ഹയയില്‍ പുതുമുഖങ്ങളെ അല്ല ആദ്യം വിചാരിച്ചിരുന്നത് : മനോജ് ഭാരതി

ഹയയില്‍ പുതുമുഖങ്ങളെ അല്ല ആദ്യം വിചാരിച്ചിരുന്നത് : മനോജ് ഭാരതി
Published on

വാസുദേവ് സനല്‍ സംവിധാനം ചെയ്ത് ഒട്ടേറെ പുതുമുഖങ്ങള്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് 'ഹയ'. 30 വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തന രംഗത്തുള്ള മനോജ് ഭാരതിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എട്ടോളം പുസ്തകങ്ങള്‍ രചിച്ച മനോജ് ഭാരതിക്ക് എഴുത്തിന്റെ മേഖല ഒട്ടും പുതുമയല്ല. മനോജ് ഭാരതിയുടെ സിനിമയാകുന്ന ആദ്യ തിരക്കഥയാണ് 'ഹയ'. എന്റര്‍ടെയ്മെന്റ് എലമെന്റ് നിലനിര്‍ത്തികൊണ്ട് ഒരു വലിയ സോഷ്യല്‍ ഇഷ്യൂ അവതരിപ്പിക്കുകയാണ് 'ഹയ' എന്ന് മനോജ് ഭാരതി പറയുന്നു. പ്രണയ നഷ്ടം പ്രതികാരത്തിന്റെ തലത്തിലേക്ക് വളര്‍ന്ന് കൊലപാതകത്തിലേക്ക് നയിക്കുന്ന കാലത്താണ് ഈ സിനിമ വരുന്നത്. വിനോദത്തിന്റെ തലത്തില്‍ കൂടി പ്രേക്ഷകരെ കൊണ്ടുവന്ന് വളരെ സുപ്രധാനമായ ഇഷ്യൂവിലേക്ക് അവരുടെ കണ്ണ് തുറപ്പിക്കാന്‍ പറ്റും എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെ ഒരു സബ്ജക്ട് തെരഞ്ഞെടുത്തതെന്ന് മനോജ് ഭാരതി ദ ക്യുവിനോട് പറഞ്ഞു.

Q

പ്രണയം വേര്‍പിരിയലില്‍ കൊലയിലേക്കും പ്രതികാരത്തിലേക്കും പോകുന്ന കാലത്താണ് ഹയ വരുന്നത്. എന്തുകൊണ്ട് ഇങ്ങനെ ഒരു ആലോചന വന്നു ?

A

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായിട്ട്‌ യുവാക്കള്‍ക്കിടയില്‍, അതും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രണയ നഷ്ടം, നിരാശ എന്നിവ പകയിലേക്കും പ്രതികാരത്തിലേക്കും മാറുന്ന ഒരവസ്ഥ നിലവില്‍ ഉണ്ട്‌. ഇത്തരത്തില്‍ 35 ല്‍ കൂടുതല്‍ സംഭവങ്ങള്‍ നാം കണ്ടു. അതില്‍ ഏറിയ പങ്കും കാമ്പസുകളിലാണ് സംഭവിച്ചിട്ടുള്ളത്. പ്രണയത്തില്‍ ആകുന്ന ആളുകള്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ നിരസിക്കപ്പെടുകയോ, നിരാകരിക്കപ്പെടുകയോ അല്ലെങ്കില്‍ ആക്ടീവായ ഒരു പ്രണയത്തിന് ബ്രേക്കപ്പ് ഉണ്ടാവുകയോ ചെയ്യുമ്പോള്‍ അത് സഹിക്കാന്‍ പറ്റാതെ വരികയും കൂടെ ഉള്ള ആളെ കൊല ചെയ്യുന്ന അവസ്ഥയിലേക്ക് മാറുന്ന ഒരു സാഹചര്യം. അത് ഇപ്പോഴാണ് ഒരു ട്രെന്‍ഡ് ആയിട്ട് മാറുന്നത്. നമ്മള്‍ നോക്കിയാല്‍ കേരളത്തില്‍ മാത്രം അല്ല മറ്റ് സംസ്ഥാനങ്ങളിലും ഒക്കെ തന്നെ ഇത്തരത്തില്‍ നമ്മുടെ ശ്രദ്ധയില്‍പ്പെട്ട് കൊണ്ടിരിക്കുന്നു. അത് കൂടുന്നതല്ലാതെ കുറയുന്നില്ല. പല ഘട്ടങ്ങളിലും തീ വച്ച് കൊന്നു, കഴുത്തറത്ത് കൊന്നു, വെടി വച്ച് കൊന്നു, ഇത്തരം സംഭവങ്ങളൊക്കെ കേരളത്തില്‍ ഉണ്ടായി കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധ പതിഞ്ഞിരുന്നു. എങ്കിലും അത് കുറേക്കൂടി ഫലപ്രദമായിട്ട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ ആ സംഭവം ഉപയോഗപ്പെടുത്താം എന്ന് തോന്നി.

