ഇരകള്‍ എന്ന കെ.ജി ജോര്‍ജ്ജ് ചിത്രത്തിന്റെ മോശമായ അനുകരണമാണ് ജോജി എന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരനും സംവിധായകന്‍ ദിലീഷ് പോത്തനും. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഉന്നയിച്ച വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ദിലീഷിന്റെയും ശ്യാമിന്റെയും പ്രതികരണം.
കെ.ജി ജോര്‍ജ്ജിനും ഇരകള്‍ക്കും ക്രെഡിറ്റ് നല്‍കാതെ ജോജി അവതരിപ്പിച്ചതില്‍ ധാര്‍മ്മികമായി പൊറുക്കാനാവാത്ത തെറ്റുണ്ടെന്ന് എം.ജി രാധാകൃഷ്ണന്‍ ഉള്‍പ്പെടെ വിമര്‍ശനമുയര്‍ത്തിയിരുന്നു.
എല്ലാ നിരൂപണങ്ങളും ചുടുപാത്രമെന്ന പോലെയാണ് കാണുന്നതെന്ന് ശ്യാം പുഷ്‌കരന്‍. സത്യസന്ധമായും ഇരകള്‍ ജോജി എന്ന സിനിമയുടെ ആലോചനാ വേളയിലോ പിന്നീടോ സ്വാധീനിച്ചിട്ടില്ലെന്നാണ് ദിലീഷിന്റെ പ്രതികരണം.
സത്യസന്ധമായും ഇരകള്‍ ജോജിക്ക് കാരണമായിരുന്നില്ല. ഇരകള്‍ നിരവധി തവണ കണ്ടിട്ടുണ്ട്. കെ.ജി ജോര്‍ജ്ജ് സര്‍ അത്ര നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. എരുമേലിയിലെ എസ്‌റ്റേറ്റിന്റെ നടുവില്‍ ഒറ്റപ്പെട്ട വീട് എന്ന് ചിന്തിച്ചപ്പോള്‍ അറിയാതെ ഓര്‍മ്മകളിലും ചിന്തകളിലും അങ്ങനെ കയറിവന്നിട്ടുണ്ടാകാം. അറിയില്ല, പക്ഷേ ഞങ്ങള്‍ ഒരു ഘട്ടത്തിലും ഇരകള്‍ മാതൃകയാക്കിയിട്ടില്ല. അങ്ങനെ തോന്നിയിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നാക്കിയേനേ, ഇരകള്‍ ഞങ്ങള്‍ തീരെ ഡിസ്‌കസ് ചെയ്യാത്ത പോയിന്റായിരുന്നു.
ഈ സിനിമയില്‍ ഇരകള്‍ക്ക് ട്രിബ്യൂട്ടോ, അക്‌നൗളഡ്ജ്‌മെന്റോ അനാവശ്യമായി കൊടുത്താല്‍ ഞങ്ങള്‍ അറിയുന്ന കെ.ജി ജോര്‍ജ് സര്‍ തെറി പറഞ്ഞേക്കാം.
ജോജിയുണ്ടാവാന്‍ സത്യസന്ധമായ പ്രചോദനം മാക്ബത്ത് ആയിരുന്നു. പക്ഷേ അഡാപ്‌റ്റേഷനല്ല ജോജി. മാക്ബത്തിനെ വഴിയില്‍ ഉപേക്ഷിച്ചാണ് ജോജി ചെയ്തത്. കലാപരമായി രണ്ടാംകിടയും അതിലേറെ ധാര്‍മ്മികമായി പൊറുക്കാനാവാത്ത തെറ്റുമാണ് ഈ ചിത്രമെന്ന് ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ എം.ജി രാധാകൃഷ്ണന്റെ നിരൂപണത്തിലുണ്ടായിരുന്നു. ഷേക്‌സ്പിയറില്‍ നിന്നുള്ള പ്രചോദനം അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന ശ്യാമും ദിലീഷും ഫഹദും വാര്‍ദ്ധക്യത്തിലും അനാരോഗ്യത്തിലും ഏകാന്തതയിലും ജീവിതം തള്ളിനീക്കുന്ന ജോര്‍ജിനോട് എന്തുകൊണ്ട് അതു ചെയ്യുന്നില്ലെന്നും എം.ജി രാധാകൃഷ്ണന്‍. ഇതിനുള്ള മറുപടിയാണ് ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ ഇരുവരും നല്‍കിയിരിക്കുന്നത്.
