ഹോളിവുഡ് സംവിധായികയും എഴുത്തുകാരിയും നിര്‍മ്മാതാവുമായ എലിസബത്ത് ബ്ലേക്ക് സംസാരിച്ചത്
നാല് വര്‍ഷമായി ഷോര്‍ട്ട് ഫീച്ചറുകള്‍ നിര്‍മ്മിക്കുന്നു, സംവിധാനം ചെയ്യുന്നു. ഹോളിവുഡ് പ്രവേശനത്തെക്കുറിച്ച് പറയാമോ?
എനിക്ക് ശരിക്കും അത്ഭുതമാണ്. ഞാന്‍ ഫിലിം സ്‌കൂളിലൊന്നും പഠിച്ചിട്ടില്ല.ആദ്യകാലത്ത് കയ്യില്‍ വേണ്ടത്ര പണമുണ്ടായിരുന്നില്ല. സിനിമയില്‍ അധികം പരിചയങ്ങളുമുണ്ടായിരുന്നില്ല. അന്നുമിന്നും ഞാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. ഭയമില്ലാതെ സിനിമകള്‍ ചെയ്യുക. നിങ്ങള്‍ക്ക് എന്ത് ചെയ്യണമെന്നുണ്ടെങ്കിലും ഒരു മടിയും കൂടാതെ നിര്‍വഹിക്കുക. സിനിമയെടുക്കണമെന്നുള്ള എന്റെ ദൃഢനിശ്ചയം കാരണമാകണം, എല്ലാം ഞാന്‍ പ്രതീക്ഷിച്ചപോലെ ഒത്തുവന്നു. ആദ്യം ഞാന്‍ എങ്ങനെയൊക്കെയോ ഒന്നരമില്യണ്‍ ഡോളര്‍ സ്വരൂപിച്ചു. ആറ് ഷോര്‍ട്ട് ഫീച്ചറുകള്‍ നിര്‍മ്മിച്ചു. ഓരോന്നും ഓരോ ബജറ്റുകളിലുള്ളവയായിരുന്നു. മുപ്പത്തിയയ്യായിരം ഡോളര്‍ ചിലവിട്ട സിനിമയ്ക്കും ഇരുപത്തിയാറായിരം ഡോളര്‍ ചിലവിട്ട സിനിമയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഞാന്‍ പറഞ്ഞുവരുന്നത് നല്ല സിനിമകളുണ്ടാക്കാന്‍ പണം തടസ്സമാണെന്ന് തോന്നുന്നില്ല എന്നതാണ്. നടത്തിയെടുക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യമാണ് മുഖ്യം. അത്തരം ഷോര്‍ട്ട് ഫീച്ചറുകള്‍ക്ക് ശേഷം ഞാന്‍ ഷൂട്ട് ചെയ്ത ചിത്രമാണ് 'അണ്‍സീന്‍' (Unseen). അത് കഴിഞ്ഞ വര്‍ഷത്തെ അക്കാദമി പുരസ്‌കാര പട്ടികയില്‍ അറുപതാം സ്ഥാനം നേടിയിരുന്നു.
ഹോളിവുഡിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാമോ?
