വയോധികയെ അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. തെരെഞ്ഞെടുപ്പിനു മുൻപ് ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.
'തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ പടിയിറക്കണം. പിണറായി എത്ര നന്നായി ഭരിച്ചാലും ഇവരെയൊന്നും സഹിക്കാൻ കേരളത്തിന് പറ്റില്ല എന്നാണ് ഞങ്ങൾ അന്തം കമ്മികളുടെ അഭിപ്രായം', കുറിപ്പിൽ പറയുന്നു. 'ഒഴുകുന്ന പുഴയിൽ ചിലപ്പോൾ ചവറുകൾ വന്നടിയും, അത് മാറ്റാത്തിടത്തോളം കാലം ആ പുഴ മാലിന്യങ്ങൾ നിറഞ്ഞതാവും. എത്രയും പെട്ടെന്ന് അത് വൃത്തിയാക്കുക', എന്നാണ് കുറിപ്പിന് താഴെ വന്ന കമന്റ്. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടുളള കമന്റുകളാണ് കൂടുതലും.
കഥാകൃത്ത് ടി പത്മനാഭനും സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. എംസി ജോസഫൈന്റെ പ്രവൃത്തി ക്രൂരമായിപ്പോയി. മനസ്സിലും പെരുമാറ്റത്തിലും ദയയില്ല. പദവിക്ക് ചേരാത്ത വാക്കുകളാണ് അവർ ഉപയോഗിച്ചത്. ഇന്നോവ കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ജോസഫൈനെ നിയമിച്ചിരിക്കുന്നത് എന്തിനാണെന്നും പത്മനാഭന്‍റെ ചോദിച്ചു. സിപിഐഎം തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഗൃഹ സന്ദര്‍ശനത്തിനിടെ പി ജയരാജനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതാക്കമ്മീഷന് എതിരെ സംസാരിച്ചതുകൊണ്ട് തനിക്കെതിരെയും കേസ് ഫയൽ ചെയ്യുമോ എന്ന ഭയമുണ്ട്. ഇത്തരം മോശം പ്രവൃത്തികൾ കാരണം സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളും ഇല്ലായ്മ ചെയ്യപ്പെടുകയാണെന്നും ജാഗ്രത വേണമെന്നും ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു.