്‍ഥ സംഭവമൊന്നും സ്വാധീനിച്ചിട്ടൊന്നുമില്ല. ഭാവനയില്‍ വന്നൊരു കഥയാണ്. പോസ്റ്ററും ടാഗ്‌ലൈനും വന്നപ്പോള്‍ തന്നെ സിനിമയുടെ കഥയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ട്വല്‍വ് ആംഗ്രി മാന്‍, ഐഡന്റിറ്റി, മാന്‍ ഫ്രം ഏര്‍ത് അങ്ങനെ പല സിനിമകളുമായി സാദൃശ്യപ്പെടുത്തിക്കൊണ്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവരൊക്കെ ചര്‍ച്ച ചെയ്യുന്ന പല സിനിമകളും ഞാന്‍ കണ്ടിട്ട് കൂടിയില്ല. ഇനി വേണം അതൊക്കെ ഒന്ന് കാണാം. ട്വല്‍വ് ആംഗ്രിമാന്റെ കഥയാണെന്നാണ് കൂടുതല്‍ പേരും പറയുന്നത്. അതൊരു കോര്‍ട്ട് റൂം ഡ്രാമയല്ലേ. ഈ സിനിമ പക്കാ മിസ്റ്ററി ത്രില്ലറാണ്. സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളുമായി ഈ സിനിമയ്ക്ക് യാതൊരു സാമ്യതയും ഇല്ല.
സംവിധായകന്‍ മാത്രമല്ല മികച്ച തിരക്കഥാകൃത്തുമാണ് ജീത്തു ജോസഫ്. എങ്ങനെയാണ് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്തത് ?
ഇന്ത്യയിലെ ത്രില്ലര്‍ തിരക്കഥാകൃത്തുക്കളില്‍ മുന്‍നിരയിലുള്ള എഴുത്തുകാരന്‍ കൂടിയാണ് ജീത്തു ജോസഫ്. സംവിധാനത്തിലും അങ്ങനെ തന്നെയാണ്. ഒരു കഥ അത്രയും ക്ലാരിറ്റിയോടെ പറഞ്ഞാലേ അദ്ദേഹത്തിന് ഇഷ്ടമാവുകയുള്ളൂ. സീന്‍ ഓര്‍ഡറും വണ്‍ ലൈന്‍ പോകുന്നതുമൊക്കെ നമ്മള്‍ കൃത്യമായി പറയണം. കഥ പറയുന്നതിന്റെ പകുതിയെത്തുമ്പോള്‍ തന്നെ ജീത്തുവിന് കാര്യം പിടികിട്ടും. അതുകൊണ്ട് വ്യക്തത വന്നതിന് ശേഷമായിരിക്കണം ജീത്തുവിനോട് കഥ പറയേണ്ടത്.
നാല്പത് വർഷത്തെ കരിയറിൽ ഇന്ത്യയിലെ തന്നെ മികച്ച നടൻ എന്ന അംഗീകാരം ലഭിച്ച നടനാണ് മോഹൻലാൽ. നടൻ എന്ന നിലയിൽ ആദ്ദേഹത്തിന് ചലഞ്ച് ഉള്ള റോൾ ആണോ?
തീർച്ചയായും. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം ചെയ്യുന്ന ഒരു ടൈപ്പ് റോളാണ്. അതായത് ഒരുപാട് വർഷങ്ങൾക്ക് മുൻപാണ് സമാന സ്വഭാവത്തിലുള്ള കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തത്.
കഥ കേട്ടപ്പോള്‍ മോഹന്‍ലാലിന്റെ ആദ്യ റിയാക്ഷന്‍ എന്തായിരുന്നു?
ദൃശ്യത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ജീത്തു സിനിമയുടെ വണ്‍ ലൈന്‍ മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും പറയുന്നത്. കഥ കേട്ടപ്പോള്‍ തന്നെ നല്ല ഫ്രഷ് ഐഡിയ ആണെന്ന് ലാലേട്ടന്‍ പറഞ്ഞു. പിന്നീട് സ്‌ക്രിപ്റ്റ് വരട്ടെ ബാക്കി നോക്കാം എന്നായിരുന്നു മറുപടി. സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തപ്പോള്‍ നല്ലതായിട്ടുണ്ടല്ലോ എന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്.
കോവിഡ് സമയത്ത് ചിത്രീകരിക്കുവാന്‍ സാധിക്കുന്ന ഒരു ചിത്രമാണ്. ഒരു തിരക്കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം പരിമിതിക്കുള്ളില്‍ ഒരു തിരക്കഥ എഴുതുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ് ?
കോവിഡ് കാലത്തല്ലെങ്കിലും ഈ സിനിമ ഇങ്ങനെ മാത്രമേ ചിത്രീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. എല്ലാ സൗകര്യങ്ങള്‍ ഉള്ളപ്പോഴും ഈ സിനിമ ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. സിനിമയുടെ കഥയ്ക്കും സംഭവങ്ങള്‍ക്കും പ്രത്യേക സ്വഭാവമുണ്ട്. ഇടുക്കിയാണ് സിനിമയുടെ ലൊക്കേഷന്‍. അവിടെയുള്ള ഒരു പ്രത്യേക പ്രദേശത്ത് നടക്കുന്ന സംഭവമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. കോവിഡ് കാലത്ത് ചെയ്യാം എന്ന ഉദ്ദേശത്തോടെയല്ല സിനിമയുടെ തിരക്കഥ എഴുതിയത്. ലോക്ഡൗണ്‍ സാഹചര്യം വന്നപ്പോള്‍ സിനിമ ചെയ്യുന്നു, അത്ര മാത്രം. കോവിഡ ല്ലെങ്കിലും ഈ സിനിമ ഇങ്ങനെ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ദൃശ്യം സിനിമ മോഹന്‍ലാലിക്കെത്തുവാന്‍ ആന്റണി പെരുമ്പാവൂരിന്റെ ഇടപെടല്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ സിനിമ സെന്‍സിനെക്കുറിച്ചുള്ള അഭിപ്രായം?
ആന്റണി പെരുമ്പാവൂരിനെപ്പോലെ ഇത്ര ഷാര്‍പ്പായിട്ടുള്ള നിര്‍മ്മാതാവിനെ മലയാള സിനിമയില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. കാലഘട്ടത്തിന് ആവശ്യമുള്ള കണ്ടന്റും, പ്രേക്ഷകരുടെ അഭിരുചിയും, അവർക്ക് ഇഷ്ട്ടമുള്ള ഘടകങ്ങളെക്കുറിച്ചും കൃത്യമായി ബോധ്യമുള്ള നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. അത് കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ സിനിമകള്‍ ഹിറ്റാവുന്നതും. ഒരു കഥ കേള്‍ക്കുമ്പോള്‍ അത് കാലഘട്ടത്തിന് യോജിക്കുന്നതാണോയെന്ന് മനസ്സിലാക്കാനുള്ള സ്പാര്‍ക്ക് അദ്ദേഹത്തിനുണ്ട്.
ദൃശ്യം1, ദൃശ്യം 2 എന്നീ സിനിമകള്‍ക്ക് ശേഷമുള്ള ജീത്തു-മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ഈ ടീമിന് മേല്‍ വലിയ പ്രതീക്ഷയാണുള്ളത് . അത് വലിയൊരു ഭാരമാകുന്നുണ്ടോ?
അതൊരു വലിയ ചാലഞ്ച് തന്നെയാണ്. ഒരേസമയം വെല്ലുവിളിയും അവസരവും കൂടിയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ എനിക്ക് മീറ്റ് ചെയ്യുവാന്‍ സാധിക്കണം. ദൃശ്യം 2 പോലെ നല്ലൊരു സിനിമയാണെന്ന് പ്രേക്ഷകര്‍ പറയുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റിന്റെ പങ്കും എനിക്ക് കൂടിയുള്ളതാണ് . അത് മോശമാവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തിന്റെ പങ്കും ഞാന്‍ തന്നെ വഹിക്കേണ്ടി വരും. ലോകം മുഴുവന്‍ പേരെടുത്ത ഒരു കോംബോയിലേക്കാണ് ഞാനൊരു കഥയും തിരക്കഥയുമായി വരുന്നത്. അതുകൊണ്ടു തന്നെ വലിയ റിസ്‌ക് തന്നെയാണ്.
മലയാള സിനിമയുടെ ഇപ്പോഴത്തെ ട്രെന്‍ഡ് ത്രില്ലര്‍ ജോണറാണ്. അതുകൊണ്ടാണോ മിസ്റ്ററി ത്രില്ലര്‍ ജോണര്‍ തിരഞ്ഞെടുത്തത് ?
എല്ലാ തരത്തിലുള്ള സിനിമകള്‍ ചെയ്യുവാനും എനിക്ക് താത്പര്യമുണ്ട്. ഇത് കൂടാതെ മറ്റ് രണ്ട് സിനിമകളിലും ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അത് ഫീല്‍ ഗുഡ് ആണ്. പിന്നെ ഒരണ്ണം ബ്ലാക്ക് കോമഡിയും. സമീപിക്കുവാന്‍ സാധിക്കുന്ന സംവിധായകന്‍ ഉള്ളപ്പോള്‍ അദ്ദേഹത്തിന് ത്രില്ലര്‍ കഥയാണ് ഇഷ്ട്ടപ്പെടുന്നതെങ്കില്‍ നമ്മള്‍ അത് എഴുതുന്നു എന്നേയുള്ളു.
ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ അതിലെ ഓരോ രംഗവും ഇഴകീറി പരിശോധിക്കുന്ന പ്രേക്ഷകരാണ് ഇപ്പോള്‍ ഉള്ളത്. ത്രില്ലര്‍ ജോണര്‍ കൂടുതല്‍ വെല്ലുവിളിയുള്ളതല്ലേ ?
ഒന്നര വര്‍ഷത്തോളമായി സ്‌ക്രിപ്റ്റിന് പിന്നില്‍ വര്‍ക് ചെയ്യുന്നു. അത്രത്തോളം പരിശ്രമം ആവശ്യമാണ്. ഒരു സീനില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പല തരത്തിലും ചിന്തിക്കും. ഒരു സീന്‍ ഓരോ തരത്തിലുള്ള പ്രേക്ഷകന്‍ എങ്ങനെയാണ് കാണുന്നത് എന്ന് പരിശോധിക്കും. അവസാനം വരെ ത്രില്ലര്‍ എലമെന്റ് നിലനിര്‍ത്തുകയെന്നതാണല്ലോ അതിന്റെയൊരു രസം. എവിടെയെങ്കിലും രസച്ചരട് പൊട്ടിക്കഴിഞ്ഞാല്‍ പിന്നെ ത്രില്ല് പോയില്ലേ. സിനിമയുടെ മുക്കാല്‍ ഭാഗം എത്തുമ്പോഴേ പ്രേക്ഷകന് കാര്യം മനസ്സിലായാല്‍ പിന്നെ മുന്നോട്ടു പോകുന്നതില്‍ കാര്യമില്ലല്ലോ. സിനിമയുടെ തിരക്കഥ വായിച്ചപ്പോള്‍ ജീത്തുവിന് ഒരുപാട് ഇഷ്ട്ടമായി. ഇന്ത്യയിലെ ഏറ്റവും മികച്ച ത്രില്ലര്‍ എഴുത്തുകാരില്‍ ഒരാള്‍ അങ്ങനെ പറയുമ്പോള്‍ എനിക്ക് കിട്ടുന്ന അംഗീകാരം തന്നെയാണ്. അതെനിക്ക് ആത്മവിശ്വാസവും നല്‍കുന്നുണ്ട്. എന്നുവച്ച് എനിക്ക് പേടിയില്ലെന്നല്ല. ഇന്ത്യയിലെ തന്നെ മികച്ച കോംബോയിലേയ്ക്ക് കഥയും തിരക്കഥയുമായി വരുമ്പോള്‍ ഏതെങ്കിലും രീതിയില്‍ നിരാശപ്പെടുത്തുമോ എന്നൊരു ആശങ്കയും ഉണ്ട്. യഥാര്‍ഥത്തില്‍ ഒരേ സമയം പേടിയും ആത്മവിശാസവുമാണുള്ളത്.
കോള്‍ഡ് കേസ് ഒക്കെ ആമസോണില്‍ വന്നപ്പോള്‍ ട്വിസ്റ്റും, സ്‌പോയിലറും ലീക്ക് ആവുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ രീതിയിലുള്ള ആശങ്കയുണ്ടോ?
ബഹുജനം പലവിധം എന്നാണല്ലോ. സിനിമയുടെ സസ്‌പെന്‍സ് പ്രേക്ഷകന്‍ ആദ്യമേ മനസ്സിലായാല്‍ ത്രില്ലറിന്റെ രസം പോവുമല്ലോ. എങ്കിലും ഒരു ത്രില്ലറിന്റെ സസ്‌പെന്‍സ് ട്രാക്കിലേക്ക് സഞ്ചരിക്കുന്നതിനായി ഒരു മെത്തേഡ് ഉണ്ട്. ആ മെത്തേഡാണ് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നത്. സസ്‌പെന്‍സ് പോയാല്‍ സിനിമയുടെ രസം പോയില്ലേ. സസ്‌പെന്‍സ് വെളിപ്പെടുത്തുന്ന നീക്കങ്ങള്‍ സിനിമയോട് ചെയ്യുന്ന വലിയൊരു ചതിയാണ്. നമ്മളൊക്കെ എടുക്കുന്ന അദ്ധ്വാനം ചിലരുടെയൊക്കെ ഫേസ്ബുക് പോസ്റ്റിലൂടെ ഇല്ലാതാവുകയാണ് . സിനിമയെ വിമര്‍ശിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. ആരും തന്നെ വിമര്‍ശനത്തിന് അതീതരല്ല. ഒരു സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അങ്ങനെ തന്നെ എഴുതാം. എന്നാൽ സിനിമയെ നശിപ്പിക്കുന്ന രീതിയില്‍ അതിന്റെ കഥയും സസ്‌പെന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ശരിയല്ല.