'നടന്മാരുടെ കൂടെയുള്ളവരുടെ ചെലവ് നിര്‍മാതാക്കള്‍ വഹിക്കണമെന്ന് പറയുന്നത് ശരിയല്ല' : വേണു കുന്നപ്പിള്ളി

'നടന്മാരുടെ കൂടെയുള്ളവരുടെ ചെലവ് നിര്‍മാതാക്കള്‍ വഹിക്കണമെന്ന് പറയുന്നത് ശരിയല്ല' : വേണു കുന്നപ്പിള്ളി
Published on

നടന്മാരുടെ കൂടെയുള്ളവരുടെ ചെലവുകൾ നിര്‍മാതാക്കള്‍ വഹിക്കണമെന്ന സിസ്റ്റം മാറണമെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ചില താരങ്ങളുടെ കൂടെ മൂന്നും നാലും പേരുണ്ടാകും. സിനിമ കഴിയുന്നതുവരെ അവരുടെ എല്ലാ ചെലവുകളും നിര്‍മാതാക്കളുടെ ബാധ്യതയായി മാറുന്നുവെന്നും ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വേണു കുന്നപ്പിള്ളി പറഞ്ഞു.

ഞാന്‍ പലതരം ബിസിനസ്സ് ചെയ്യുന്ന ആളാണ്, എഞ്ചിനീയര്‍സ് ഡോക്ടര്‍സ് അടക്കം വലിയ ആളുകള്‍ എനിക്കായി ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ നമ്മള്‍ അവരുടെ ഡ്രൈവര്‍ക്ക് ശമ്പളം കൊടുക്കുകയോ അവരുടെ വണ്ടിക്ക് പെട്രോള്‍ അടിച്ചു കൊടുക്കുകയോ വേണ്ട. എന്നാല്‍ സിനിമയില്‍ മാത്രമാണ് ഇതൊക്കെ നിലനില്‍ക്കുന്നതെന്നും അഭിമുഖത്തില്‍ വേണു കുന്നപ്പിള്ളി പറയുന്നു. ചെറുതായാലും വലുതായാലും ഒരു നിര്‍മാതാവ് ഒരു നടനെ നിശ്ചയിക്കുമ്പോള്‍ അവരുടെ ശമ്പളം മാര്‍ക്കറ്റ് അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. ഇതിന്റെ കൂടെ മറ്റു ചെലവുകളും നിര്‍മാതാക്കള്‍ വഹിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.

ഈ കാര്യം നിരവധി പേരുമായും ചര്‍ച്ചചെയ്യുകയും അസോസിയേഷനുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ പറയുന്നത് ഇതൊക്കെ ചെയ്യാന്‍ തയ്യാറായി ഇവിടെ നിര്‍മാതാക്കളുണ്ടെന്നാണ്. ഒരു നല്ല കഥ, നല്ല സംവിധായകന്‍ ഒക്കെ ആണെങ്കില്‍ ഞാനും ഇത് തുടരാന്‍ ബാധ്യസ്ഥനാണ്. കാരണം അതില്‍ നിന്ന് പൈസ ഉണ്ടാകാന്‍ പറ്റുമെന്ന് ഉറപ്പായിരിക്കും. നമുക്കവിടെ വേറെ ഓപ്ഷന്‍ ഒന്നും ഉണ്ടായിരിക്കില്ല.

വേണു കുന്നപ്പിള്ളി

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ '2018 എവരിവണ്‍ ഈസ് എ ഹീറോ' പത്തു ദിവസത്തിലാണ് 100 കോടി നേടിയത്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന ചിത്രം കൂടിയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. 2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in