'ജെല്ലിക്കെട്ട് കണ്ടിട്ടാണ് കൈതിയുടെ നിർമാതാക്കൾ എന്നെ ആ നയൻതാര ചിത്രത്തിലേക്ക് വിളിച്ചത്'; ജാഫർ ഇടുക്കി

'ജെല്ലിക്കെട്ട് കണ്ടിട്ടാണ് കൈതിയുടെ നിർമാതാക്കൾ എന്നെ ആ നയൻതാര ചിത്രത്തിലേക്ക് വിളിച്ചത്'; ജാഫർ ഇടുക്കി
Published on

ജെല്ലിക്കെട്ട് എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കണ്ടിട്ടാണ് നയൻതാര ചിത്രം O2 ലേക്ക് തന്നെ വിളിച്ചത് എന്ന് നടൻ ജാഫർ ഇടുക്കി. ജി എസ് വിക്‌നേഷിന്റെ സംവിധാനത്തിൽ നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഓക്സിജൻ അഥവ O2. ചിത്രത്തിൽ ജാഫർ ഇടുക്കിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴ് സിനിമ പ്രവർത്തകരെല്ലാം മലയാള സിനിമ കാണുന്നുണ്ട് എന്നും അത്തരത്തിൽ അവർ ജെല്ലിക്കെട്ട് കണ്ടതിന്റെ ഫലമായാണ് തനിക്ക് ഓക്സിജനിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് എന്നും ജാഫർ ഇടുക്കി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജാഫർ ഇടുക്കി പറഞ്ഞത്:

എല്ലാ മലയാള സിനിമയും തമിഴിൽ ഉള്ളവർ കാണും. അങ്ങനെ എന്റെ ജെല്ലിക്കെട്ടിലെ അഭിനയം കണ്ടിട്ടാണ് അവർ നയൻതാരുടെ സിനിമയിലേക്ക് എന്നെ വിളിച്ചത്. അവർ വിളിക്കുമ്പോഴേ എന്നോട് പറഞ്ഞു. ജെല്ലിക്കെട്ട് സിനിമ കണ്ടിട്ടാണ് എന്നെ വിളിക്കുന്നത് എന്ന്. ഡ്രീം വാരിയർ പിക്ച്ചേഴ്സായിരുന്നു അതിന്റെ പ്രൊഡക്ഷൻ. കൈതി സിനിമയൊക്കെ ചെയ്ത ആളുകളാണ് അവർ. അവർ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടായിരുന്നു. മലയാള സിനിമ എല്ലാം അവർ കാണുന്നുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2019 ൽ റിലീസിനെത്തിയ ചിത്രമായിരുന്നു ജല്ലിക്കട്ട്. ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്ന് പോത്ത് കയറു പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കട്ട് പറയുന്ന കഥ. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരീഷ് ഗംഗാധരനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.

കൊറോണ കാലത്ത് ഹോട്ട്‌സ്റ്റാറിലൂടെ പ്രദർശനത്തിനെത്തിയ സർവൈവ്വൽ ചിത്രമായിരുന്നു നയൻതാരയുടെ ഒക്‌സിജന്‍ (O2). ജി എസ് വിഘ്‍നേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നയൻതാരയ്‍ക്കൊപ്പം റിത്വിക്കും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഡ്രീം വാരിയർ പിക്ചേഴ്‍സിൻറെ ബാനറിൽ എസ് ആർ പ്രകാശ് പ്രഭുവും എസ് ആർ പ്രഭുവും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്, ഛായാഗ്രഹണം നിർവഹിച്ചത് തമിഴ് എ അഴകൻ ആണ്. എഡിറ്റിംഗ് സെൽവ ആർ കെ.

Related Stories

No stories found.
logo
The Cue
www.thecue.in