ദൃശ്യം കൊലപാതകത്തിന് പ്രേരണയെന്നത് മണ്ടത്തരം, മോഡലാക്കുന്നത് തന്നെ അബദ്ധമാണെന്ന് ജീത്തു ജോസഫ്
ദൃശ്യം ഇന്ത്യയിലെ പ്രാദേശിക ഭാഷാ സിനിമാ വ്യവസായത്തില്‍ പുതിയൊരു തരംഗം തീര്‍ത്ത ചിത്രമാണ്. ബോളിവുഡിലും തമിഴിലും തെലുങ്കിലും കന്നഡയിലും റീമേക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ ശ്രീലങ്കന്‍ പതിപ്പും ഇപ്പോഴിതാ ചൈനീസ് പതിപ്പും. കേരളത്തിലെ കൊലപാതക കേസുകളില്‍ 'ദൃശ്യം മോഡല്‍' ചര്‍ച്ചയാകുമ്പോള്‍ അതിന് സംവിധായകന്‍ ജീത്തു ജോസഫ് നല്‍കുന്ന മറുപടി ഇങ്ങനെ. ദൃശ്യം കൊലപാതകം മറക്കാന്‍ പ്രേരണയായ സിനിമയാണെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്ന് ജീത്തു ജോസഫ് ദ ക്യു അഭിമുഖത്തില്‍ പറയുന്നു. ദൃശ്യം മാതൃകയാക്കി കൊലപാതകം നടത്തുന്നത് തന്നെ മണ്ടത്തരമാണ്. ദൃശ്യം സിനിമയില്‍ ഫോണ്‍ ഉപേക്ഷിക്കുന്നത് ഒരു കൊലപാതക കേസിനെക്കുറിച്ചുള്ള പത്രവാര്‍ത്തയില്‍ നിന്ന് കിട്ടിയതാണ്.
'ദൃശ്യം മോഡല്‍ കൊല', വിമര്‍ശനങ്ങളോട് ജീത്തു ജോസഫ് പറയുന്നത്
ദൃശ്യം കൊലപാതകം മറക്കാന്‍ പ്രേരണയായ സിനിമയാണെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. മര്‍ഡര്‍ കവര്‍ അപ് സിനിമകള്‍ വിരളമാണ് അതുകൊണ്ടാവും കൊലപാതക കേസ് വരുമ്പോള്‍ ദൃശ്യം പരാമര്‍ശിക്കുന്നത്. ദൃശ്യം എന്ന സിനിമയില്‍ തന്നെ നോക്കൂ, ആ കേസ് അവസാനിച്ചിട്ടില്ല. കേസ് തുടരുകയാണ്. സിനിമയ്ക്കുള്ളില്‍ ജോര്‍ജ് കുട്ടി രക്ഷപ്പെട്ടു എന്നേയുള്ളൂ. അത് പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. വേണമെങ്കില്‍ വേറെ തുമ്പ് കിട്ടി നാളെ കേസ് അത് പൊങ്ങിവരാം. റിയല്‍ ലൈഫ് ഇത് പോലൊരു ക്ലൈമാക്‌സ് ആവില്ലല്ലോ?.
ദൃശ്യം മോഡല്‍ കൊല എന്ന് പറയുന്നവരോട് ഞാന്‍ പറയാറുണ്ട്. ദയവായി ആ സിനിമ കണ്ട് ഇതൊന്നും പ്ലാന്‍ ചെയ്യരുത്, കാരണം മണ്ടത്തരമാണ്. ദൃശ്യം മോഡല്‍ എന്ന് പറയുന്നത് എന്താണെന്നറിയില്ല, ഇത് പോലുള്ള കൊലപാതകങ്ങള്‍ ഈ സിനിമയ്ക്ക് ശേഷമാണോ ഉണ്ടായത്. ആ സിനിമയ്ക്ക് മുമ്പും ഇല്ലേ. യവനികയില്‍ കൊന്ന് ചാക്കില്‍ കെട്ട് മറവ് ചെയ്യുകയല്ലേ, ഇത്തരം ചര്‍ച്ചകളൊന്നും മൈന്‍ഡ് ചെയ്യാറില്ല. അതൊന്നും എന്നെ ബാധിക്കാറുമില്ല.
ദൃശ്യം നേടിയ വമ്പന്‍ വിജയത്തിന് ശേഷം ആറ് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് മോഹന്‍ലാലിനെ നായനാക്കി ജീത്തു ജോസഫ് പുതിയ പുതിയ ചിത്രവുമായി എത്തുകയാണ്. 2020 ജനുവരി അഞ്ചിന് റാം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. ഇന്ത്യക്ക് പുറമേ നാലോളം രാജ്യങ്ങളിലാണ് ചിത്രീകരണം. ആക്ഷന്‍ ത്രില്ലറാണ് സിനിമ. ത്രിഷയാണ് നായിക.