പിന്നെ അത് മാത്രമല്ല, പലപ്പോഴും ഇതിന്റെയൊക്കെ പ്രധാന കാരണം എന്നത് പുതിയ ജനറേഷനിലെ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ആശയ വിനിമയത്തിന്റെ ഒരു രീതിയാണ്. അത് ഫലപ്രദമായി പലപ്പോഴും നടക്കാതെ കുട്ടികളുടെ ഫിസിക്കലായുള്ള സൗഹൃദങ്ങളുടെ എണ്ണം കുറയുകയും ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കൂടുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു സൗഹൃദവലയം ഇവരെ ഓരോരുത്തരെയും അവരുടെ സ്വകാര്യ ഇടത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന ഒരവസ്ഥ വരും. അത് പലപ്പോഴും അവന്റെ സ്വഭാവ രൂപീകരണത്തിലും ബാധിക്കുന്നുണ്ടാവും. നമ്മുടെ പഴയ ബന്ധങ്ങളുടെ രീതിയില്‍ നിന്നൊക്കെ വിഭിന്നമായ രീതിയില്‍ ആയപ്പോള്‍ മാതാപിതാക്കള്‍ അവരുടെ ലോകത്താണ്, കുട്ടികള്‍ അവരുടെ ലോകത്തും. അതിനാല്‍ അവര്‍ തമ്മിലുള്ള ആശയവിനിമയം വളരെ കുറഞ്ഞ് വരികയാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ അവര് രൂപീകരിക്കുന്ന ഐഡന്റിറ്റി വളരെ പുതിയ ഒരു പശ്ചാത്തലത്തിലേക്ക് പോകുമ്പോള്‍ അതിന്റെ ഒരു പശ്ചാത്തലം ഒക്കെ ഇതില്‍ ഉണ്ടാകാം. ഈ ഒരു സാഹചര്യത്തില്‍ ഇത് എല്ലാ ഫാമിലിയിലും ചര്‍ച്ച ചെയ്യപ്പെടണം. അങ്ങനെ ഒരു ആശയം തോന്നിയപ്പോള്‍ എന്റര്‍ടെയ്മെന്റ് മീഡിയ എന്ന നിലയില്‍ നൂറ് ശതമാനം എന്റര്‍ടെയ്മെന്റ് എലമെന്റ് നിലനിര്‍ത്തികൊണ്ട് തന്നെ ഇങ്ങനെ ഒരു വലിയ സോഷ്യല്‍ ഇഷ്യൂ അവതരിപ്പിച്ചാല്‍ കൊള്ളാമെന്ന് തോന്നി.

Q

ഒരു ടീനേജ് സ്റ്റോറി അത് സിനിമ ആക്കാന്‍ തീരുമാനിച്ച തിരക്കഥാകൃത്തും നിര്‍മാതാക്കളും കോളേജ് ക്ലാസ്മേറ്റ്‌സ് ആണ്. എങ്ങനെ ആണ് ഇങ്ങനെ ഒരു പ്ലാനില്‍ എത്തിയത്?