എന്റെ കഥ അസാധാരണമാണ്. ഞാനൊരു സ്വതന്ത്ര നിര്‍മ്മാതാവാണ്. ആദ്യം പറഞ്ഞതുപോലെ സിനിമ ചെയ്യണമന്നുള്ള അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി ഇന്‍ഡസ്ട്രിയിലുള്ള ആളുകളെ പരിചയപ്പെടാന്‍ ശ്രമിച്ചു. എന്റെ മകള്‍ ഒരു ഹോളിവുഡ് നടിയാണ്. അവളുടെ ഓരോ പ്രൊജക്ടിനുമിടയില്‍ ഞാന്‍ നിരവധി പേരെ പരിചയപ്പെട്ടു. ആദ്യം പത്ത് പേരടങ്ങുന്ന ടീം ആയിരുന്നു. പിന്നെ പതിനഞ്ചായി, ഇരുപതായി. ഇപ്പോഴും എന്റെ ഒപ്പം ഉള്ളത് അതേ ടീമംഗങ്ങളാണ്. പലപ്പോഴും ഷോര്‍ട്ട് ഫീച്ചറുകള്‍ ഷൂട്ട് ചെയ്തത് തന്നെ ഐഫോണ്‍ ഉപയോഗിച്ചൊക്കെയാണ്. പണം കണ്ടെത്തുന്നതിനായും ഞാനെന്റെ പരിചയത്തിലുള്ളവരെയൊക്കെ സമീപിച്ചു. ചെറുപ്പത്തിലെ സുഹൃത്തുക്കളടക്കം സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ മദര്‍ - ഡോട്ടര്‍ എന്റര്‍ടെയിന്‍മെന്റ് (Mother - Daughter Entertainment) എന്ന പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നത്. എന്റെയും മകളുടേയും പേരിലാണ് ആദ്യം തുടങ്ങിയത്. പിന്നീട് മറ്റൊരു അമ്മയും മകളും മൂന്ന് സ്ത്രീകളും ഒപ്പം ചേര്‍ന്നു. ആളുകള്‍ക്ക് ഉപകാരപ്പെടുന്ന നല്ല ആശയങ്ങളെ സിനിമകളാക്കുകയെന്നതായിരുന്നു ലക്ഷ്യം. മനുഷ്യക്കടത്തും മാനസികാരോഗ്യവും സ്ത്രീകള്‍ നേരിടുന്ന ലൈംഗികാധിക്ഷേപങ്ങളും അടക്കം സിനിമകള്‍ക്ക് പ്രമേയമാക്കി. ഇനിയുമേറെ കഥകള്‍ പറയാനുണ്ട്. സ്വതന്ത്രയായതുകൊണ്ടുതന്നെ ഹോളിവുഡ് സംഘടനകളുടെ നിയമങ്ങളൊന്നും എന്നെ ബാധിക്കില്ല. ഈ കൊറോണകാലത്തും എന്റെ രീതിക്ക് തിരക്കഥകളെഴുതാം അവ സിനിമയാക്കാം. നമ്മുടെ സിനിമകള്‍ സ്വതന്ത്രമായി നിര്‍മ്മിക്കാന്‍ കഴിയുന്നത് വളരെ നല്ല കാര്യമാണ്. ഒരു തടസ്സവുമില്ലാതെ പുറത്തിറക്കാമല്ലോ.
സ്ത്രീയായതിനാല്‍ ഹോളിവുഡില്‍ നിന്ന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ ?
എനിക്ക് അത്തരം മോശപ്പെട്ട അനുഭവങ്ങളില്ല. അത്തരം അനുഭവങ്ങളുണ്ടാകാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ലെന്ന് വേണം പറയാന്‍. എന്റെ പരിചയത്തിലുള്ള സ്ത്രീകളില്‍ പലര്‍ക്കും ഇംപോസ്റ്റര്‍ സിന്‍ഡ്രം (Imposter Syndrome) ഉള്ളതായി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 'ഞാനത് ചെയ്താല്‍ ശരിയാവില്ല. എന്നെക്കൊണ്ട് അത് പറ്റില്ല' എന്നുള്ള തോന്നലുകളുള്ളവര്‍. നല്ല കഴിവുണ്ടായിട്ടും ഇത്തരത്തിലുള്ള ചിന്തകള്‍ കാരണം ഒന്നിനും ശ്രമിക്കാത്തവര്‍. ഒരു സ്ത്രീ ആയതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റാതെയിരുന്നിട്ടില്ല. തീര്‍ത്തും മോശമായ നിരവധി അനുഭവങ്ങള്‍ ഞാനെന്റെ മേഖലയിലെ സുഹൃത്തുക്കളില്‍ നിന്നും കേട്ടിട്ടുണ്ട്. ഒരു പക്ഷേ ഞാന്‍ സ്വതന്ത്രമായി സിനിമകള്‍ നിര്‍മ്മിക്കുന്നതുകൊണ്ടാവാം എനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്ന് അത്തരം അനുഭവങ്ങളില്ലാത്തത്. സിനിമകള്‍ നിര്‍മ്മിക്കണമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അത് ചെയ്തിരിക്കും. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പിന്‍ബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും.
