ചുറ്റും വെള്ളമുണ്ടെന്ന് വിശ്വസിച്ച് അഭിനയിക്കാന്‍ ബുദ്ധിമുട്ടി: എസ്തര്‍ അനില്‍ അഭിമുഖം

ചുറ്റും വെള്ളമുണ്ടെന്ന് വിശ്വസിച്ച് അഭിനയിക്കാന്‍ ബുദ്ധിമുട്ടി: എസ്തര്‍ അനില്‍ അഭിമുഖം

Published on

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് രാജ്യാന്തര ചലച്ചിത്രമേളകള്‍ക്ക് പിന്നാലെ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. എസ്തര്‍ അനില്‍, ഷെയിന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയുടെ തിരക്കഥ ടിഡി രാമകൃഷ്ണനാണ്. ഫാന്റസി സ്വഭാവത്തിലുള്ളതാണ് സിനിമ. ഓള് എന്ന സിനിമയിലെ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്തര്‍ അനില്‍ സംസാരിക്കുന്നു.

Q

എസ്തര്‍ അനില്‍ എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുന്ന കഥാപാത്രം ദൃശ്യത്തിലെ അനുമോള്‍ ആയിരിക്കും, ബാലതാരം ഇമേജ് മാറ്റിയുള്ള സിനിമകള്‍ വന്നെങ്കിലും ആദ്യ നായികാ വേഷമാണ് ഓള്. എങ്ങനെയാണ് ഈ സിനിമയിലെത്തിയത്?

A

ഹൈദരാബാദ് പോകാനായി കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ അപ്പയ്ക്ക് ഒരു കോള്‍ വരികയായിരുന്നു. ഷാജി എന്‍ കരുണ്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരാളെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. ഞങ്ങള്‍ തിരിച്ചുവന്ന് ഷാജി സാറിനെ കണ്ടു. അന്ന് സാര്‍ ഒരു വണ്‍ ലൈന്‍ പറഞ്ഞു. ഓഡിഷനോ ഫോട്ടോ ഷൂട്ടോ ഒന്നുമുണ്ടായിരുന്നില്ല. മായ എന്ന കാരക്ടര്‍ എങ്ങനെയായിരിക്കണം എന്ന് സാറിന്റെ മനസില്‍ ഒരു രൂപം ഉണ്ടായിരുന്നു. അതുകൊണ്ട് നേരിട്ട് കാണണം എന്ന് പറഞ്ഞത് അനുസരിച്ച് സാറിനെ കാണുകയായിരുന്നു. പിന്നീട് സ്‌ക്രിപ്ട് വായിക്കാന്‍ തന്നു. അങ്ങനെ ഈ സിനിമയിലെത്തി.

Q

രാജസ്ഥാനിക്കാരിയായ ജിപ്‌സി, ഒപ്പം ഒരു ഇന്റലിജന്റ് ആക്ടര്‍ ഈ നിലയ്ക്കുള്ള അന്വേഷണത്തിലാണ് എസ്തറിലെത്തിയത് എന്നാണ് ഷാജി എന്‍ കരുണ്‍ പറഞ്ഞത് കണ്ടത്.

A

ഇന്റലിജന്റ് ആയ ആക്ടര്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് സാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കോംപ്ലിമെന്റാണ്. രാജസ്ഥാനി ഫീച്ചേഴ്‌സ് ഉള്ള ആളെയാണ് നോക്കുന്നത് എന്ന് സാര്‍ സൂചിപ്പിച്ചിരുന്നു. ഷൂട്ട് തുടങ്ങിയത് മുതല്‍ ഞാന്‍ ചെയ്യുന്നത് ഷാജി സാറിന് ഇഷ്ടപ്പെടുന്നുണ്ടോ, അഭിനയം ശരിയാകുന്നുണ്ടോ എന്നൊക്കെ ടെന്‍ഷനുണ്ടായിരുന്നു. സാര്‍ എന്റെ അഭിനയത്തില്‍ തൃപ്തനായിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് വലിയ ഭാഗ്യം.