A

ഞങ്ങള്‍ 1989-92 ബാച്ച് ശാസ്താംകോട്ട ഡിബി കോളേജിലെ ബിഎസ്സി ഫിസിക്സ് വിദ്യാര്‍ത്ഥി ബാച്ചാണ്. അതില്‍ ഒരാള്‍ അതേ ബാച്ചിലെ കെമിസ്ട്രിക്കാരനായിരുന്നു. ഞങ്ങള്‍ നാല് പേരും അടുത്ത സുഹൃത്തുക്കളാണ്. അവരൊക്കെ ഐ ടി മേഖലയിലും പുറത്തുമൊക്കെ ജോലി ചെയ്തു വരുന്ന സാഹചര്യത്തില്‍ ഒരു പന്ത്രണ്ട് വര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ചു. പിന്നീട് ഒരു 'ഓസ്ട്രിച്ച്‌ മൊബിലിറ്റി' എന്ന പേരില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ പ്രൊഡക്ഷന്റെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി ആരംഭിച്ചു. രാജ്യത്തിന്റെ ഇപ്പോഴുള്ള അറിയപ്പെടുന്ന യൂത്ത് സംരംഭകര്‍ എന്ന നിലയില്‍ ഈ അടുത്ത കാലത്ത് തന്നെ ഡല്‍ഹിയില്‍ വച്ച് അവര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. ഇവര്‍ മെഡിക്കല്‍ ഡിവൈസ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. അതേസമയം അതില്‍ ഒരാളായ വേണു കൃഷ്ണന്‍ എന്ന സുഹൃത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൃദംഗത്തിന് വിജയിയായിട്ടുള്ള ആളാണ്. അദ്ദേഹം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റൊരാള്‍ ബിനു സരിക, അദ്ദേഹം പിന്നണി ഗായകന്‍ ആണ്. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. ഹര്‍ഷകുമാര്‍, ശ്രീജിത്ത് എന്നിവരാണ് മറ്റു സുഹൃത്തുക്കള്‍. ഞങ്ങളുടെ ഒരു ഒത്തുകൂടലിന് ശേഷം ഞങ്ങള്‍ ഇങ്ങനെ ആലോചിക്കുകയും പിന്നീട് കുറേ കാലത്തിനു ശേഷം, കൊറോണ സമയത്തിന്റെ ടെന്‍ഷന്‍ ഒക്കെ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇത് വീണ്ടും ആലോചിച്ചപ്പോള്‍ പെട്ടെന്നു തന്നെ നമുക്ക് ചെയ്യാം എന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് കാമ്പസ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കാമ്പസ് സിനിമ എടുക്കുന്നു എന്നത് വളരെയധികം ആവേശം കൂടെ അവര്‍ക്ക് ഉണ്ടാക്കി. അങ്ങനെയാണ് ഈ സിനിമയിലേക്ക് നമ്മള്‍ വരുന്നത്.

Q

ഗുരു സോമസുന്ദരം എന്ന നടനെ ഇപ്പോഴും മിന്നല്‍ മുരളി വില്ലന്‍ എന്ന ഇമേജില്‍ ആണ് മലയാളി മനസില്‍ കൊണ്ട് നടക്കുന്നത്. അതിനെ ബ്രേക്ക് ചെയ്യുന്ന ഒരു റോള്‍ എന്ന നിലക്ക് ആണോ ഹയ എന്ന സിനിമയില്‍ കുടുംബനാഥന്‍ ആയി അവതരിപ്പിച്ചത് ?

