ആ നാല് റിപ്പോര്‍ട്ടുകളുടെ സ്ഥിതി ആകില്ല ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെന്ന് പ്രതീക്ഷിക്കുന്നു : ഡോ ബിജു
മലയാള സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചും സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും മാനിസിക പീഡനങ്ങളുമെല്ലാം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മലയാള സിനിമയില്‍ എന്ത് നടക്കണം എന്ത് നടക്കരുത് എന്ന് തീരുമാനിക്കുന്ന ലോബിയുണ്ടെന്നും അവര്‍ക്ക് വിധേയരായി നില്‍ക്കുന്നവര്‍ക്ക് മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വനിതാ ജഡ്ജി അംഗമായി അടിയന്തരമായി ട്രിബ്യൂണല്‍ രൂപവത്കരിക്കണമെന്നുള്‍പ്പെടെ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ചു മുന്‍പ് സമര്‍പ്പിക്കപ്പെട്ട മറ്റ് റിപ്പോര്‍ട്ടുകളുടെ ഗതി വരില്ലെന്നാണ് കരുതുന്നതെന്ന് സംവിധായകന്‍ ഡോ ബിജു പ്രതികരിച്ചു.
2014 ആഗസ്റ്റ് മാസത്തില്‍ സമര്‍പ്പിച്ച അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കലാമൂല്യമുള്ള മലയാള സിനിമകള്‍ക്ക് സബ്സിഡി നല്‍കാനുള്ള നിര്‍ദ്ദേശമടങ്ങിയ 2018ലെ റിപ്പോര്‍ട്ട്, 2018ലെ തന്നെ സിനിമാ റെഗുലേറ്ററി ആക്ട്, ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കുന്ന മലയാള സിനിമകള്‍ക്ക് കേരള പ്രീമിയര്‍ നര്‍ബന്ധമാക്കണമെന്ന നിര്‍ദേശം ഉള്‍പ്പെടുന്ന കേരള ചലച്ചിത്ര മേള റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍ പരിഷ്‌കരണ കമ്മിറ്റി 2018 ജൂലൈ മാസത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടങ്ങിയവ ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ ബിജുവിന്റെ വിമര്‍ശനം.
മുന്‍പ് പല റിപ്പോര്‍ട്ടുകളും കമ്മിറ്റികളും ഉണ്ടായെങ്കിലും അവയിലൊന്നും ഫലപ്രദമായ ഇച്ഛാശക്തിയുള്ള ഇടപെടലുകള്‍ ഉണ്ടായില്ല എന്നത് ഓര്‍മ്മിപ്പിക്കുന്നത് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഫലപ്രദമായ നടപടികള്‍ ഉറപ്പു വരുത്തേണ്ടതുണ്ട് എന്ന് ഓര്‍മപ്പെടുത്താന്‍ കൂടിയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ സബ്‌സ്‌ക്രൈബ് ചെയ്യാം
ഡോ ബിജുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.
ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയില്‍ നിയമ നിര്‍മാണം നടത്തും എന്ന സാംസ്‌കാരിക മന്ത്രിയുടെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെ , ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു. മുന്‍പ് പല റിപ്പോര്‍ട്ടുകളും കമ്മിറ്റികളും ഉണ്ടായെങ്കിലും അവയിലൊന്നും ഫലപ്രദമായ ഇച്ഛാശക്തിയുള്ള ഇടപെടലുകള്‍ ഉണ്ടായില്ല എന്നത് ഈ അവസരത്തില്‍ ഓര്‍മിപ്പിക്കേണ്ടതുമുണ്ട്. അവ ഓര്‍മ്മിപ്പിക്കുന്നത് ഈ റിപ്പോര്‍ട്ടില്‍ ഫലപ്രദമായ നടപടികള്‍ ഉറപ്പു വരുത്തേണ്ടതുണ്ട് എന്ന് ഓര്‍മപ്പെടുത്താന്‍ കൂടിയാണ്..മറവിയില്‍ ആണ്ടു പോയ ചില റിപ്പോര്‍ട്ടുകള്‍...
1. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 2014 ആഗസ്റ്റ് മാസത്തില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ ഭൂരിപക്ഷം കാര്യങ്ങളും ഇനിയും നടപ്പിലായിട്ടില്ല..
