ദൃശ്യം 2 മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ സിനിമയിലെ ഏറ്റവും വെല്ലുവിളി നേരിട്ട രംഗം വെളിപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. 'ആ പയ്യന്റെ ബോഡി അവിടെയാണല്ലേ കുഴിച്ചിട്ടിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ വരുന്ന രംഗമുണ്ട്. ആ രംഗമായിരുന്നു ഏറ്റവും വെല്ലുവിളി നേരിട്ടത്. സിനിമയിലെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന്റെ യഥാര്‍ത്ഥ ഇമോഷന്‍ പ്രകടിപ്പിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്.
അയാള്‍ക്ക് മറ്റ് ചില ഇമോഷന്‍സിലൂടെ മാത്രമേ നിലനില്‍പ്പ് ഉള്ളു. കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം റിയല്‍ ഇമോഷന്‍ മറച്ചു വെച്ചുകൊണ്ടാണ് ആ രംഗം അവതരിപ്പിക്കേണ്ടത് . അതുകൊണ്ടു തന്നെ ഏറ്റവും വെല്ലുവിളി നേരിട്ട രംഗമതായിരുന്നു. എഎംഡിബിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ദൃശ്യം ഒന്നാം ഭാഗത്തിന് ലഭിച്ച ഹൈപ്പ് കൊണ്ടാണ് ദൃശ്യം 2 ഇത്രയും ശ്രദ്ധ നേടിയത്. ഒരു പുതിയ സിനിമയ്ക്ക് ഒ.ടി.ടിയില്‍ ഇത്രയും ഹൈപ്പ് കിട്ടാനുള്ള സാധ്യത കുറവാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ അഭിമുഖത്തില്‍
ആ പയ്യന്റെ ബോഡി അവിടെയാണല്ലേ കുഴിച്ചിട്ടിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ വരുന്ന രംഗമുണ്ട്. എന്നെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു. കാരണം ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് സാഹചര്യങ്ങളോടൊന്നും പ്രത്യക്ഷമായി പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ ചെയ്താല്‍ അയാളും കുടുംബവും പിടിക്കപ്പെടും. അതുകൊണ്ടു തന്നെ റിയല്‍ ഇമോഷന്‍സിനെ ഉള്ളില്‍ ഒതുക്കി മറ്റേതെങ്കിലും ഒരു ഇമോഷന്‍ മുഖത്ത് കൊണ്ടുവരണം. അയാളുടെ കുടുംബം പിന്നില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. ആ സമയത്ത് കണ്ണുകള്‍ ചിമ്മിക്കൊണ്ട് ജോര്‍ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. അത് വെല്ലുവിളി നിറഞ്ഞ രംഗമായിരുന്നു. ആക്ടിങ് എന്നത് ഒരു 'മേക്ക് ബിലീഫ് ' ആണ്.
പിന്നെ, ആശാ ശരത്തിന്റെ കഥാപാത്രം തല്ലുന്ന രംഗമുണ്ട്. കുടുംബത്തിന്റെ മുന്നില്‍വെച്ചാണ് ജോര്‍ജ്കുട്ടിയെ തല്ലുന്നത്. അയാളെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തിന്റെ മുന്നില്‍ വെച്ച് തല്ല് കൊള്ളുന്നത് വലിയ നാണക്കെട് തന്നെയാണ്. സ്വന്തം കുടുംബത്തെ രക്ഷിക്കണമെന്ന ഒറ്റ ചിന്ത മാത്രമാണ് അയാള്‍ക്കുള്ളത്. ഒരു ചെറിയ തെറ്റ് പോലും ജോര്‍ജ്കുട്ടിക്ക് സംഭവിക്കുവാന്‍ പാടില്ല. അതുകൊണ്ടു തന്നെ ആറ് വര്‍ഷമെടുത്താണ് സംവിധായകന്‍ ജീത്തു ജോസഫ് സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയത്. എന്തെങ്കിലും ചെറിയ തെറ്റ് പറ്റിയാല്‍ ജോര്‍ജ്കുട്ടിയും കുടുംബവും ഇല്ലാതാവും.
ദൃശ്യം ഒന്നാം ഭാഗത്തിന് അത്രത്തോളം ഹൈപ് കിട്ടിയത് കൊണ്ടാണ് ദൃശ്യം 2 ഇത്രയും ശ്രദ്ധിക്കപ്പെട്ടത്. ഒരു ഫ്രഷ് സിനിമ, അതും റീജിയണല്‍ കണ്ടന്റ്, ആയിരുന്നെങ്കില്‍ ഒടിടിയില്‍ ഇത്രയും ഹൈപ്പ് കിട്ടുമെന്ന് കരുതുന്നില്ല. കിരീടത്തിലെയും നാടോടിക്കറ്റിലെ ദാസനും വിജയനും എന്ന കഥാപാത്രങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഈ സിനിമകള്‍ക്ക് തുടര്‍ച്ച ഉണ്ടായിരുന്നു. സീക്വല്‍ ഒരുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പുലിമുരുകന്റെ സീക്വലിനെക്കുറിച്ച് ആളുകള്‍ ചോദിക്കുന്നുണ്ട്. അതൊരു ഹിറ്റ് ചിത്രമായിരുന്നല്ലോ. പക്ഷെ ലൂസിഫറിന്റെ സീക്വല്‍ ഇപ്പോള്‍ എമ്പുരാന്‍ എന്ന പേരില്‍ ഒരുങ്ങുകയാണ്