ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ അദ്ദേഹത്തിന്റെ ആദ്യകാലത്ത് തന്നെ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തിരക്കഥാകൃത്ത് ബാബു ജനാർദ്ദനൻ. 'സിറ്റി ഓഫ് ഗോഡി'ന്റെ തിരക്കഥ എഴുതിക്കഴിഞ്ഞപ്പോൾ തന്നെ ഈ സിനിമ ചെയ്യാൻ ലിജോ ഓക്കെ ആണെന്ന് മനസ്സിലായി അങ്ങനെ കമ്മിറ്റ് ചെയ്ത സിനിമയാണ് അതെന്നും ബാബു ജനാർദ്ദനൻ പറഞ്ഞു. പൃഥ്വിരാജിനും 'നായകൻ' കണ്ടതിനു ശേഷം ലിജോയോട് വർക്ക് ചെയ്യാൻ താല്പര്യമുണ്ടായിരുന്നു അങ്ങനെയാണ് അദ്ദേഹവും ഈ സിനിമയിലേക്ക് വരുന്നതെന്ന് ബാബു ജനാർദ്ദനൻ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഥ ഇഷ്ടപ്പെട്ടെങ്കിലും പൃഥ്വിരാജിന് ഡേറ്റ് ഇല്ലായിരുന്നു. 'അർജുനൻ സാക്ഷി' എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ഫ്രീ ടൈമിൽ വന്നു അഭിനയിച്ച സിനിമയാണ് 'സിറ്റി ഓഫ് ഗോഡ്'. 10 - 12 ദിവസം കൊണ്ടാണ് പൃഥ്വി സിനിമ പൂർത്തിയാക്കിയതെന്നും ബാബു ജനാർദ്ദനൻ പറഞ്ഞു. ചിത്രത്തിലെ കാസ്റ്റിംഗ് ഒക്കെ ഞാൻ ആയിരുന്നു ചെയ്തത് ലിജോയ്ക്ക് അന്ന് മലയാള സിനിമയിൽ പരിചയങ്ങളില്ലായിരുന്നു. പാർവതി, സുധീർ കരമന, ജയശങ്കർ, രാജീവ് പിള്ള തുടങ്ങിയ അഭിനേതാക്കൾക്ക് വലിയ ബ്രേക്ക് നൽകിയ സിനിമയായിരുന്നു 'സിറ്റി ഓഫ് ഗോഡ്'. സുധീർ കരമനയുടെയും ജയ്ശങ്കറിന്റെയും കഥാപാത്രങ്ങളെ വച്ച് ഒരു മുഴുനീള സിനിമ എടുക്കാനൊക്കെ അന്ന് ലിജോക്ക് പ്ലാൻ ഉണ്ടായിരുന്നുവെന്ന് ബാബു ജനാർദ്ദനൻ പറഞ്ഞു.
ആദ്യം പൃഥ്വിരാജിനെ വച്ച് ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു പക്ഷെ അദ്ദേഹത്തിന്റെ തമിഴ് സിനിമകളുടെ തിരക്ക് കാരണം അത് ഉപേക്ഷിച്ചു അങ്ങനെ ആണ് 'സിറ്റി ഓഫ് ഗോഡി'ലേക്ക് എത്തുന്നത്. പിന്നീട് പൃഥ്വിരാജ് തന്നെ അദ്ദേഹത്തിന്റെ മികച്ച സിനിമയായി സിറ്റി ഓഫ് ഗോഡിനെ വിശേഷിപ്പിച്ചെന്നും ബാബു ജനാർദ്ദനൻ പറഞ്ഞു.