ബിജു മേനോന് പകരക്കാനായാണ് മാലിക്കിൽ എത്തിയതെന്ന് ജോജു ജോർജ്; സംവിധായകൻ മഹേഷ് നാരായണൻ ആയത് കൊണ്ട് തിരക്കഥ പോലും വായിച്ചില്ല

ബിജു മേനോന് പകരക്കാനായാണ്  മാലിക്കിൽ എത്തിയതെന്ന് ജോജു ജോർജ്; സംവിധായകൻ മഹേഷ് നാരായണൻ ആയത് കൊണ്ട് തിരക്കഥ പോലും വായിച്ചില്ല
Published on

നടൻ ബിജു മേനോന് പകരക്കാരനായാണ് മാലിക്കിൽ താൻ എത്തിയതെന്ന് ജോജു ജോർജ്. സംവിധായകൻ മഹേഷ് നാരായണൻ ആയത് കൊണ്ട് തന്നെ തിരക്കഥ പോലും വായിക്കാതെയാണ് മാലിക്കിൽ അഭിനയിക്കുവാൻ തീരുമാനിച്ചതെന്ന് ജോജു ജോർജ് മനോരമ ഓൺലൈനിനോട് പറഞ്ഞു. താൻ അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ടാണ് ഷൂട്ട് ചെയ്തതെന്നും എല്ലാവരും നല്ലതുപോലെ പണിയെടുത്ത സിനിമയാണ് മാലിക്കെന്നും ജോജു ജോർജ് പറഞ്ഞു.

‘മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണ് എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത്. സിനിമയുടെ കഥയെന്താണെന്ന്‌ പോലും തനിക്കറിയില്ല. സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക്. ഒരു പകരക്കാരനായിട്ടാണ് സിനിമയിലേക്ക് വന്നത്. ബിജുവേട്ടന്റെ ഡേറ്റ് ക്ലാഷ് ആയപ്പോള്‍ എന്നെ വിളിക്കുകയും അഭിനയിക്കുകയുമായിരുന്നു. അതുകൊണ്ട് തന്നെ ബാക്കി ഒന്നും അറിയില്ല. ദിലീഷിന്റെയും വിനയ് ഫോര്‍ട്ടിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള കാഴ്ചകളാണ് എന്റെ മനസ്സിലുള്ളത്. അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ടായിരുന്നു ഷൂട്ട് ചെയ്തത്. എല്ലാവരും നല്ലപോലെ പണിയെടുത്തിട്ടുള്ള സിനിമയാണിത്- ജോജു ജോർജ് പറഞ്ഞു.

ഫഹദ് ഫാസില്‍ മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ജൂലൈ പതിനഞ്ചിന് ആമസോൺ പ്രൈം വീഡിയോയിലാണ് പ്രീമിയർ ചെയ്യുന്നത്. സംവിധാനത്തിന് പുറമെ മഹേഷ് നാരായണന്‍ തന്നെയാണ് തിരക്കഥയും എഡിറ്റിംഗും നിർവ്വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം. ഇരുപത്തിയഞ്ചു മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെയുളള സുലൈമാന്റെ ജീവിതയാത്രയാണ് മാലിക്കിൽ അവതരിപ്പിക്കുന്നത്.

25 കോടിയാണ് സിനിമയുടെ ബജറ്റ്. നിമിഷ സജയന്‍ ആണ് നായിക. ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് , ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സാനു ജോണ്‍ വര്‍ഗീസ് ആണ് ക്യാമറ.സുഷിന്‍ ശ്യാം സംഗീതം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവരാണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലി ഗാന രചന നിര്‍വഹിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in