അവസാനത്തെ ആ മൊമെന്റിന് വേണ്ടിയാണ് എല്ലാവരും കാത്തിരുന്നത്; 'കൺമണി' എന്ന പാട്ടില്ലാതെ ഈ സിനിമയുമില്ലെന്ന് ചിദംബരം പറഞ്ഞിരുന്നു - ​ഗണപതി

അവസാനത്തെ ആ മൊമെന്റിന് വേണ്ടിയാണ് എല്ലാവരും കാത്തിരുന്നത്; 'കൺമണി' എന്ന പാട്ടില്ലാതെ ഈ സിനിമയുമില്ലെന്ന് ചിദംബരം പറഞ്ഞിരുന്നു - ​ഗണപതി
Published on

മ‍ഞ്ഞുമ്മൽ ബോയ്സിൽ ക്ലെെമാക്സിലെ വടംവലിക്കുന്ന രം​ഗം തിരക്കഥയ്ക്കും മുന്നേ ചിദംബരം കൊറിയോ​ഗ്രാഫ് ചെയ്തിരുന്നുവെന്ന് നടനും ചിത്രത്തിന്റെ കാസ്റ്റിം​ഗ് ഡയറക്ടറുമായ ​ഗണപതി. ക്ലെെമാക്സ് രം​ഗത്തിലെ വടംവലിയുടെ സ്പിരിറ്റ് തന്നെ കൺമണി എന്ന ​ഗാനമായിരുന്നുവെന്ന് ​ഗണപതി പറയുന്നു. തിരക്കഥ പോലും പൂർത്തിയാവാതിരുന്ന കാലത്ത് കൺമണി എന്ന ​ഗാനത്തിന്റെ വരികൾക്കനുസൃതമായി ഷോട്ടുകൾ തിരിച്ചുള്ള കൃത്യമായ ഒരു കൊറിയോ​ഗ്രാഫി ചിദംബരത്തിനുണ്ടായിരുന്നുവെന്ന് ​ഗണപതി പറഞ്ഞു. ഈ പാട്ടില്ലെങ്കിൽ ഈ സിനിമയില്ല എന്ന് ചിദംബരം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഒരു സമയത്ത് ഈ പാട്ട് നമുക്ക് കിട്ടുമോ എത്രയായിരിക്കും ഇതിന് വേണ്ടി ഇൻവസ്റ്റ് ചെയ്യേണ്ടി വരിക എന്നൊക്കെയുള്ള ചിന്തയുണ്ടായിരുന്നു. അത്യാവശ്യം നല്ലൊരു തുക കൊടുത്താണ് കൺമണി എന്ന ​ഗാനത്തിന്റെ അവകാശം വാങ്ങിയത് എന്നും ​ഗണപതി പറഞ്ഞു. ഷൂട്ടിം​ഗിന്റെ അവസാന ദിവസമാണ് ക്ലെെമാക്സ് രം​ഗം ഷൂട്ട് ചെയ്യുന്നത്. ആ മൊമെന്റിന് വേണ്ടിയാണ് എല്ലാവരും കാത്തിരുന്നതും ഇതോടുകൂടി പടം തീരാൻ പോവുകയാണ് എന്നതിന്റെ മുഴുവൻ ഇമോഷനും ആ പാട്ടിന്റെ ഇംപാക്ടും അതുകൊണ്ട് തന്നെ ക്ലെെമാക്സ് ഷൂട്ടിൽ എല്ലാവർക്കുമുണ്ടായിരുന്നുവെന്ന് ​ഗണപതി ക്യു സ്റ്റുഡിയോയ്ക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞു.