Q

ബാലതാരമായുള്ള എസ്തറിന്റെ പേര്‍ഫോര്‍മന്‍സാണ് പ്രേക്ഷകര്‍ കൂടുതല്‍ കണ്ടിട്ടുള്ളത്. ഈ സിനിമയില്‍ കോംപ്ലിക്കേറ്റഡ് ആയ ഒരു കാരക്ടര്‍, ഫാന്റസി സ്വഭാവമുള്ള സിനിമ

A

ശരിയാണ് കാരണം ഞാന്‍ ബാലതാരമായാണ് കൂടുതല്‍ സിനിമ ചെയ്തത്. ബാലതാരമായി അഭിനയിക്കുന്നത് പണി എളുപ്പമായിരുന്നു. ഓള് എന്ന സിനിമയിലെ നായികയിലേക്ക് വരുമ്പോള്‍ ഒരു പാട് ചെയ്യാനുണ്ടായിരുന്നു. ആ കഥാപാത്രത്തിന് ഒരു പാട് ഇമോഷന്‍സ് ഉണ്ട്. സന്തോഷമുണ്ട്, സങ്കടമുണ്ട്, പ്രണയമുണ്ട്. സാര്‍ ആ കഥാപാത്രത്തിനായി കണ്‍സീവ് ചെയ്ത പ്രണയം എന്റെ പ്രായത്തില്‍ ഞാന്‍ ഉള്‍ക്കൊണ്ട് അഭിനയിക്കുന്നുണ്ടോ എന്നൊക്കെ ഇടക്കിടെ ചിന്തിക്കുമായിരുന്നു. ഷാജി സാര്‍ ചിന്തിക്കുന്ന തലം എത്രയോ മുകളിലായിരിക്കും. നമ്മള്‍ പതിനഞ്ച് വയസിലും പതിനാറ് വയസിലും അത്രമാത്രം ഉള്‍ക്കൊള്ളാനാകണമെന്നില്ല, അല്ലെങ്കില്‍ അത്ര മനസിലാകണമെന്നില്ല. അത് മാച്ച് ആവാന്‍ തന്നെ കുറച്ച് സമയമെടുത്തു. പക്ഷേ ആ ബുദ്ധിമുട്ടുകള്‍ എല്ലാം ഒരു പഠനം എന്ന നിലയില്‍ എനിക്ക് നന്നായി ഗുണം ചെയ്‌തെന്നാണ് തോന്നിയത്.

Q

ഫാന്റസിയാണ് സിനിമ. ഈ സിനിമയിലെ മായ എന്ന കഥാപാത്രമാകാന്‍ എറ്റവും വെല്ലുവിളിയുള്ള പാര്‍ട്ട് എന്താിയിരുന്നു?

A

ഞാന്‍ ഇപ്പോള്‍ പറഞ്ഞത് പോലെ ഷാജി എന്‍ കരുണ്‍ സാര്‍ കണ്‍സീവ് ചെയ്ത് എനിക്ക് പരിചയപ്പെടുത്തുന്ന മായയും ഞാന്‍ എന്റെ ചിന്ത വച്ച് മനസിലാക്കുന്ന മായയും തമ്മില്‍ ഒത്തുപോകുന്നുണ്ടോ എന്നതായിരുന്നു എനിക്ക് തുടക്കം മുതലുണ്ടായിരുന്ന നല്ല ചാലഞ്ച്. ഒരു സീന്‍ വായിച്ച് മായ ഇങ്ങനെയായിരിക്കും ചിന്തിക്കുന്നത്, ആലോചിക്കുന്നത് എന്നൊക്കെ ഞാന്‍ എന്റെ പ്രായത്തിന് അനുസരിച്ചാണ് ചിന്തിക്കുന്നത്. ഈ സിനിമയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചിരിക്കുന്നത് ഷാജി സാര്‍ മായയെ കണ്‍സീവ് ചെയ്ത രീതിയും അവരുടെ പ്രണയവുമാണ്. അത് എത്രമാത്രം ഉള്‍ക്കൊണ്ട് ഞാന്‍ ചെയ്തിട്ടുണ്ട് എന്ന് പറയേണ്ടത് പ്രേക്ഷകരാണ്.

