ഇന്റർനാഷ്ണൽ സിനിമകളുടെ ഒരു ലൈബ്രറിയായി മാറിയിരിക്കുകയാണ് നടൻ മമ്മൂട്ടി എന്ന് നടി സുഹാസിനി. അടുത്തിടെ പുറത്തിറങ്ങിയ പല സിനിമകളും കാണുമ്പോൾ അദ്ദേഹം എത്രമാത്രം ആസ്വദിച്ചാണ് സിനിമകൾ ചെയ്യുന്നതെന്ന് തോന്നിപ്പോകുമെന്നും അമിതാഭ് ബച്ചനെപ്പോലെ അദ്ദേഹം സിനിമകളെ ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും സുഹാസിനി പറയുന്നു. താൻ ഒരു വലിയ മമ്മൂട്ടി ആരാധികയാണ് എന്നു പറഞ്ഞ സുഹാസിനി തന്റെ ഭർത്താവും സംവിധായകനുമായ മണിര്തനം ഒരു വലിയ മോഹൻലാൽ ആരാധകനാണെന്നും തങ്ങൾ ഇരുവരും മലയാള സിനിമയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുഹാസിനി പറഞ്ഞു.
സുഹാസിനി പറഞ്ഞത്:
ഇന്റർനാഷ്ണൽ സിനിമകളുടെ ഒരു ലൈബ്രറിയായി മാറിയിരിക്കുകയാണ് മമ്മൂക്ക. ഭ്രമയുഗം, കാതൽ പിന്നെ കണ്ണൂർ സ്ക്വാഡ് ഒക്കെ കാണുമ്പോൾ അമിതാഭ് ബച്ചൻ ഒക്കെ ചെയ്യുന്ന പോലെ അദ്ദേഹം അത് ആസ്വദിച്ച് ചെയ്യുകയാണെന്ന് നമുക്ക് തോന്നും. എന്റെ വീട്ടിൽ ഞാനൊരു വലിയ മമ്മൂട്ടി ആരാധികയും മണി വലിയൊരു മോഹൻലാൽ ആരാധകനുമാണ്. ഞങ്ങൾ രണ്ട് പേരും മലയാള സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. മമ്മൂട്ടിയോടും മോഹൻലാലിനോടും ഞങ്ങൾക്ക് വളരെയധികം ബഹുമാനമുണ്ട്.
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിൽ മമ്മൂട്ടിയും താനും ഒന്നിച്ച് അഭിനയിച്ചതിനെക്കുറിച്ചും സുഹാസിനി പറഞ്ഞു. മണിവത്തൂരിലെ ആയിരം ശിവരാത്രികളിൽ മരിച്ചു കിടക്കുന്ന തന്നെ കണ്ട് കരയുന്ന മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ഇപ്പോഴും താൻ പല ആർട്ടിസ്റ്റുകളോടും പറയാറുണ്ടെന്നും ആ സീനിലെ മമ്മൂട്ടിയുടെ അഭിനയം കണ്ടിട്ട് കണ്ണടച്ച് കിടന്ന തനിക്ക് പോലും കരച്ചിൽ വന്നിരുന്നെന്നും സുഹാസിനി പറഞ്ഞു.
മണിവത്തൂരിലെ ആയിരം ശിവരാത്രികളെക്കുറിച്ച് സുഹാസിനി:
ആ സിനിമയിലെ ഒരു സീനിനെക്കുറിച്ച് എല്ലാ ആർട്ടിസ്റ്റുകളോടും ഞാൻ ഇപ്പോഴും പറയാറുണ്ട്. ഞാൻ മരിച്ച ശേഷം എന്നെ കാണാനായി മമ്മൂട്ടിയെ വീൽചെയറിൽ വിളിച്ചുകൊണ്ടു വരുമ്പോൾ അദ്ദേഹം എന്നെ കിടത്തിയിരിക്കുന്ന പെട്ടിയിൽ പിടിച്ചു നിന്നു കൊണ്ട് കരയും. പെട്ടെന്ന് ഡയറക്ടർ കട്ട് വിളിച്ചു. കാരണം ഞാൻ അപ്പോൾ കരയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ പെർഫോമൻസ് കണ്ട് കണ്ണടച്ച് കിടക്കുമ്പോഴും എനിക്ക് അത് അനുഭവിക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ഞാൻ കരഞ്ഞു പോയി. ഡയറക്ടർ പറഞ്ഞു ദാ ഈ ഡെഡ് ബോഡി കരയുന്നുവെന്ന്. മമ്മൂട്ടി വളരെ അസ്വസ്ഥനായി. ഞാൻ നന്നായി അഭിനയിച്ചത് ഈ ശവ ശരീരം നശിപ്പിച്ചുവെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ആ അഭിനപാടവത്തെക്കുറിച്ച് ഞാൻ ഇപ്പോഴും പല ആർട്ടിസ്റ്റുകളോടും പറയാറുണ്ട്.