സുഹാസിനിക്ക് ദേശീയ പുരസ്കാരം കിട്ടാത്തതിനെക്കുറിച്ച് എല്ലാവരും ചോദിച്ചു, എന്നെക്കാൾ മികച്ചൊരു നടന് അത് കിട്ടിയെന്ന് ഞാൻ മറുപടി പറഞ്ഞു

സുഹാസിനിക്ക് ദേശീയ പുരസ്കാരം കിട്ടാത്തതിനെക്കുറിച്ച് എല്ലാവരും ചോദിച്ചു, എന്നെക്കാൾ മികച്ചൊരു നടന് അത് കിട്ടിയെന്ന് ഞാൻ മറുപടി പറഞ്ഞു
Published on

വാനപ്രസ്ഥത്തിലെ മോഹൻലാലിന്റെ പ്രകടനം ദേശീയ പുരസ്കാരത്തിന് അർഹമായ പ്രകടനം തന്നെയായിരുന്നുവെന്ന് നടി സുഹാസിനി മണിരത്നം. വാനപ്രസ്ഥത്തിന് ശേഷം തനിക്ക് എന്തുകൊണ്ട് ആ ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചില്ലെന്ന് പലരും തന്നോട് ചോദിച്ചിരുന്നുവെന്നും എന്നാൽ തന്നെക്കാൾ മികച്ചൊരു അഭിനേതാവ് ആ ചിത്രത്തിലുണ്ടായിരുന്നുവെന്നത് കൊണ്ടു തന്നെ അദ്ദേഹത്തിനാണ് ആ പുരസ്കാരത്തിന് അർഹതയെന്നും സുഹാസിനി പറഞ്ഞു. മോഹൻലാലിനൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങളെക്കുറിച്ചും ചിത്രത്തിലെ സുഭദ്ര എന്ന കഥാപാത്രത്തെക്കുറിച്ചും സുഹാസിനി ക്യു സ്റ്റുഡിയോയോട് സംസാരിച്ചു.

സുഹാസിനി പറഞ്ഞത്:

വാനപ്രസ്ഥത്തിലെ സുഭദ്രയുടെ കഥാപാത്രം അമിതാത്മവിശ്വാസം കൊണ്ടു നടക്കുന്ന ഒരു കഥാപാത്രമാണ്. അവർക്ക് അയാൾ അവതരിപ്പിക്കുന്ന വേഷത്തിനോടാണ് സ്നേഹം. വേഷം മാറുമ്പോൾ അവർക്ക് അയാളോട് സ്നേഹമില്ല. സുപ്പീരിയോരിറ്റി കോംപ്ലക്സുള്ള ഒരു വ്യക്തിയാണ് അവർ. പക്ഷേ അദ്ദേഹം മരിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ അവർ അവരുടെ ​ഗർഭസ്ഥ അവസ്ഥയിലേക്ക് തിരിച്ചു പോവുകയാണ്. ജനിച്ചിട്ടില്ലാത്തൊരു അവസ്ഥയിലേക്ക് മാറുകയാണ്. അതായിരുന്നു ആ സീനിനെക്കുറിച്ച് ഷാജി എനിക്ക് നൽകിയിരുന്ന വിവരണം. എല്ലാം വിട്ടിട്ട് ​ഗർഭാവസ്ഥയിലുള്ള ഒരു കുഞ്ഞിലേക്ക് എന്ന പോലെ ഞാൻ മനുഷ്യ ജന്മത്തിന്റെ അടിസ്ഥാനത്തിലേക്ക് തിരിച്ചു പോകട്ടെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അതിന് ഓക്കെ പറഞ്ഞു. ഒരു കരയുന്ന കുഞ്ഞിനെപ്പോലെ. എല്ലാവരും എന്നോട് ചോദിച്ചിട്ടുണ്ട് വാനപ്രസ്ഥത്തിലെ അഭിനയത്തിന് എന്തുകൊണ്ട് സുഹാസിനിക്ക് ദേശിയ അവാർഡ് കിട്ടിയിട്ടില്ലെന്ന്, ഞാൻ പറഞ്ഞു എന്നെക്കാൾ നല്ലൊരു അഭിനേതാവ് അവിടെയുണ്ടായിരുന്നു, അദ്ദേഹത്തിനാണ് ആ അവാർ‌ഡ് കിട്ടിയതെന്ന്. മോഹൻലാലിനാണ് ആ അവാർഡ് കിട്ടിയത്. ആ സിനിമയിൽ തീർച്ചയായും എന്നെക്കാൾ മികച്ച അഭിനേതാവ് അദ്ദേഹമായിരുന്നു. മോഹൻലാലിന്റെ ആ കഥാപാത്രം തീർച്ചയായും ആ പുരസ്കാരം അർഹിച്ചിരുന്നു. ദേശീയ അവാർഡിന് അർഹമായ പ്രകടനം തന്നെയായിരുന്നു വാനപ്രസ്ഥത്തിലേത്.

1999 ൽ ഷാജി എൻ‌ കരുണിന്റെ സംവിധാനത്തിൽ മോഹൻലാൽ സുഹാസിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു വാനപ്രസ്ഥം. ചിത്രത്തിൽ കുഞ്ഞിക്കുട്ടൻ എന്ന കഥകളി ആർട്ടിസ്റ്റിനെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയമികവിന് ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരകസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in