വിജയ് ബാബു വിഷയത്തില്‍ അമ്മ ഇന്റേര്‍ണല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നല്‍കി; തീരുമാനം നാളെയെന്ന് രചന നാരായണന്‍ കുട്ടി

വിജയ് ബാബു വിഷയത്തില്‍ അമ്മ ഇന്റേര്‍ണല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നല്‍കി; തീരുമാനം നാളെയെന്ന് രചന നാരായണന്‍ കുട്ടി
Published on

വിജയ് ബാബുവിന് എതിരായ ബലാത്സംഗ പരാതിയില്‍ അമ്മ ഇന്റേര്‍ണല്‍ കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ച നടത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് നടി രചന നാരായണന്‍കുട്ടി. അമ്മ എക്‌സിക്യൂട്ടീവ് അംഗവും ഇന്റേര്‍ണല്‍ കമ്മിറ്റി അംഗവുമായ രചന നാരായണന്‍കുട്ടി വിഷയത്തില്‍ ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു. വിജയ് ബാബുവിനെതിരെ പരാതി വന്നതിനെ തുര്‍ന്ന് മെയ് 27ന് ഇന്റേര്‍ണല്‍ കമ്മിറ്റി അംഗങ്ങള്‍ അടിയന്തര മീറ്റിംഗ് നടത്തിയാണ് നിര്‍ദ്ദേശങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയതെന്ന് രചന പറഞ്ഞു.

രചന നാരായണന്‍ കുട്ടി പറഞ്ഞത്:

അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാല്‍സംഗ പരാതി വന്നതിനെ തുടര്‍ന്ന് മെയ് 27ന് അമ്മ സംഘടനയിലെ ഐ.സി.സി അംഗങ്ങള്‍ അടിയന്തിര മീറ്റംഗ് നടത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തെ ആസ്പദമാക്കിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ഐസിസി അംഗങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഐസിസി ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ കോണ്‍ഫിഡന്‍ഷ്യല്‍ ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല. ഈ വിഷയത്തില്‍ ഇനി നടപടി സ്വീകരിക്കേണ്ടത് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. അത് നാളെ നടക്കുന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗിലാണ് തീരുമാനിക്കുക.

നടി ശ്വേതാ മേനോനാണ് ഇന്റേര്‍ണല്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍. മാലാ പാര്‍വ്വതി, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, ഇടവേളബാബു അഡ്വ. അനഖ എന്നിവരാണ് അമ്മയുടെ ഐ.സി.സി അംഗങ്ങള്‍.

നിലവില്‍ അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് വിജയ് ബാബു. വിജയ് ബാബുവിനെതിരെ യുവനടി നല്‍കിയ ബലാല്‍സംഗ പരാതിയില്‍ താരസംഘടന ഉള്‍പ്പെടെ നടപടിയെടുക്കാത്തതിനും പ്രതികരിക്കാത്തതിനും എതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ അമ്മ എക്‌സിക്യൂട്ടൂവ് മീറ്റിംഗ് ചേരുന്നത്.

ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ ഗോവയിലാണ്. അതിനാല്‍ മോഹന്‍ലാല്‍ നാളത്തെ മീറ്റിംഗില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും നിലവില്‍ ലഭ്യമായ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി ചേരാനാണ് തീരുമാനമായിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in