വെള്ളം എന്ന സിനിമയില്‍ എത്ര തിരഞ്ഞാലും ജയസൂര്യയെ കാണില്ലെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ജയന്‍ മുരളിയായി മാറുന്ന ഒടിവിദ്യയില്‍ നാം അത്ഭുതപ്പെട്ടിരുന്നുപോകുമെന്നും സന്തോഷ് വിശ്വനാഥിന്റെ കുറിപ്പ്.
സന്തോഷ് വിശ്വനാഥിന്റെ കുറിപ്പ്
ആള് വെള്ളമാണ്. " പ്രിയപ്പെട്ട പലരെക്കുറിച്ചും കേൾക്കുമ്പോൾ അതെയെന്ന് നമ്മൾ ചിരിച്ചു തലകുലുക്കിയിട്ടുണ്ടാവും. ആ നമ്മൾക്കു വേണ്ടിക്കൂടിയാണ് പ്രജേഷ് സെൻ മുരളിയുടെ കഥ പറയുന്നത്. പ്രിയപ്പെട്ട ജയസൂര്യ മുരളിയായി ജീവിക്കുന്നത്. അപഹാസ്യത്തിൻ്റെ എത്രയെത്ര ഇടങ്ങളിൽ നിന്ന് മുരളിമാരെ നമ്മൾ ആട്ടിയിറക്കിയിട്ടുണ്ട്. തോറ്റുപോയി എന്നു വിശ്വസിച്ചുപോയവരുടെ തോളിൽ ഒരിക്കലെങ്കിലും കൈവച്ചിട്ടുണ്ടോ, സ്നേഹത്തോടെ അവരെ ചേർത്തുപിടിച്ചിട്ടുണ്ടോ? അവരുടെ ഇരുണ്ട ജീവിതത്തിൽ നിന്ന് മടങ്ങിവരാനുള്ള യാചനകളിൽ ഒരു തുള്ളി വെളിച്ചമായിട്ടുണ്ടോ ? ഈ ചോദ്യങ്ങളെ സൗമ്യമായി ഉന്നയിച്ചുകൊണ്ടാണ് സിനിമ നമ്മളെ അഭിസംബോധന ചെയ്യുന്നത്.
ആ വിധികർത്താക്കളായ നമ്മളോടാണ് മുരളിയുടെ ജീവിതം മുന്നിൽവച്ച് സംവിധായകനായ പ്രജേഷ് സംസാരിക്കുന്നത്.ജീവിതത്തിൽ ഇനി ഒന്നും ശേഷിക്കുന്നില്ലെന്ന ബോധ്യങ്ങളെ തിരുത്തുന്നത്.
സൗഹൃദങ്ങളുടെ പൂക്കാലങ്ങൾ എല്ലാവർക്കുമുണ്ട്. കുടിച്ചും കൂകിവിളിച്ചും പാട്ടുപാടിയും കൊണ്ടു നടന്ന യൗവനകാലങ്ങൾ. ആ കാലങ്ങൾക്ക് ഇടവേളകൊടുത്ത് ജീവിത പ്രാരാബ്ദങ്ങളിലേക്കും കുടുംബ ജീവിതത്തിലേക്കും സാമൂഹിക ഉത്തരവാദിത്വങ്ങളിലേക്കും എല്ലാവരും തിരിച്ചുവരും. എന്നാൽ അപ്പോഴും തിരികെ വരാനാകാതെപോയ ചിലരുണ്ടാകും. ആഘോഷരാവിനൊടുവിലെ എച്ചിൽപാത്രങ്ങൾ പോലെ ശേഷിച്ചു പോയവർ. കഴുകി വെളുപ്പിക്കാൻ നോക്കും തോറും എച്ചിലായിപ്പോകുന്ന ചില ജന്മങ്ങൾ. അമ്മയ്ക്ക് കണ്ണീർ മാത്രം കൊടുത്ത മകനായി, അച്ഛൻ്റെ അഭിമാനത്തിനേറ്റ ഉണങ്ങാമുറിവായി, ഭാര്യയുടെ സങ്കടങ്ങൾക്കും നിസഹായതയ്ക്കും ചെവിയും കണ്ണും കൊടുക്കാത്ത വെറും 'വാട്ടർ മാനാ 'യി മകളുടെ സ്കൂൾ മുറ്റത്ത് ഉടുതുണി അഴിഞ്ഞ് വീണുകിടക്കാൻ വിധിക്കപ്പെട്ടവനായി അയാൾ മാറിയിട്ടുണ്ടാകും. അബോധത്തിൽ ഉപേക്ഷിച്ചു പോകുന്ന 'കുടിക്കമ്പനികൾ' ഒടുവിൽ ബോധത്തിലും അയാളെ ഉപേക്ഷിക്കും. അങ്ങനെ ഒരിക്കൽ കൊടിയേറിയ ഉത്സവത്തിൻ്റെ എല്ലാ മേളവും കഴിയുന്ന ദിനത്തിൽ അയാൾ വെറുക്കപ്പെട്ടവനാകും. ദൂരദേശത്തെ ലോഡ്ജ് മുറിയിലെ കറക്കം നിന്ന ഫാനിൽ അയാൾ ഉടുമുണ്ട് അഴിച്ചു കെട്ടിയേക്കും. തീവണ്ടിച്ചക്രങ്ങൾ അയാളുടെ ഉടലിനെ പൂക്കുല പോലെ ചിതറിക്കടന്നു പോയിരിക്കും. പുഴയിലോ വീട്ടുകിണറ്റിലോ ഇനി മുങ്ങാനാകാത്ത വിധം അയാൾ ചത്തുപൊന്തിയിട്ടുണ്ടാകും. അതുമല്ലെങ്കിൽ താളം തെറ്റിയ മനസ്സുമായി ഭൂതകാലത്തിലെ നല്ലോർമ്മകൾ ഒന്നുമില്ലാതെ തെരുവുനായ്ക്കളുടെ മനുഷ്യരൂപമായി അയാൾ അലഞ്ഞൊടുങ്ങിയിട്ടുണ്ടാകും.എല്ലാ കുടിയന്മാർക്കും നാം കല്പിച്ചിട്ടുള്ള അന്ത്യവിധിയാണത്. ആ വിധികർത്താക്കളായ നമ്മളോടാണ് മുരളിയുടെ ജീവിതം മുന്നിൽവച്ച് സംവിധായകനായ പ്രജേഷ് സംസാരിക്കുന്നത്.ജീവിതത്തിൽ ഇനി ഒന്നും ശേഷിക്കുന്നില്ലെന്ന ബോധ്യങ്ങളെ തിരുത്തുന്നത്. പൊതു ഇടങ്ങളിൽ ഒരു കാലിച്ചായപോലും നിഷേധിക്കപ്പെട്ട് പട്ടിയെപ്പോലെ ആട്ടിയിറക്കപ്പെടുന്ന നിമിഷത്തിൽ ആരോ ഒരാൾ നിങ്ങളെ കാത്തിരിപ്പുണ്ടാകും എന്ന പ്രത്യാശ പകരുന്നത്. ഏത് കൂരിരുട്ടിട്ടിനെയും മുറിച്ചുകടക്കാൻ ഒരു മിന്നാമിനുങ്ങിൻ്റെ വെട്ടം മതി. ആ വെട്ടമാണ് ഈ സിനിമയെ നമ്മുടെ ഹൃദയത്തിൽ സുവർണ്ണമായി പതിപ്പിച്ചു വയ്ക്കുന്നത്. നമ്മൾ ഒഴിവാക്കിക്കളഞ്ഞ കൂട്ടുകാരനെക്കുറിച്ച്, കൂടപ്പിറപ്പിനെക്കുറിച്ച് കുറ്റബോധത്തോടെ ചിന്തിപ്പിക്കുന്നത്. 'വെള്ളം' നനഞ്ഞിറങ്ങുമ്പോൾ അവനെയൊന്ന് വിളിക്കണമെന്നും കാണണമെന്നും തോന്നിപ്പിക്കുന്നത്.
ഈ ലോകം അവൻ്റേതു കൂടിയാണെന്ന് പഠിപ്പിക്കുന്നത്. സിനിമയിലെ മുരളിക്ക് എന്തു സംഭിച്ചു എന്നത് ജീവിക്കുന്ന യഥാർത്ഥ്യമാണ്. തിരിച്ചുപിടിച്ച ജീവിതം കൊണ്ട് അയാൾ എല്ലാ തോൽവികളെയും റദ്ദു ചെയ്തിരിക്കുന്നു. അപമാനത്തിൻ്റെ എല്ലാ ചവിട്ടുപടികളും കയറി അയാൾ ബഹുമാനപ്പെട്ടവനായിരിക്കുന്നു.വെള്ളം ആ പ്രതീക്ഷയുടെ ചിത്രമാണ്. തീയറ്ററിൽ നമ്മളെ ചിരിപ്പിച്ചും കരയിപ്പിച്ചും ഒപ്പം ഇറങ്ങിവരുന്ന ഗംഭീര സിനിമ. ഈ സിനിമയിൽ നിങ്ങൾ എത്ര തിരഞ്ഞാലും ജയസൂര്യയെ കാണില്ല.ജയൻ മുരളിയായി മാറുന്ന ഒടിവിദ്യയിൽ നാം അത്ഭുതപ്പെട്ടിരുന്നുപോകും. കാണുമ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ അതിനപ്പുറം എന്താണ് ജയന് കൊടുക്കാനാവുക. നന്ദി പ്രിയപ്പെട്ട ജയസൂര്യാ, പ്രജേഷ് കൊറോണയുടെ ദുരിതകാലങ്ങളെ അതിജീവിക്കാൻ പ്രയത്നിക്കുന്ന ഒരു ജനതയോട് ചലച്ചിത്രം കൊണ്ട് മറ്റൊരു അതിജീവന കഥ പറഞ്ഞതിന്. തീയറ്ററുകളിലേക്ക് ആസ്വാദകരെ തിരിക എത്തിച്ചതിന്. നല്ലൊരു സിനിമ തന്നതിന്.