ഈ നാല് വര്‍ഷത്തിനിടെ ഹോളിവുഡില്‍ നിര്‍മ്മാണരംഗത്ത് സ്ത്രീ പങ്കാളിത്തം എത്രത്തോളം വര്‍ധിച്ചിട്ടുണ്ട്?
നിര്‍മ്മാണം സംവിധാനം എന്നിവയില്‍ വനിതാപങ്കാളിത്തം വര്‍ധിച്ചതായാണ് എന്റെ നിരീക്ഷണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രത്യേകിച്ചും. പിന്നെ ഹോളിവുഡ് സംഘടനകളുടെ ഭാഗമല്ലാത്തതു കൊണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് അധികം അറിവില്ല. എന്റെ നിര്‍മ്മാണ കമ്പനി സ്ത്രീകളെയും പുരുഷന്മാരെയും തുല്യമായാണ് ഭാഗമാക്കിയിരിക്കുന്നത്. നേതൃസ്ഥാനങ്ങളില്‍ പൊതുവേ സ്ത്രീകളാണ്. ഞങ്ങള്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഭൂരിഭാഗവും സ്ത്രീപക്ഷസിനിമകളാണ്. സിനിമ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെന്നത് എന്റെ ആഗ്രഹവുമായിരുന്നു. ലോസ് ഏഞ്ചല്‍സിലെ 'വുമന്‍ ഇന്‍ മീഡിയ' 'വുമന്‍ ഇന്‍ ഫിലിം' എന്നീ സംഘടനകളിലും സംവിധായികമാരുടെ സംഘത്തിലും ഞാന്‍ അംഗമാണ്. ഞങ്ങള്‍ പരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാറുണ്ട്. പരസ്പരം സഹായിക്കാനും താഴെയുള്ളവരെ കൈ പിടിച്ചുയര്‍ത്താനും മനസ്സുള്ളവരുടെ കൂട്ടായ്മകളാണതൊക്കെ. വ്യത്യസ്ത ജെന്‍ഡര്‍ മാത്രമല്ല ഭിന്നശേഷിയുള്ളവരേയും ഉള്‍പ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ചെവി കേള്‍ക്കാത്തതും വീല്‍ചെയറിലുളളതുമൊക്കെയായ താരങ്ങള്‍ എന്റെ അടുത്ത ചിത്രത്തില്‍ ഭാഗമാകുന്നുണ്ട് . എല്ലാവരും ഉള്‍പ്പെടുന്ന സിനിമകള്‍ വരട്ടെ.
മകളും ഹോളിവുഡ് താരവുമായ ഇസബെല്ല ബ്ലേക്ക് തോമസിനെക്കുറിച്ച് പറയാമോ?
