തുടര്‍ച്ചയായ ഒടിടി റിലീസുകള്‍ക്ക് പിന്നാലെ രാജ്യാന്തര ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മലയാളി അഭിനേതാവാണ് ഫഹദ് ഫാസില്‍. സീ യു സൂണ്‍, ജോജി എന്നീ സിനിമകള്‍ക്ക് പിന്നാലെ മാലിക് പ്രേക്ഷകരിലെത്തിയപ്പോള്‍ ബോളിവുഡില്‍ നിന്നും ഇതരഭാഷകളില്‍ നിന്നും സംവിധായകര്‍ ഫഹദിനെ പ്രകീര്‍ത്തിച്ച് രംഗത്ത് വരികയാണ്.
ഫഹദ് ഫാസില്‍ നിങ്ങളൊരു പ്രതിഭാസമാണ് എന്നാണ് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മേത്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അലിഗഡ്, ഒമര്‍ത, ഏറെ ചര്‍ച്ചയായ വെബ് സീരീസ് സ്‌കാം 1992 എന്നിവയുടെ സംവിധായകനാണ് ഹന്‍സല്‍ മേത്ത.
2013-ലെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംവിധായകനാണ് ഹൻസൽ മേത്ത. അദ്ദേഹത്തിന്റെ ഷാഹിദ് എന്ന സിനിമയ്ക്കാണ് അവാർഡ് ലഭിച്ചത്. സിറ്റി ലൈറ്റ്‌സ് ദസ് കഹാനിയാം തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംവിധായകൻ അമിത് മസുര്‍ക്കറും ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ ജെന്റിൽമാനോടൊപ്പം ഹിന്ദി സിനിമ ചെയ്യണമെന്നാണ് എന്റെ പുതിയ ഗോൾ എന്നാണ് അമിത് മസുര്‍ക്കര്‍ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ന്യൂട്ടൻ, ഷെർണി സിനിമകളുടെ സംവിധായകൻ അമിത് മസുര്‍ക്കര്‍.
മലയാള സിനിമയുടെ നവതരംഗത്തിലെ മുന്നണിപ്പോരാളിയെന്നാണ് ഫഹദ് ഫാസിലിനെ അന്തര്‍ദേശീയ മാധ്യമമായ അല്‍ജസീറ വിശേഷിപ്പിച്ചത്. കഥാപാത്രത്തോട് നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തുന്ന സമീപനമാണ് ഫഹദ് ഫാസില്‍ എന്ന നടന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് അല്‍ജസീറ ഫഹദിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയ ലേഖനത്തില്‍ നമ്രത ജോഷി വിശേഷിപ്പിച്ചിരുന്നു. സീ യു സൂണ്‍, ജോജി എന്നീ സിനിമകള്‍ക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ കിട്ടിയ സ്വീകാര്യത കേരളത്തിന് പുറത്ത് ഫഹദ് ഫാസിലിന്റെ താരമൂല്യവും ഉയര്‍ത്തി.