എം.ജി രാധാകൃഷ്ണന്റെ നിരൂപണത്തില്‍ നിന്ന്
ശ്യാമിന്റെയും ദിലീഷിന്റെയും ഇതിനകം തെളിയിക്കപ്പെട്ട പ്രതിഭ വെച്ച് നോക്കുമ്പോള്‍ കലാപരമായി രണ്ടാംകിടയും അതിലേറെ ധാര്‍മ്മികമായി പൊറുക്കാനാവാത്ത തെറ്റുമാണ് ഈ ചിത്രം. ഷേക്‌സ്പിയറുടെ മാക്‌ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണിതിന്റെ കഥ എന്ന് ആദ്യം തന്നെ ചിത്രം എഴുതിക്കാണിക്കുന്നുണ്ട് . പക്ഷെ ചിത്രം കാണുമ്പോള്‍ അവസരത്തിലും അനവസരത്തിലും ഒരു ഷേക്‌സ്പിയര്‍ വാചകം തട്ടിവിടുന്ന പോലെ തൊലിപ്പുറത്ത് മാത്രമാണ് മാക്‌ബെത്ത് സ്പര്‍ശം എന്ന് മനസ്സിലാകും. അല്ലെങ്കില്‍ ആഗോളശ്രദ്ധ പിടിക്കാനൊരു തന്ത്രം. ഇ0ഗ്ലീഷില്‍ ഇതിനകം ജോജിയെ വാനോളം പുകഴ്ത്തികൊണ്ട് വന്ന ലേഖനങ്ങളിലൊക്കെ മാക്‌ബെത്തിന്റെ പുനരാവിഷ്‌കാരമെന്നാണല്ലോ ചിത്രത്തെ പരിചയപ്പെടുത്തുന്നതുതന്നെ.
പക്ഷെ മനസ്സിലാകാത്തത് അതല്ല. 'ജോജി' നടത്തുന്ന വളരെ നഗ്‌നമായ ഒരു കര്‍മ്മം ശ്യാമും ദിലീഷും ഫഹദും എന്തുകൊണ്ട് സമ്മതിക്കുന്നില്ല എന്നതാണ്. മൂന്നര ദശാബ്ദം മുമ്പ് വന്ന കെ ജി ജോര്‍ജ്ജിന്റെ ഉജ്വലമായ 'ഇരകളുടെ' -വളരെ മോശമായ- അനുകരണശ്രമമാണ് ഈ സിനിമ എന്നത് പകല്‍ പോലെ വ്യക്തം. മറക്കാന്‍ മാത്രം അത്ര പഴയതൊന്നുമല്ലാത്ത മലയാളത്തിലെ ക്ലാസ്സിക് ആണ് ഇരകള്‍ (1985). ആ ചിത്രവുമായുള്ള 'ജോജി'യുടെ സാമ്യം മലയാളസിനിമ പരിചയമുള്ള എല്ലാവരും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ആരും അതിനു ജോജിയുടെ സൃഷ്ടാക്കളില്‍ നിന്ന് മതിയായ വിശദീകരണം തേടുന്നില്ല? മാത്രമല്ല ഈ സാമ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെ ജോജിയെ അടിമുടി പുകഴ്ത്താന്‍ പലരും വെമ്പുന്നത് വിചിത്രം. ഷേക്‌സ്പിയറില്‍ നിന്നുള്ള പ്രചോദനം അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന ശ്യാമും ദിലീഷും ഫഹദും വാര്‍ദ്ധക്യത്തിലും അനാരോഗ്യത്തിലും ഏകാന്തതയിലും ജീവിതം തള്ളിനീക്കുന്ന ജോര്‍ജിനോട് എന്തുകൊണ്ട് അതു ചെയ്യുന്നില്ല?