എന്റെ മകളെയോര്‍ത്ത് എനിക്കേറെ അഭിമാനമുണ്ട്. നല്ല കഴിവുള്ള അഭിനേത്രിയാണ് ഇസബെല്ല. നിരവധി സിനിമകളിലും ഷോകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല. എഴുത്തിലും സംഗീതത്തിലും കഴിവുണ്ടവള്‍ക്ക്. ഞാനെഴുതുമ്പോഴൊക്കെ ഒപ്പം ചേര്‍ന്ന് അവളുമെഴുതും. എന്റെ എല്ലാ പ്രൊജക്ടുകളിലും ക്രൂ അംഗമായോ മുഖ്യകഥാപാത്രമായോ അവള്‍ ഒപ്പമുണ്ടായിട്ടുണ്ട്. മകളെ ഉള്‍പ്പെടുത്താന്‍ ആദ്യം എനിക്ക് മടിയായിരുന്നു. എനിക്കത് ശരിയായി തോന്നിയില്ല. പിന്നീട് എന്റെ ഒരു സുഹൃത്ത് ചോദിച്ചു, 'ഇത്രയും നല്ല അഭിനേത്രി നിന്റെ കണ്‍മുന്നിലുള്ളപ്പോള്‍ വേറെ താരങ്ങളെ അന്വേഷിക്കണോയെന്ന്'. ഇസബെല്ല കഠിനാധ്വാനിയാണ്. ഡിസ്‌നി പ്ലസ് നിര്‍മ്മിക്കുന്ന 'സീക്രട്ട് സൊസൈറ്റി ഓഫ് ബോണ്‍ റോയല്‍സ്' എന്ന സിനിമയാണ് അവളുടെ അടുത്ത ചിത്രം. അതിന്റെ ചിത്രീകരണം കണ്ടപ്പോള്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. ചിത്രീകരണം ഒക്കെ എല്ലായിടത്തും ഒരു പോലെയാണ്. ഇസബെല്ലയുടെ മുറിയില്‍ ഗ്രീന്‍മാറ്റൊക്കെ ഉപയോഗിച്ച് ഞങ്ങള്‍ ട്രാവല്‍ഷോ ഷൂട്ട് ചെയ്തിരുന്നു. 'സീക്രട്ട് സൊസൈറ്റി'യുടെ ചിത്രീകരണവും അതുപോലെയൊക്കെത്തന്നെയായിരുന്നു. ചിത്രീകരണത്തിനെടുക്കുന്ന സമയം, ആളുകളുടെ എണ്ണം, ബജറ്റ് ഇത്ര മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്.
കൊറോണ കാരണം ഹോളിവുഡ് നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്?
നിലവില്‍ ഹോളിവുഡ് അടച്ചുപൂട്ടിയിരിക്കുകയാണെന്ന് പറയാം. ഇസബെല്ലയുടെ പല പ്രൊജക്ടുകളും മുടങ്ങിപ്പോയി. ഡിസ്‌നി പോലെയുള്ള സ്റ്റുഡിയോകള്‍ ഷൂട്ടുകള്‍ വീണ്ടും തുടങ്ങാനൊക്കെ പദ്ധതിയിടുന്നുണ്ട്. സിനിമാപ്രവര്‍ത്തകരുടെ യൂണിയനുകളൊക്കെ വലിയ പ്രതിസന്ധിയിലാണ്.വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ഈ ലോക്ഡൗണ്‍ കാലം എനിക്ക് ഉപകാരപ്രദമായിരുന്നു. പുസ്തകവും തിരക്കഥകളുമൊക്കെ എഴുതാനും പോഡ് കാസ്റ്റിനായുള്ള എഴുത്തുകള്‍ തയ്യാറാക്കാനുമൊക്കെ ഏറെ സമയം കിട്ടി. ഞാനൊരു സ്വതന്ത്രനിര്‍മ്മാതാവ് ആയതു കൊണ്ട് തന്നെ അടുത്ത പ്രൊജക്ടിനായുള്ള പണം കണ്ടെത്താനുള്ള സമയവും ലഭിച്ചു. കയ്യില്‍ ഒരു നല്ല കഥയുണ്ടാവുക എന്നതാണ് പ്രധാനം. അത് എങ്ങനെ ഷൂട്ട് ചെയ്താലും സാരമില്ല. നല്ല കഥകള്‍ വിജയിക്കും. വിതരണം ചെയ്യുന്നവര്‍ നല്ല കഥകള്‍ക്കായി കാത്തിരിക്കുകയാണ്. എല്ലാ സൗകര്യങ്ങളും ഒത്തുവന്ന ശേഷം മാത്രം തുടങ്ങാം എന്ന മനോഭാവത്തേക്കാള്‍ നല്ലത് ഇപ്പോള്‍ കൈവശമുള്ളവ വച്ച് മികച്ച രീതിയില്‍ കഥ പറയാനുള്ള ധൈര്യമാണ്. എന്റെ കഴിഞ്ഞ നാല് വര്‍ഷം ഞാനെന്റെ സ്വന്തം ഫിലിം സ്‌കൂളിലായിരുന്നു എന്നുപറയാം. അനുഭവങ്ങളില്‍ നിന്നും പഠിക്കുന്ന കാര്യങ്ങള്‍ ഏറെ മൂല്യമുള്ളവയാണ്. ഒഴിവു കഴിവുകള്‍ പറഞ്ഞെനിക്ക് ശീലമില്ല. എന്റെ സെറ്റില്‍ കോഫിയുണ്ടാക്കാനും വിതരണം ചെയ്യാനും കോസ്റ്റ്യൂമൊരുക്കാനുമൊക്കെ ഞാനും പങ്കുചേരാറുണ്ട്. എല്ലാം നന്നായി നടക്കണമെന്ന ഏക ലക്ഷ്യം മാത്രമേയുള്ളൂ.
