ജഗമെ തന്തിരത്തിന് വേണ്ടി വിഖ്യാത ഹോളിവുഡ് താരം അല്‍പാച്ചിനോയെ സമീപിച്ചിരുന്നുവെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനായി വിദേശത്ത് കുറച്ചുനാള്‍ ചെലവഴിക്കുകയും ചെയ്തിരുന്നു. അല്‍പാച്ചിനോ ഇല്ലെങ്കില്‍ റോബര്‍ട്ട് ഡി നീറോയെ അഭിനയിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നതായും കാര്‍ത്തിക് സുബ്ബരാജ്. ഇതിന് വേണ്ടി ലോസ് ഏഞ്ചല്‍സില്‍ ഒരു മാസം താമസിക്കുകയും തിരക്കഥ മാനേജര്‍മാര്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവരെ കിട്ടുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ബഡ്ജറ്റിന്റെ പ്രശ്‌നങ്ങളും നേരിട്ടിരുന്നെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക സുബ്ബരാജ് പറഞ്ഞു.
കാർത്തിക് സുബ്ബരാജ് പറഞ്ഞത്
2015 ലാണ് ജഗമേ തന്തിരത്തിന്റെ കഥ ധനുഷിനോട് പറയുന്നത്. ധനുഷ് ഒരു സൈഡിലും മറു ഭാഗത്ത് റോബർട്ട് ഡി നിറോയോ അൽ പാച്ചിനോയോ വേണമെന്നായിരുന്നു. എന്തെങ്കിലും പ്രത്യേകത വേണമെന്ന് ഉണ്ടായിരുന്നു. അങ്ങനെയാണ് സിനിമ തുടങ്ങിയത്. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇങ്ങനെയെല്ലാം സംഭവിച്ചു. സിനിമയുടെ ഇപ്പോഴത്തെ ഘടനയിൽ ഞാൻ പൂർണ്ണ സന്തോഷവാനാണ്. അൽപാച്ചിനോയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ മാനേജർമാരുമായി സംസാരിക്കുവാൻ സാധിച്ചു. ഞങ്ങൾ തിരക്കഥ അയച്ചു കൊടുത്തു. ഒരു മാസം ഞാൻ ലോസ് ഏഞ്ചൽസിൽ താമസിച്ചു. അവിടത്തെ കാസ്റ്റിംഗ് പ്രോസസ്സ് എനിക്ക് മനസ്സിലായി. ആദ്യം കാസ്റ്റിംഗ് ഡയറക്ടർ സിനിമയുടെ മുഴുവൻ തിരക്കഥയും വായിക്കും. അവർക്ക് ബോധ്യമായതിന് ശേഷമേ ആക്ടറിന്റെ അരികിലേക്ക് തിരക്കഥ എത്തുകയുള്ളൂ. എല്ലാം നടപടിക്രമങ്ങളും പൂർത്തിയായതിന് ശേഷം ഒരു കാര്യം ഉറപ്പായി. അൽ പാച്ചിനോയോ റോബർട്ട് ഡി നിറോയോ വരാൻ പോകുന്നില്ലെന്ന്. പിന്നെ ബഡ്ജറ്റും ഒരു പ്രശ്നമായിരുന്നു. എന്തായാലും മറ്റൊരു തിരക്കഥയുമായി ഞാൻ വീണ്ടും അവരെ സമീപിക്കും.
സിനിമ നെറ്റ്ഫ്ലിക്സിൽ ജൂൺ പതിനെട്ടിന് റിലീസ് ചെയ്യും. ധനുഷിനൊപ്പം ജോജു ജോര്‍ജ്ജും ഐശ്വര്യലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ധനുഷിന്റെ ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രവുമാണ്. ലണ്ടനിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.