A

ഗുരു സോമസുന്ദരം തമിഴില്‍ നേരത്തെ തന്നെ സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാളത്തിലും മുന്‍പ് അഭിനയിച്ചിരുന്നു. പക്ഷെ ഒടിടി പ്ലാറ്റഫോംമില്‍ റിലീസ് ചെയ്ത 'മിന്നല്‍ മുരളി'യിലെ ഷിബു എന്ന കഥാപാത്രമാണ് മലയാളികളുടെ മനസ്സില്‍ വേരുറപ്പിച്ചത്. പിന്നീട് അദ്ദേഹം മലയാളത്തില്‍ ഒരു ബിഗ് സ്‌ക്രീനില്‍ വന്നു. എങ്കിലും 'മിന്നല്‍ മുരളി'യിലെ ഷിബു എന്ന വില്ലനോട് വില്ലത്തരത്തോട് ഒപ്പം തന്നെ അയാളോട് പ്രേക്ഷകര്‍ക്ക് ഒരു അനുകമ്പയും ഇഷ്ടവും ഒക്കെ ഉണ്ടാകുന്ന രീതിയില്‍ ആ കഥാപാത്രത്തിന് അഭിനയം കാഴ്ച്ചവയ്ക്കാന്‍ കഴിഞ്ഞു. ഗുരു തമിഴ് നാട്ടിലെ പ്രമുഖമായ നാടക ട്രൂപ്പുകളിലൂടെ ഒക്കെ മോല്‍ഡ് ചെയ്യപ്പെട്ട ഒരു നടനാണ്. അങ്ങനെ ഒരു നടനെ നമ്മള്‍ യൂസ് ചെയ്യുന്നു. ഇവിടെ നമ്മള്‍ വളരെ നിര്‍ണായക പ്രാധാന്യമുള്ള ഒരു അച്ഛന്‍ കഥാപാത്രം. ആ കഥാപാത്രം സിനിമയുടെ ഒരു സൂപ്പര്‍ ലീഡ് റോളിലേക്ക് ചെയ്ഞ്ച് ചെയ്യപ്പെടുന്ന ഒരു കഥാപാത്രമാണ്. ഈ കഥാപാത്രത്തെ ആലോചിച്ചപ്പോള്‍ സ്ഥിരമായി നമ്മുടെ മുന്നില്‍ വരുന്ന അച്ഛന്‍ കഥാപാത്രങ്ങള്‍ ഉണ്ട്. അത്തരം ആളുകളൊക്കെ ആദ്യം നമ്മുടെ മുന്നിലേക്ക് എത്തി. അവരില്‍ നിന്ന് വ്യത്യസ്തമായ ചിലരെ നമ്മള്‍ നോക്കി. അപ്പോളാണ് നമ്മള്‍ പെട്ടന്ന് ആലോചിച്ചത് എന്തുകൊണ്ട് ഗുരു സോമസുന്ദരം ആയിക്കൂടാ. അദ്ദേഹത്തിനെ മലയാളികള്‍ അറിഞ്ഞു കഴിഞ്ഞു. കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെ നമുക്ക് അദ്ദേഹത്തെ കൊണ്ട് ചെയ്യിച്ചുകൂടാ. അങ്ങനെയാണ് മലയാളി ആകാമായിരുന്ന ഒരു അച്ഛന്‍ കഥാപാത്രം മലയാളി സ്ത്രീയെ വിവാഹം കഴിച്ച തമിഴ് നാട്ടുകാരനായ ഒരു കഥാപാത്രമായി കൊണ്ടുവരികയും അയാള്‍ സ്വാഭാവികമായും മലയാളം സംസാരിക്കുന്ന ആളായാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ആള്‍ക്ക് മലയാളത്തില്‍ താത്പര്യം ഉള്ളതുകൊണ്ട് മലയാളം തെരഞ്ഞെടുക്കുകയായിരുന്നു. ആളുടെ മലയാളം മലയാളികള്‍ക്ക് പരിചിതമായതുകൊണ്ട് അങ്ങനെ ചൂസ് ചെയ്യുകയായിരുന്നു.