കൊവിഡ് കാരണം പല ചിത്രങ്ങളും ഒ. ടി ടി. റീലിസിനൊരുങ്ങുകയാണല്ലോ. എത്രത്തോളം ലാഭകരമാണ് ഇത്തരം റിലീസുകള്‍?
ചിത്രങ്ങള്‍ക്ക് സാധാരണ റിലീസിനായി വിതരണക്കാര്‍ക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന പണത്തിന്റെയത്രയൊന്നും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍ തരില്ല. പേരുകേട്ട താരങ്ങളില്ലാത്ത ചിത്രങ്ങള്‍ക്ക് പബ്ലിസിറ്റി കൊടുക്കാന്‍ വിതരണക്കാര്‍ക്ക് ബുദ്ധിമുട്ടുമാണ്.ലാഭം നോക്കിയായിരുന്നെങ്കില്‍ ഞാന്‍ ഈ മേഖലയില്‍ വരുമായിരുന്നില്ല. സിനിമ അത്തരത്തിലുള്ള ഒരു മേഖലയായി ഞാന്‍ കാണുന്നില്ല. പറയാനുള്ള ആശയം പറയുക എന്നതായിരുന്നു എനിക്ക് പ്രധാനം. നിലവില്‍ നമുക്ക് നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉളളത് നല്ല കാര്യമാണ്. കോവിഡ് കാരണം സിനിമയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയുമൊക്കെ എണ്ണം കുറയാന്‍ സാധ്യതയേറെയാണ്. എന്റെ ഒരു സുഹൃത്ത് ഇരുപത് മില്യണ്‍ ഡോളര്‍ ചിലവിട്ടൊരുക്കുന്ന ചിത്രത്തില്‍ ആള്‍ക്കൂട്ടത്തെ കാണിക്കേണ്ട സീനുകളില്‍ വെറും പതിനഞ്ച് ആര്‍ട്ടിസ്റ്റുകളെ വ്യത്യസ്ത വസ്ത്രധാരണത്തിലും മേക്കപ്പിലും നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പല തവണ ഇവരെ മാറ്റിനിര്‍ത്തി ഷൂട്ട് ചെയ്ത ശേഷം വിഷ്വല്‍ ഇഫക്ട്‌സിന്റെ സഹായത്തോടെ പൂര്‍ത്തീകരിക്കുകയായിരുന്നു. മകളുടെ കാര്യമാണെങ്കിലും കഷ്ടമാണ്. എമ്മി അവാര്‍ഡ് നേടിയ ഒരു ഷോയിലേക്ക് അവളെ തിരഞ്ഞെടുത്തിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തി ഇരുപത്തിനാല് മണിക്കൂറിനകം ഫലം വരാത്തതിനാല്‍ അതിന് പോകാന്‍ സാധിച്ചില്ല. പഴയ കാലത്തായിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവില്ലല്ലോ. അടുത്ത ചിത്രം കോവിഡ് കാലത്തെ കാണിക്കുന്ന ഒരു റൊമാന്റിക് കോമഡിയാണ്. അഞ്ച് കഥാപാത്രങ്ങളാണുള്ളത്. മുപ്പത്തിയഞ്ച് പേരുണ്ടായിരുന്ന ക്രൂ ചുരുക്കി പത്തുപേരുടേതാക്കി. ഷൂട്ട് തുടങ്ങാനിരിക്കുകയാണ്. എന്താവുമെന്നറിയില്ല.