Q

ബലാല്‍സംഗത്തിന് ഇരയായി കായലില്‍ താഴ്ത്തപ്പെട്ട പെണ്‍കുട്ടി ആണ് മായ, കായലില്‍ താഴ്ത്തിയ മായയും മനസും ലോകവും സ്വപ്‌നവുമൊക്കെ സ്റ്റുഡിയോയില്‍ വിഎഫ്എക്സ് സജ്ജീകരണങ്ങളിലാണ് ചിത്രീകരിക്കുന്നത്.?

A

വെള്ളത്തില്‍ കെട്ടിത്താഴ്ത്തുന്ന സീന്‍ ശരിക്കും വെള്ളത്തില്‍ ഇറങ്ങി ഒരു ദിവസമാണ് ഷൂട്ട് ചെയ്തത്. പിന്നീടാണ് സ്റ്റുഡിയോയില്‍ ചിത്രീകരിച്ചത്. സത്യത്തില്‍ വെള്ളത്തില്‍ ഇറങ്ങി ചെയ്യുന്നതിനെക്കാള്‍ പാടാണ് വെള്ളം ഉണ്ടെന്ന് നമ്മളെ വിശ്വസിപ്പിച്ച് അഭിനയിക്കുന്നത്. വെള്ളത്തില്‍ താഴ്ന്ന് നില്‍ക്കുമ്പോള്‍ സംസാരിക്കുന്നത് വളരെ പതുക്കെയായിരിക്കും, ചുറ്റും മീനുകളും ചെടികളുമുണ്ടെന്ന് സങ്കല്‍പ്പിച്ചാണ് അഭിനയിക്കണ്ടത്.

ഗ്രീന്‍ മാറ്റില്‍ ഷൂട്ട് ചെയ്തപ്പോള്‍ ആ ട്രാക്കിലേക്ക് ഞാന്‍ എത്താന്‍ കുറച്ച് സമയമെടുത്തു. സത്യത്തില്‍ ഷൂട്ടിന് മുമ്പ് നീന്തല്‍ അറിയണോ എന്നൊക്കെ സാറിനോട് ചോദിച്ചിരുന്നു. വേണ്ട വിഎഫ്എക്‌സ് പാര്‍ട്ട് ആയിരിക്കും ആ ഭാഗങ്ങളെന്ന് സാര്‍ പറഞ്ഞു. ഞാന്‍ സ്റ്റുഡിയോയില്‍ ആദ്യ ദിവസം ഷൂട്ട് ചെയ്യാന്‍ വന്നപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കൊരു പിടിയും ഇല്ലായിരുന്നു. ദേഹത്ത് ചുറ്റും പൈപ്പ് പോലെ ചുറ്റിയിരിക്കുന്നു. സ്‌കിന്‍ കളര്‍ ഡ്രസ് ഇടുന്നു. പക്ഷേ ഷാജി എന്‍ കരുണ്‍ സാര്‍ എല്ലാ നിലയ്ക്കും നല്ല പരിഗണന തന്നാണ് ഓരോ കാര്യങ്ങളും ഷൂട്ട് ചെയ്തത്. കുഴപ്പമില്ല, ഇങ്ങനെ പറ്റില്ലേല്‍ വേറെ രീതിയില്‍ ചെയ്യാമെന്നൊക്കെ പറഞ്ഞ് നല്ല ധൈര്യം തന്നിരുന്നു. ഇതെല്ലാം വിഷ്വലില്‍ എങ്ങനെ വരുമെന്നും നമ്മുക്ക് അറിയില്ലല്ലോ. ഷൂട്ട് ചെയ്ത് കുറച്ച് ദിവസം കഴിഞ്ഞ് പോസ്റ്റര്‍ വന്നപ്പോള്‍ ശരിക്കും ബ്യൂട്ടിഫുളായി തോന്നി. പിന്നെ എം ജെ രാധാകൃഷ്ണന്‍ സാര്‍ ആണല്ലോ ഷൂട്ട് ചെയ്യുന്നത്. നമ്മള്‍ ചുറ്റും കാണുന്നത് ഏറ്റവും ഭംഗിയായാണ് ഷൂട്ട് ചെയ്ത ശേഷം കാണുന്നത്.