​ഗണപതി പറഞ്ഞത്:

ക്ലെെമാക്സ് രം​ഗത്തിലെ വടം വലിയുടെ സ്പിരിറ്റ് എന്നത് ഈ പാട്ട് തന്നെയായിരുന്നു. ഈ പാട്ട് പ്ലേ ചെയ്തു കൊണ്ടാണ് ഈ വടം വലി വലിച്ചത്. ഈ പടം സ്ക്രിപ്റ്റ് എഴുതുന്നതിന് മുമ്പേ കൺമണി അൻപോട് എന്ന ​ഗാനത്തെക്കുറിച്ചുള്ള ഐഡിയ ചി​ദംബരത്തിന് ഉണ്ടായിരുന്നു. ആ പാട്ടിന്റെ വരികൾക്കനുസൃതമായി ഷോട്ടുകൾ കൃത്യമായി തിരിച്ച് തിരക്കഥ പോലും പൂർത്തിയാവാത്ത സമയത്തും ഈ പോർഷൻ ചിദംബരത്തിന്റെ മനസ്സിലുണ്ടായിരുന്നു. അഭിരാമിയെ എന്ന വരി എത്തുമ്പോൾ ജീൻ ഭാസിയെ എടുക്കുന്നതും ശിവനിൽ നീയും പാതിയെ എന്ന വരി വരുമ്പോൾ‌ ഭാസിയുടെ മുഖം കാണിക്കുന്നതും അടക്കം അത്രയും കൊറിയോ​ഗ്രാഫ്‍ഡ് ആയിരുന്നു അത്. ഈ പാട്ടില്ലെങ്കിൽ ഈ സിനിമയില്ല എന്നത് ആദ്യമേ ചിദംബരം പറഞ്ഞിരുന്നു. ഒരു സമയത്ത് ആ പാട്ട് കിട്ടുമോ, ഇല്ലയോ എത്രയായിരിക്കും ഇതിന് വേണ്ടി ഇൻവസ്റ്റ് ചെയ്യേണ്ടി വരിക എന്നൊക്കെയുള്ള ചിന്തയുണ്ടായിരുന്നു. ഈ പാട്ടില്ലെങ്കിൽ നമുക്ക് മറ്റെന്തെങ്കിലും ചെയ്താലോ എന്ന രീതിയിലൊരു ചിന്ത വന്നപ്പോൾ പോലും ഇതില്ലാതെ ഈ സിനിമ നടക്കില്ല എന്നത് കൃത്യമായിട്ട് അറിയാമായിരുന്നു. ഹിന്ദിയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയുടെ കയ്യിലായിരുന്നു ഈ പാട്ടിന്റെ അവകാശമുണ്ടായിരുന്നത്. അത്യാവശ്യം തെറ്റില്ലാത്ത ഒരു എമൗണ്ടിലാണ് ഇത് നമുക്ക് ലഭിച്ചിരിക്കുന്നതും. ഈ പാട്ട് ​ഗുഹയിൽ നമ്മൾ പ്ലേ ചെയ്തിരുന്നു. അവസാനത്തെ ആ ഒരു മൊമെന്റിന് വേണ്ടിയിട്ടായിരുന്നു നമ്മൾ കാത്തിരുന്നത്. ഷൂട്ടിന്റെ അവസാനത്തെ രണ്ട് ദിവസത്തിലാണ് ക്ലെെമാക്സ് മൊത്തം ഷൂട്ട് ചെയ്തതും. ഇത് അവസാനത്തേതാണ്, പടം തീരാൻ പോകുവാണ് ആ മൊത്തം ഇമോഷനും ആ സീനിൽ അതുകൊണ്ടുതന്നെയുണ്ടായിരുന്നു. ആ പാട്ട് തന്നെയാണ് ആ സീനിന്റെ ഇംപാക്ട്.

ലൂസിഫർ, പുലിമുരുകന്‍, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം തിയറ്റർ കലക്‌ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ഗുണാ കേവും കമൽ ഹാസൻ സിനിമായ ​ഗുണയുടെ റെഫറൻസുകളുമെല്ലാം തമിഴ്നാട്ടിലെ മഞ്ഞുമ്മലിന്റെ വിജയത്തിന് കാരണങ്ങളാണ്. മലയാളം ഇൻഡസ്ട്രിയുടെ ആദ്യത്തെ ഇരുന്നൂറ് കോടി ചിത്രമാകും മഞ്ഞുമ്മൽ ബോയ്സ് എന്നാണ് പ്രതീക്ഷ. 2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in