കാന്‍, സണ്‍ഡാന്‍സ് തുടങ്ങിയ വിഖ്യാത അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ജൂറിയായ അനുഭവങ്ങളുമുണ്ടല്ലോ. എന്തൊക്കെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഇത്തരം മേളകളില്‍ സിനിമകള്‍ തെരഞ്ഞെടുക്കാറ്?
ആദ്യം ഞാനെന്റെ വിഷമം പറയട്ടെ. കൊവിഡ് കാരണം പല ചലച്ചിത്രമേളകളും ഈ വര്‍ഷം റദ്ദാക്കേണ്ടി വന്നത് എനിക്ക് ഏറെ സങ്കടകരമാണ്. സിനിമകള്‍ കാണുന്നതിനപ്പുറം നിരവധി സിനിമാപ്രവര്‍ത്തകരെയും ആസ്വാദകരെയും പരിചയപ്പെടാനുള്ള അവസരം നഷ്ടമാകുന്നതോര്‍ത്താണ് ഏറ്റവും വിഷമം. ഇനി ഞാന്‍ ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി പറയാം. നിരവധി ഘടകങ്ങളുണ്ടതില്‍. ജൂറിയായി ഇരിക്കുമ്പോള്‍ ഞാന്‍ ചെയ്യേണ്ടത് എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ്. 'ഈ സിനിമ ഇഷ്ടമായോ? നല്ല കഥയാണോ? ഈ ചിത്രം മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കുമോ? ഈ ചിത്രത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഘടകങ്ങളെന്തെല്ലാമാണ്?' തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കും. അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത് രണ്ടുമൂന്ന് പേരടങ്ങുന്ന ജൂറിയാണ്. ചില സന്ദര്‍ഭങ്ങളില്‍ ഈ തെരഞ്ഞെടുപ്പ് നടത്തുന്നത് സിനിമയുടെ ദൈര്‍ഘ്യത്തിനനുസരിച്ചുമാണ്. അതായത് ഏറ്റവും മികച്ച സിനിമകളുടെ തെരഞ്ഞെടുപ്പിന് ശേഷം എത്ര സമയം ബാക്കിയുണ്ടോ അത്ര ദൈര്‍ഘ്യമുള്ള സിനിമ തെരഞ്ഞെടുക്കും, അതിലും മികച്ചതിനെ ചിലപ്പോള്‍ ഒഴിവാക്കേണ്ടിവരും. ഒരേ വിഷയത്തില്‍ തന്നെ മൂന്ന് സിനിമകള്‍ വന്നെന്നിരിക്കട്ടെ. ആ മൂന്നിലെ ഏറ്റവും മികച്ച ചിത്രത്തെ തിരഞ്ഞെടുത്ത് മറ്റു രണ്ട് ചിത്രങ്ങളെയും ഒഴിവാക്കുകയാണ് പൊതുവേ ചെയ്യാറ്, അവ നല്ല ചിത്രങ്ങളാണെങ്കിലും. അത്ര സുഖകരമല്ലാത്ത വാസ്തവമാണത്.
ഇന്ത്യയില്‍ വന്നിട്ടുണ്ടോ ? എപ്പോഴായിരിക്കും ഇവിടം സന്ദര്‍ശിക്കുക ?
ഇതുവരെ വന്നിട്ടില്ല, എന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉള്ള സ്ഥലമാണ്. കൊവിഡിന് ശേഷം ഞാന്‍ നിങ്ങളുടെ കോളജില്‍ വരുന്നുണ്ട്.
തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ വെബിനാറില്‍ പങ്കെടുത്ത് ഹോളിവുഡ് സംവിധായികയും എഴുത്തുകാരിയും നിര്‍മ്മാതാവുമായ എലിസബത്ത് ബ്ലേക്ക് സംസാരിച്ചത്. പ്രൊഫ. സിജോ ജോസഫിന്റെ അധ്യക്ഷതയിലായിരുന്നു വെബിനാര്‍.