Q

'മമ്മൂട്ടി - ഭാഷയും ദേശവും' എന്ന മമ്മൂട്ടിയുടെ അഭിനയ രീതികളെ കുറിച്ചുള്ള ഒരു ആധികാരിക പുസ്തകം മനോജ് ഭാരതി എഴുതിയിട്ടുണ്ട്. അതിന് വേണ്ടി നടത്തിയ റിസര്‍ച്ച് ഒക്കെ ഈ സിനിമയുടെ തിരക്കഥാ രചനയില്‍ ഗുണം ചെയ്തിട്ടുണ്ടോ?

A

ഒരു തിരക്കഥ എഴുതുമ്പോള്‍ നമുക്ക് കഥാപാത്രങ്ങളുടെ ഭാഷ ഒക്കെ തന്നെ കൈകാര്യം ചെയ്യേണ്ടി വരുമല്ലോ. വ്യത്യസ്ത തലത്തിലുള്ള ആളുകളായിരിക്കും കഥാപാത്രങ്ങള്‍. വ്യത്യസ്ത ജീവിത സാഹചര്യത്തിലൂടെയൊക്കെ വരുന്നവരായിരിക്കും. ഓരോ കഥാപാത്രത്തിനും നമ്മള്‍ ഓരോ സംഭാഷണ ഭാഷ നിശ്ചയിക്കണം. വരുന്ന നടന്മാരെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തകളൊക്കെ വരുമ്പോള്‍ അതൊക്കെ നമ്മള്‍ കുറച്ച് കോംപര്‍മെയ്സുകള്‍ക്ക് വിധേയമായിട്ടൊക്കെ മാറ്റേണ്ടി വരും. ചിലപ്പോള്‍ സംഭാഷണങ്ങള്‍ കൂടുതല്‍ ചേര്‍ക്കേണ്ടി വരും കുറയ്ക്കേണ്ടി വരും. ഒരു ആകെ തുക നോക്കുകയാണെങ്കില്‍ 'മമ്മൂട്ടി - ഭാഷയും ദേശവും' എന്ന പുസ്തകത്തിന്റെ ഒരു ഫോക്കസ് എന്ന് പറയുന്നത് മമ്മൂട്ടിയുടെ പത്ത് കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത്, അവ നിരത്തി വച്ചാല്‍ കേരളത്തിന്റെ അങ്ങേ അറ്റം മുതല്‍ ഇങ്ങേ അറ്റം വരെയുള്ള പ്രാദേശിക ഭാഷാഭേദങ്ങളുടെ ഒരു ചിത്രം നമുക്ക് കിട്ടും. ആ കഥാപാത്രങ്ങളെ ഒരു ടൂള്‍ ആയി വച്ചുകൊണ്ട് മലയാള ഭാഷയിലെ പ്രാദേശിക ഭാഷാഭേദത്തിന്റെ ഒരു ഭാഷാശാസ്ത്ര പഠനം, ചരിത്രപരമായ പഠനം, ഐതീഹ്യം ഇതെല്ലാം ഉള്‍പ്പെടുന്നതാണ് പുസ്തകം. കുറേ കാലം എടുത്ത് സ്റ്റഡി ചെയ്ത പുസ്തകമാണ് അത്. കഥാപാത്രങ്ങള്‍ ഏത് കഥാപാത്രമായാലും ശരി അവരുടെ ജീവിതം, സംസ്‌കാരം, വിദ്യാഭ്യാസം, കൂട്ടുകാര്‍ ഇതൊക്കെ പശ്ചാത്തലം ആയിരിക്കും ഒരു പരിധി വരെ അയാളുടെ സംഭാഷണത്തെ നിയന്ത്രിക്കുന്നത്. അത് ഒരു പരിധി വരെ കൊണ്ടുവരാന്‍ നമ്മള്‍ ശ്രമിക്കും. എന്നാലും ചില കാര്യങ്ങളിലൊക്കെ സ്പോട്ടില്‍ ഉള്ള ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതിന്റെ വ്യത്യാസങ്ങള്‍ ഉണ്ടാകും.