2. കലാമൂല്യമുള്ള മലയാള സിനിമകള്‍ക്ക് സബ്സിഡി നല്‍കാനുള്ള നിര്‍ദ്ദേശം . ലെനിന്‍ രാജേന്ദ്രന്‍, ഷാജി എന്‍ കരുണ്‍ , ബി.അജിത് കുമാര്‍, കെ എസ് എഫ് ഡി സി എം ഡി എന്നിവര്‍ക്കൊപ്പം ഞാന്‍ കൂടി അംഗമായിരുന്ന കമ്മിറ്റി റിപ്പോര്‍ട്ട് 2018 ജൂലൈ മാസത്തില്‍ സമര്‍പ്പിച്ചു. തുടര്‍ നടപടികള്‍ ഒന്നും തന്നെ ഇല്ല.. കേരളം ഒഴികെയുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കലാ മൂല്യ സിനിമകള്‍ക്ക് സബ്‌സിഡിയും ആവശ്യമായ പ്രോത്സാഹനങ്ങളും നല്‍കി തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി..മികച്ച ഒരു സിനിമാ സംസ്‌കാരം അതുകൊണ്ടു തന്നെ ആ സംസ്ഥാനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാരുകളുടെ സഹായം സാധ്യമാക്കി..കേരളം ഇക്കാര്യം ഒന്നും അറിഞ്ഞ മട്ടില്ല ഇപ്പോഴും..
3. സിനിമാ റെഗുലേറ്ററി ആക്ട് 2018 ഒക്ടോബറില്‍ തയ്യാറാക്കി. ഇപ്പോള്‍ എന്താണ് സ്ഥിതി എന്നറിയില്ല.
4. കേരള ചലച്ചിത്ര മേള റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍ പരിഷ്‌കരണ കമ്മിറ്റി 2018 ജൂലൈ മാസത്തില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കുന്ന മലയാള സിനിമകള്‍ക്ക് കേരള പ്രീമിയര്‍ നര്‍ബന്ധമാക്കണം എന്നത് ഉള്‍പ്പെടെയുള്ള ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ ചലച്ചിത്ര അക്കാദമി അട്ടിമറിച്ചു...
അപ്പോള്‍ ഇനി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ആണ്..മറ്റ് നാല് റിപ്പോര്‍ട്ടുകളുടെ സ്ഥിതി ആകില്ല എന്നു വിശ്വസിക്കുന്നു..പ്രതീക്ഷിക്കുന്നു..
നടി ആക്രമിക്കപ്പട്ടതിന് പിന്നാലെ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യൂസിസി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമേ നടി ശാരദ, കെ ബി വത്സല കുമാരി എന്നിവര്‍ കമ്മീഷനിലുണ്ട്. 2017ല്‍ രൂപീകരിച്ച കമ്മീഷന്‍ രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിര്‍മാണം, അഭിനയം, സംവിധാനം തുടങ്ങി പ്രധാന മേഖലകളിലെ 57 പേരുമായി നേരില്‍ക്കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ചിത്രീകരണ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാറില്ല. വസ്ത്രം മാറാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ ഉള്ള സൗകര്യംപോലും പലയിടത്തുമില്ല. ഇത്തരം കാര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണം. നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്കു ചെല്ലാന്‍ പറയും. അവരോട് ലൈംഗികതാത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ. ഇതിന്റെ വാട്സാപ്പ് ചാറ്റ്, സ്‌ക്രീന്‍ ഷോട്ടുകള്‍, എസ്.എം.എസ്. സന്ദേശങ്ങള്‍ എന്നിവയുടെ നൂറിനടുത്ത് തെളിവുകള്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അവസരത്തിനായി കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിക്കുന്നതായിട്ടും ചിലര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി. പ്രമുഖരായ പലര്‍ക്കും അപ്രഖ്യാപിത വിലക്കുണ്ട് ചലച്ചിത്രരംഗത്തെ സ്ത്രീകളുമായും തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും്. വനിതാ ജഡ്ജി അംഗമായി അടിയന്തരമായി ട്രിബ്യൂണല്‍ രൂപവത്കരിക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.