Q

ഷെയ്ന്‍ നിഗം ആണ് നായകന്‍. യുവനിരയിലെ പ്രധാന താരങ്ങളിലൊരാളാണ് ഷെയിന്‍. ഷെയ്നിന് ഒപ്പമുള്ള അഭിനയത്തെക്കുറിച്ച് പറയാനുള്ളത്

A

വിഎഫ്എക്‌സ് ഷൂട്ടില്‍ ഷെയ്ന്‍ ഒരു ദിവസമാണ് ഉണ്ടായിരുന്നത്. പത്ത് ദിവസം ആകെ ഷൂട്ട് ചെയ്തു. പിന്നീട് രാജസ്ഥാനില്‍ ഷൂട്ട് ചെയ്തപ്പോഴാണ് ഷെയ്ന്‍ ജോയിന്‍ ചെയ്തത്. ഷെയ്ന്‍ അങ്ങനെ ഒരു പാട് സംസാരിക്കുന്ന ആളല്ല. സംസാരിക്കുമ്പോള്‍ സിനിമയെക്കുറിച്ച് നന്നായി സംസാരിക്കും. ഷെയിന്‍ രാജഗിരിയിലാണ് കോളേജില്‍ പഠിച്ചത്. ഞാനും അവിടെയാണ് സ്‌കൂളിലാണ് പഠിച്ചത്.

Q

മുംബൈയില്‍ പഠിക്കുകയാണല്ലോ ഇപ്പോള്‍, സിനിമയില്‍ ബ്രേക്ക് ആണോ?

A

സെന്റ് സേവ്യേഴ്‌സില്‍ ആണ് ഇപ്പോള്‍. ബി എ ഇക്കണോമിക്‌സ് ഫസ്റ്റ് ഇയര്‍. സിനിമയ്‌ക്കൊപ്പം പഠനവും കൊണ്ടുപോകണമെന്നാണ് ആഗ്രഹിച്ചത്. കോളേജില്‍ ഇവിടെ കിട്ടിയത് കൊണ്ട് ഇങ്ങോട്ട് വന്നു. ഇവിടെ അറ്റന്‍ഡന്‍സ് സ്ട്രിക്ട് ആണ്. സിനിമ കുറേക്കൂടി ഫില്‍ട്ടര്‍ ചെയ്ത് ചെയ്യേണ്ടിവരും.

Q

മായ എന്ന കഥാപാത്രത്തെ ഗര്‍ഭിണിയായ ഘട്ടത്തില്‍ കൂടി സിനിമയില്‍ കാണിക്കുന്നുണ്ട്, ആദ്യ സിനിമയില്‍ തന്നെ ഗര്‍ഭാവസ്ഥയൊക്കെ ചിത്രീകരിച്ചപ്പോള്‍ എന്തായിരുന്നു കാരക്ടറിന് വേണ്ടിയുള്ള ഹോംവര്‍ക്ക്?