Q

സിനിമയുടെ കാസ്റ്റിങ്ങില്‍ ഇന്ന ആളുകള്‍ വേണമെന്ന് തിരക്കഥ എഴുതുന്ന സമയത്ത് തന്നെ തീരുമാനിച്ചിരുന്നോ? അതോ പിന്നീട് വാസുദേവ് സനലുമായി ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നോ?

A

തിരക്കഥാ രൂപീകരണ വേള മുതല്‍ തന്നെ കൂടെ നിന്ന് നിര്‍ദേശങ്ങള്‍ തന്നിരുന്നു വാസുദേവ് സനല്‍. ഈയൊരു സബ്ജക്ട് ആലോചിച്ച സമയം മുതല്‍ അദ്ദേഹത്തിന്റെ ഒരു ഡയറക്ഷന്‍ ലൈന്‍ എനിക്ക് കിട്ടുന്നുണ്ട്. അതുംകൂടെ ഉള്‍പ്പെടുത്തി കൊണ്ടാണ് ഞാനും രചന മുന്നോട്ട് കൊണ്ടുപോയത്. ഒരു കഥാപാത്രത്തെ ആലോചിച്ചപ്പോള്‍ തന്നെ ഇങ്ങനെയുള്ള ആളാണ് അവിടെ നല്ലത് എന്ന് എഴുതുന്ന വേളയില്‍ തന്നെ ആലോചന പോയിരുന്നു. എങ്കിലും അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് നമ്മള്‍ ഈ കഥാപാത്രങ്ങളിലേക്ക് എത്തുന്നത്. സിനിമയുടെ കഥയില്‍ ആദ്യം ഒരുപക്ഷേ പുതുമുഖങ്ങളെ ആയിരുന്നില്ല കോളേജ് കാരക്ടേഴ്സായി നമ്മള്‍ ആലോചിച്ചിരുന്നത്. മറ്റ് ചില ആളുകളെയാണ് നമ്മള്‍ മുന്നില്‍ കണ്ടത്. പക്ഷെ പിന്നീട് ആലോചിക്കുമ്പോള്‍ ഇരുപത്തിമൂന്ന്, ഇരുപത്തിരണ്ട് വയസുള്ള കുട്ടികളിലേക്ക് നമ്മള്‍ എത്തുമ്പോള്‍ അങ്ങനെയുള്ള ആളുകളെ കാസ്റ്റ് ചെയ്താല്‍ നമ്മള്‍ കെട്ടി ഒരുക്കി കൊണ്ടുവരുന്നതുപോലെ ഉണ്ടാകും. അങ്ങനെ വരാന്‍ പാടില്ല, ആ പ്രശ്നം ഫീല്‍ ചെയ്യണം. പുതുമുഖങ്ങളെ ആളുകള്‍ അംഗീകരിച്ചേക്കും എന്ന ചിന്ത ഒക്കെ തന്നെയാണ് നമ്മള്‍ ഇങ്ങനെ ഒരു ചിന്തയിലേക്ക് വന്നത്. പതിവ് മുഖങ്ങളില്‍ നിന്ന് വേറിട്ടൊരു മുഖമുള്ള അച്ഛന്‍ കഥാപാത്രം എന്ന ചിന്തയാണ് ഗുരുവിലേക്ക് എത്തിച്ചത്.

Q

ആദ്യമായാണ് തിരക്കഥ എഴുതുന്നത്. അപ്പോള്‍ പ്രത്യേകമായി എന്തെങ്കിലും തയ്യാറെടുപ്പുകള്‍ സ്വീകരിച്ചിരുന്നോ?

A

ഞാന്‍ ഒരു 29 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ആളാണ്. ദൃശ്യ, ശ്രവ്യ, പത്ര രംഗങ്ങളില്‍ പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്റെ '24/7 ന്യൂസ് ചാനല്‍' എന്ന നോവല്‍ പുറത്തിറങ്ങിയപ്പോള്‍ അത് ഗുരുവായൂര്‍ ഡിസിയില്‍ നിന്ന് വാങ്ങി ഒറ്റ രാത്രി തന്നെ വായിച്ചതിന് ശേഷം എന്റെ നമ്പര്‍ സംഘടിപ്പിച്ച് അനില്‍ കെ നായര്‍ എന്ന് പറയുന്ന ഒരു സംവിധായകന്‍ വിളിക്കുകയുണ്ടായി. ലാല്‍ ജോസിനോടൊപ്പവും ലോഹിതദാസിനോടൊപ്പവും ഒക്കെ ഉണ്ടായിരുന്ന ആളാണ്. മുമ്പ് പടം ചെയ്തിട്ടുണ്ട്. അദ്ദേഹം എന്നോട് വിളിച്ച് ആ നോവല്‍ സിനിമ ആക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ ആ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട് ജോലി വിട്ട് പോകാന്‍ പറ്റുന്ന ഒരു സാഹചര്യം ആയിരുന്നില്ല. അതിന് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും ഒരു തിരക്കഥ വര്‍ക്ക് ചെയ്തു. അതിന്റെ മറ്റ് പ്രോസസുകള്‍ വളരെ ഭംഗിയായി നടന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് അത് നടക്കാതെ പോയി. 2017 പീരിയഡില്‍ അഴകപ്പനുമായി ചേര്‍ന്ന് ഒരു പ്രൊജക്ട് ചെയ്യാനുള്ള തീരുമാനം എടുത്തിരുന്നു. അത് ട്രാക്കില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഞാന്‍ മാതൃഭൂമിയുടെ എഫ് എമ്മിന്റെ ഹെഡില്‍ നിന്ന് റിസൈന്‍ ചെയ്യുന്നു. അത് ഇപ്പോള്‍ നടക്കും എന്നൊരു വര്‍ക്ക് ആയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. പിന്നീട് കൊറോണ കാലത്ത് വീണ്ടും ഒന്ന് രണ്ട് സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കിയിരുന്നു. ചില കാരണങ്ങളാല്‍ അത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. അങ്ങനെ മൂന്നോ നാലോ തിരക്കഥകള്‍ തയ്യാറാക്കി വയ്ക്കുന്നതിനിടയില്‍ പെട്ടന്ന് ഇങ്ങനെ ഒരു സാമൂഹിക വിഷയം വന്നപ്പോള്‍ അത് ചെയ്യാനുള്ള ഒരു ബാധ്യത നമുക്ക് ഉണ്ട് എന്ന് തോന്നിയപ്പോള്‍ അങ്ങനെ ഒരു കഥയിലേക്ക് പോവുകയായിരുന്നു. സിനിമയാക്കപ്പെടുന്ന ആദ്യ തിരക്കഥ ആണ് ഹയ. അതിനുള്ള തയ്യാറെടുപ്പുകള്‍ മാനസികമായ തയ്യാറെടുപ്പാണ്. പിന്നെ അത്യാവശ്യം എഴുത്തില്‍ സജീവമാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. എട്ട് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഭ്രാന്തിമാന്‍' എന്ന് പറയുന്ന നോവലാണ് അവസാനം പുറത്തിറങ്ങിയത്. '24/ 7 ന്യൂസ് ചാനല്‍' എന്ന് മറ്റൊരു നോവല്‍ പുറത്തിറങ്ങിയിരുന്നു. ഇലട്രോണിക് മാധ്യമരംഗത്തെ അന്തര്‍നാടകങ്ങളാണ് വിഷയം. പിന്നെ കഥാസമാഹാരങ്ങള്‍ നാലെണ്ണം പുറത്ത് വന്നു. ബയോഗ്രഫിക്കല്‍ സ്‌കെച്ച് ഒരെണ്ണം പുറത്തുവന്നു. മറ്റൊന്ന് ഭാഷാശാസ്ത്ര പഠനമാണ്. ഇങ്ങനെ സജീവമായി എഴുത്തിന്റെ മേഖലയില്‍ തന്നെ നില്‍ക്കുന്നു. അങ്ങനെയാണ് ചലച്ചിത്രം എന്ന മേഖലയില്‍ കൂടി എഴുത്തിനെ എങ്ങനെ കൊണ്ടുപോകാം എന്ന നിലയിലാണ് തിരക്കഥയിലേക്ക് എത്തിയത്.

