വിറപ്പിക്കാന്‍ ദശമൂലം ദാമു 2020ല്‍, ട്രോളന്മാരിലൂടെ പുനര്‍ജന്മം കിട്ടിയ ‘ഗുണ്ട’യുമായി സുരാജും ഷാഫിയും 

വിറപ്പിക്കാന്‍ ദശമൂലം ദാമു 2020ല്‍, ട്രോളന്മാരിലൂടെ പുനര്‍ജന്മം കിട്ടിയ ‘ഗുണ്ട’യുമായി സുരാജും ഷാഫിയും 

Published on

ചട്ടമ്പിനാടിലെ ദശമൂലം ദാമു എന്ന കഥാപാത്രം ആസ്പദമാക്കി സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് സുരാജ് വെഞ്ഞാറമ്മൂട് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലവും സംവിധായകന്‍ ഷാഫിയും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുയാണ്. ആളുകള്‍ക്ക് അത്രയും പ്രതീക്ഷയുള്ള ചിത്രമായതിനാല്‍ സൂക്ഷിച്ച് മാത്രമേ ആ സിനിമ ചെയ്യുവെന്നും സുരാജ് 'ദ ക്യൂ ഷോ ടൈമി'ല്‍ നേരത്തെ പറഞ്ഞിരുന്നു. ദശമൂലം ദാമു നായകനായ സിനിമ 2020 എത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍ ഷാഫി. സുരാജിനൊപ്പം ഏത് ചടങ്ങില്‍ പങ്കെടുത്താലും ദശമൂലം ദാമു കേന്ദ്രകഥാപാത്രമായ സിനിമ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ആളുകള്‍ ചോദിക്കും, അത്രയേറെ ആരാധകരാണ് ദാമുവിന് ഉള്ളത്.

ചട്ടമ്പിനാടില്‍ നിന്ന് അടിമുറി മാറിയൊരു കഥാപരിസരമായിരിക്കും ദശമൂലം ദാമു നായകനാകുന്ന സിനിമയ്ക്ക. ദശമൂലം ദാമു മറ്റൊരു ഗ്രാമത്തില്‍ വന്നെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരിക്കും സിനിമ. ബെന്നി പി നായരമ്പലമാണ് തിരക്കഥ. സുരാജ് വെഞ്ഞാറമ്മൂടിന് നായകന്‍ എന്ന നിലയില്‍ കിട്ടുന്ന കയ്യടിയും, സുരാജ് നായകനായ സിനിമകളുടെ തുടര്‍ച്ചയായ വിജയവും ദാമുവിന്റെ രണ്ടാം വരവിന് വേഗം കൂടാന്‍ കാരണമായിട്ടുണ്ട്. ദശമൂലം ദാമു നായകനാകുന്ന സിനിമയിലേക്ക് കടന്നതായി സംവിധായകന്‍ ഷാഫി പറഞ്ഞത് ടൈംസ് ഓഫ് ഇന്ത്യയോടാണ്.

വിറപ്പിക്കാന്‍ ദശമൂലം ദാമു 2020ല്‍, ട്രോളന്മാരിലൂടെ പുനര്‍ജന്മം കിട്ടിയ ‘ഗുണ്ട’യുമായി സുരാജും ഷാഫിയും 
‘ഷാഫി സാറും ബെന്നിച്ചേട്ടനും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്’; ‘ദശമൂലം ദാമു’ വീണ്ടും വരുമെന്ന് സുരാജ്

ആരാണ് ദശമൂലം ദാമു, സുരാജ് വെഞ്ഞാറമ്മൂട് ദ ക്യുവിനോട്

ദശമൂലം ദാമു നിഷ്‌കളങ്കനായ കഥാപാത്രമാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരാള്‍,അയാള്‍ക്ക് വേണ്ടിയല്ല അയാള്‍ തല്ലുകൊള്ളുന്നത്, വേറൊരാള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ഫുള്‍ ഷോ കാണിക്കാനായിട്ട് പോവുക, മണ്ടത്തരം കാണിക്കുക, ഒരു പാവം മനുഷ്യനാണ്. സിനിമ ഇറങ്ങി പിന്നീട് ആ കഥാപാത്രം വീണ്ടും വന്ന് ഹിറ്റാകുന്നത് വലിയ സന്തോഷമാണ്.

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചട്ടമ്പിനാട്. സിനിമയിലെ ഹാസ്യ കഥാപാത്രമായിരുന്നു ചട്ടമ്പിയായ ദശമൂലം ദാമു. തിയ്യേറ്ററുകളില്‍ ചിരി പടര്‍ത്തിയ കഥാപാത്രം പിന്നീട് സോഷ്യല്‍ മീഡിയിയല്‍ ട്രോളന്മാര്‍ ട്രെന്‍ഡിങ്ങാക്കി. രമണനും മണവാളനുമെല്ലാം പോലെ ട്രോളന്മാര്‍ക്കിടയിലെ പ്രധാന പേരുകാരനാണ് ദശമൂലം ദാമു. 2019ല്‍ സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമായെത്തിയ ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്നീ സിനിമകള്‍ മികച്ച വിജയമായിരുന്നു.

logo
The Cue
www.thecue.in