A

മായ എന്ന കഥാപാത്രം ഗര്‍ഭിണിയായ ഭാഗമൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ നന്നായി നെര്‍വസ് ആയിരുന്നു. കുറച്ച് ടെന്‍ഷന്‍ ഉള്ള ഭാഗമായിരുന്നു. റോപ്പ് ഒക്കെ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. ഷാജി സാര്‍ തന്ന കോണ്‍ഫിഡന്‍സ് വലുതായിരുന്നു. പിന്നെ ഡബ്ബിംഗ് എന്ന പാര്‍ട്ട് കൂടിയുണ്ടല്ലോ. അവിടെയായിരുന്നു കുറച്ച് കൂടി കാര്യമായി ചെയ്യാനുണ്ടായിരുന്നത്.

Q

ഓള് ഗോവയില്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു, പോസ്റ്ററിലും ട്രെയിലറിലും ബാലതാരമായി കണ്ടയാളെ നായികയായി കണ്ടപ്പോള്‍ എന്തൊക്കെയായിരുന്നു പ്രതികരണം?

A

ഈ സിനിമ ചെയ്യുന്നതിന് മുമ്പ് ഞാന്‍ ചാനലില്‍ പ്രോഗ്രാം ചെയ്തിരുന്നു. അപ്പോള്‍ പലരും എന്നോട് ചോദിച്ചു, പെട്ടെന്ന് വലുതായല്ലോ എന്ന്. പെട്ടെന്ന് കുറേ പൊക്കം വച്ചല്ലോ എന്നൊക്കെ. സത്യത്തില്‍ ഈ ചാനലില്‍ പ്രോഗ്രാമില്‍ കണ്ടപ്പോഴാണ് ദൃശ്യം ഇപ്പഴല്ലേ ഇറങ്ങിയത് ഇത്ര വേഗം വലുതായോ എന്നൊക്കെ ആളുകള്‍ കാണുമ്പോള്‍ ചോദിക്കാന്‍ തുടങ്ങിയത്. ടിവിയില്‍ എന്റെ ഇപ്പോഴത്തെ അതേ പ്രായത്തില്‍ കണ്ടത് കൊണ്ട് സിനിമയില്‍ കാണുമ്പോള്‍ അങ്ങനെ പ്രശ്‌നമൊന്നും കാണില്ല.

Q

ബാലതാരത്തില്‍ നിന്ന് നായികായി മാറിയപ്പോള്‍ സിനിമകളുടെ സെലക്ഷനില്‍ എന്ത് മാറ്റമുണ്ടായി?

A

അങ്ങനെയൊന്നുമില്ല. അടുത്ത് ഒരു തെലുങ്ക് സിനിമ ചെയ്തു, ഏപ്രില്‍ വെക്കേഷനിലാണ് ചെയ്തത്. അത് അഞ്ച് കഥകള്‍ ഉള്ള സിനിമയായിരുന്നു. എന്റെ കഥയില്‍ ഞാന്‍ ഹീറോയിന്‍ എന്നേയുള്ളൂ. അല്ലാതെ ആ സിനിമയിലെ ഒരേ ഒരു നായികയൊന്നുമല്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നേ ഉള്ളൂ. നായികാ വേഷങ്ങള്‍ തന്നെ ചെയ്യണമെന്നൊന്നും ഇല്ല.നല്ല കാരക്ടര്‍ റോളുകള്‍ ചെയ്യാനാണ് ഇഷ്ടം.

Q

ഓള് തിയറ്ററില്‍ കാണുന്നുണ്ടോ

A

ഗോവയില്‍ ഇഫിയില്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞാന്‍ സിനിമ കണ്ടിരുന്നു. റിലീസിന് കാണണം എന്നുണ്ട്. ഇവിടെ മുംബൈയില്‍ റിലീസ് ഉണ്ടോ എന്നറിയില്ല. ഫ്രണ്ട്‌സ് എല്ലാവരും നല്ല എക്‌സൈറ്റ്‌മെന്റില്‍ കാണണം ആണ്. കുറേ പേരൊക്കെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ആക്കിയൊക്കെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in