Q

വാര്‍ത്താ ചാനല്‍, എഫ് എം ചാനല്‍, നോവല്‍ രചന ഇങ്ങനെ വിവിധ മാധ്യമങ്ങളിലെ ജീവിതം സിനിമാ രചനയില്‍ എങ്ങനെ ഗുണം ചെയ്തു?

A

പല ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാര്‍ത്തകള്‍. ഈ വാര്‍ത്തകളെല്ലാം ആത്യന്തികമായി മനുഷ്യനെ ബാധിക്കുന്നതാണ്, സ്പര്‍ശിക്കുന്നതാണ്. ചില ആളുകള്‍ക്ക് അത് പോസിറ്റീവായി അനുഭവപ്പെടാം, ചിലപ്പോള്‍ നെഗറ്റീവ് ആകാം. വാര്‍ത്തകളുമായി ബന്ധപ്പെട്ട് നമ്മുടെ തൊഴില്‍ മുന്നോട്ട് പോകുമ്പോള്‍ നമുക്ക് ഒരുപാട് ജീവിതങ്ങള്‍, അനുഭവങ്ങള്‍ ഒക്കെ അറിയാന്‍ പറ്റും. അത് നമ്മുടെ മനസില്‍ കിടക്കും. ഏതെങ്കിലും ഘട്ടം വരുമ്പോള്‍ അതിനൊരു സാധ്യത കണ്ടെത്തുമ്പോള്‍ കഥാപാത്രങ്ങള്‍ മുന്നിലേക്ക് വരും. ഇപ്പോള്‍ 'ഭ്രാന്തിമാന്‍' എന്ന് പറയുന്ന നോവലില്‍ ചെയ്തു പോയ ഒരു വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് ശേഷം തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുന്ന പത്രപ്രവര്‍ത്തകന്‍, ആ വാര്‍ത്തയുടെ യഥാര്‍ത്ഥ സത്യം എന്തായിരുന്നു എന്ന് അന്വേഷിച്ച് പോകുന്ന ഒരു പോക്കിലൂടെ സിനിമാ രംഗത്തുള്ള ഒരു പരിധി വരെ നിലനില്‍ക്കുന്ന കറുത്ത സത്യങ്ങളെ കൂടി പുറത്ത് കൊണ്ടുവരുന്നു. അതാണ് ആ നോവല്‍. ഇന്നത്തെ ഒരു രീതിയില്‍ കൃത്യമായ ഫാക്ട് ചെക്ക് ഇല്ലാതെ വാര്‍ത്ത കൊടുക്കാം എന്ന രീതിയിലോട്ട് പോകുമ്പോള്‍ അത് ഉണ്ടാക്കി വയ്ക്കുന്ന സോഷ്യല്‍ ഇംപാക്റ്റ് വളരെ വലുതാണ്. ഇതെല്ലാം മുന്നില്‍ നിര്‍ത്തികൊണ്ട് ആണ് ഓരോ കണ്ടന്റുകളിലേക്കും എഴുത്തിലേക്കും ആവശ്യമായ വിത്തുകള്‍ നമ്മള്‍ ഡെവലപ് ചെയ്യുന്നത്. ദീര്‍ഘകാലമായുള്ള തൊഴില്‍ ജീവിതം നമ്മുടെ ക്രിയേറ്റീവ് ആയ ജീവിതത്തെയും സഹായിച്ചിട്ടുണ്ട്. അതായത്, തൊഴില്‍ ഉപജീവനവും എഴുത്ത് അതിജീവനവുമാണ്. ഇവ രണ്ടും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in