പൃഥ്വിരാജിനെതിരെ ജനം ടിവിയുടെ വ്യക്തിഹത്യ, പ്രതിഷേധമറിയിച്ച് ചലച്ചിത്രപ്രവര്‍ത്തകര്‍; ലേഖനം പിന്‍വലിച്ചു

പൃഥ്വിരാജിനെതിരെ ജനം ടിവിയുടെ വ്യക്തിഹത്യ, പ്രതിഷേധമറിയിച്ച് ചലച്ചിത്രപ്രവര്‍ത്തകര്‍; ലേഖനം പിന്‍വലിച്ചു
Published on

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ വ്യക്തിഹത്യ നിറഞ്ഞതും അധിക്ഷേപിക്കുന്നതുമായ ലേഖനം പ്രസിദ്ധീകരിച്ച ജനം ടിവിക്കെതിരെ പ്രതിഷേധം. അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, മിഥുന്‍ മാനുവല്‍ തോമസ്, അനുരാജ് മനോഹര്‍ ഇര്‍ഷാദ് അലി, സുബീഷ് സുധി, ജൂഡ് ആന്റണി, അരുണ്‍ ഗോപി, ഷിയാസ് കരീം, നവജിത് നാരായണന്‍ എന്നിവര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്ത് വന്നു.

കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍ പ്രതാപന്‍, വി.ടി ബല്‍റാം, റാഹുല്‍ മാങ്കൂട്ടത്തില്‍, സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ എന്നിവരും പൃഥ്വിരാജിന് ഐക്യദാര്‍ഡ്യമറിയിച്ചിട്ടുണ്ട്. സിനിമയിലേതിനേക്കാള്‍ സമൂഹത്തിന് മുന്നില്‍ അഭിനയിക്കുന്ന മഹാനടന്മാര്‍ പൃഥ്വിയുടെ നിലപാടുകളുടെ പ്രഭക്ക് മുന്നില്‍ നിസാരരാണ്. സംഘ് പരിവാര്‍ നരേറ്റീവുകള്‍ക്ക് പൃഥ്വിയെന്ന നിലപാടിന്റെ നാമത്തെ തകര്‍ക്കാനാവില്ല എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്.

പൃഥ്വിരാജിനെതിരെ ജനം ടിവിയുടെ വ്യക്തിഹത്യ, പ്രതിഷേധമറിയിച്ച് ചലച്ചിത്രപ്രവര്‍ത്തകര്‍; ലേഖനം പിന്‍വലിച്ചു
'പിതൃസ്മരണക്ക് അവസരമുണ്ടാക്കരുത്, കണ്ണീര്‍ ജിഹാദികള്‍ക്ക് വേണ്ടി', പൃഥ്വിരാജിനെയും സുകുമാരനെയും അധിക്ഷേപിച്ച് ജനം ടിവി എഡിറ്റര്‍

'പൃഥ്വിരാജിനെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്തുകയും ചെയ്യുന്നു' എന്നാണ് വി.ടി ബല്‍റാം എഴുതിയത്. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്ക് വേണ്ടി എന്ന തലക്കെട്ടില്‍ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവാണ് ചാനല്‍ വെബ് സൈറ്റില്‍ ലേഖനം എഴുതിയത്. ഈ ലേഖനം ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ചാനലാണ് ജനം ടി.വി

ടി.എന്‍ പ്രതാപന്‍ എഴുതിയത്

നിലപാടുള്ളവരെ അല്ലെങ്കിലും സംഘികള്‍ക്ക് പേടിയാണ്. വ്യാജ പ്രചരണങ്ങളും ചാപ്പകുത്തലുകളും എമ്പാടുമുണ്ടാകും. സംസ്‌കാര ശൂന്യത അവരുടെ ട്രേഡ്മാര്‍ക്കാണ്. അതെല്ലാം അവഗണിച്ചും അതിജയിച്ചും തന്നെയാണ് ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടം ഇവിടെ തുടരുന്നത്.

ദ്വീപിലെ ജനതക്ക് വേണ്ടി മാനവികതയുടെ പക്ഷത്ത് നില്‍ക്കാനുറച്ച കലാകാരന്‍ പൃഥ്വിരാജിന് ഐക്യദാര്‍ഢ്യം.

ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്ന് സുരേഷ് ബാബു. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്നും ചാനലിന്റെ വെബ് സൈറ്റിലുള്ള ലേഖനത്തില്‍ സുരേഷ് ബാബു.

പൃഥ്വിരാജിനെതിരെ ജനം ടിവിയുടെ വ്യക്തിഹത്യ, പ്രതിഷേധമറിയിച്ച് ചലച്ചിത്രപ്രവര്‍ത്തകര്‍; ലേഖനം പിന്‍വലിച്ചു
അഡ്മിനിസ്ട്രേറ്ററുടെ ഹിന്ദുത്വ അജണ്ടയിൽ ശ്വാസം മുട്ടി ലക്ഷദ്വീപ്; മോദിയുടെ വിശ്വസ്തൻ ഒരു ജനതയോട് ചെയ്യുന്നത്

പൃഥ്വിരാജ് ഫേസ്ബുക്കില്‍

ലക്ഷദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്‌കരണങ്ങളില്‍ അവിടുത്തെ ജനങ്ങള്‍ സംതൃപ്തരല്ലെന്നാണ് അവിടെയുള്ള സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്ന് മനസിലായതെന്ന് പൃഥ്വിരാജ് പറഞ്ഞു.

''നിയമങ്ങളും പരിഷ്‌കരണങ്ങളും ഒരു പ്രദേശത്തിന് വേണ്ടി മാത്രമല്ല അവിടുത്തെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. രാഷ്ട്രീയമോ ഭൂമിശാസ്ത്രമോ ആയ അതിര്‍ത്തികളല്ല ഒരു രാജ്യത്തെയോ, സംസ്ഥാനത്തെയോ, കേന്ദ്ര ഭരണ പ്രദേശത്തയോ ഉണ്ടാക്കുന്നത്. അത് അവിടെ ജീവിക്കുന്ന ജനങ്ങളാണ്.

സമാധാനപരമായി നൂറ്റാണ്ടുകളായി പിന്തുടരുന്ന ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങിനെ പുരോഗമനത്തിന്റെ സ്വീകാര്യമായ മാര്‍ഗമായി മാറും. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in