'കിഷ്‌കിന്ധാ കാണ്ഡം' രാമായണത്തിലെ ബാലിയുടെയും സുഗ്രീവന്റെയും കഥയല്ല: സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍

'കിഷ്‌കിന്ധാ കാണ്ഡം' രാമായണത്തിലെ ബാലിയുടെയും സുഗ്രീവന്റെയും കഥയല്ല: സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍
Published on

രാമായണത്തിലെ കിഷ്‌കിന്ധാ കാണ്ഡവുമായി തന്റെ ചിത്രത്തിന് ഒരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍. ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, വിജയ രാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രമാകുന്ന കിഷ്‌കിന്ധാ കാണ്ഡം എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍. പോസ്റ്റര്‍ കണ്ടിട്ട് ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നത് ഇത് കുരങ്ങന്മാരുടെ കഥയാണെന്നാണ്. ചിത്രത്തിന് പുരാണവുമായി നേരിട്ട് ബന്ധമില്ല. കാടും കുരങ്ങന്മാരുമുള്ള ഭൂപ്രകൃതിയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഈ കഥ തന്നെ വിസ്മയിപ്പിച്ചുവെന്നും 8 ദിവസം കൊണ്ടാണ് തിരക്കഥ തയ്യാറാക്കിയതെന്നും ദിന്‍ജിത്ത് അയ്യത്താന്‍ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 12ന് ചിത്രം തിയറ്ററുകളിലെത്തും.

ദിന്‍ജിത്ത് പറഞ്ഞത്:

'കിഷ്‌കിന്ധാ കാണ്ഡം' എന്ന പേരില്‍ തന്നെ ചിത്രത്തെക്കുറിച്ച് കുറെ ചോദ്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. ബാലിയും സുഗ്രീവനും അടങ്ങുന്ന വാനരന്മാരുടെ ലോകമാണ് രാമായണത്തിലെ കിഷ്‌കിന്ധാ കാണ്ഡം. പക്ഷെ ഈ സിനിമ അങ്ങനെയൊന്നുമല്ല. ചിത്രവും പുരാണവുമായി നേരിട്ട് ബന്ധമില്ല. കാടും കുരങ്ങന്മാരുമുള്ള ഒരു ഭൂപ്രകൃതിയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആ രീതിയില്‍ കുരങ്ങന്മാര്‍ സിനിമയുടെ ഭാഗമാണ്. പോസ്റ്റര്‍ ഉള്‍പ്പെടെ കണ്ടിട്ട് ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നത് ഇത് കുരങ്ങന്മാരുടെ കഥയാണെന്നാണ്. പക്ഷെ അങ്ങനെ ഒന്നുമല്ല. ദുരൂഹത നിറഞ്ഞ ഒരു ത്രില്ലര്‍ കഥയാണ് കിഷ്‌കിന്ധാ കാണ്ഡം.

8 ദിവസം കൊണ്ട് ബാഹുല്‍ എഴുതിയ കഥയാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റേത്. ബാഹുലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും. ഒരുപാട് കഴിവുള്ള ആളാണ് ബാഹുല്‍. ത്രെഡ് പറഞ്ഞ് ഒരാഴ്ച കഴിഞ്ഞു കണ്ടപ്പോള്‍ സ്‌ക്രിപ്റ്റ് റെഡിയായിരുന്നു. തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. എന്നെ അത്രയധികം ആവേശം കൊള്ളിച്ച സ്‌ക്രിപ്റ്റ് ആയിരുന്നു അത്.

ഫാമിലി ത്രില്ലര്‍, ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ അപര്‍ണ്ണ മുരളിയാണ് നായിക. ഒരു റിസര്‍വ് ഫോറസ്റ്റിനടുത്ത് ജോലി ചെയ്യുന്ന യുവാവിന്റെ കുടുംബ ജീവിതത്തിലുണ്ടാകുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കല്ലേപ്പത്തി എന്ന റിസര്‍വ് ഫോറസ്റ്റും അവിടെ നടക്കുന്ന നക്സല്‍ പ്രവര്‍ത്തനങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം എന്ന് നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ സൂചന നല്‍കുന്നു. എ ടെയ്ല്‍ ഓഫ് ത്രീ മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രത്തിന് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത് ബാഹുല്‍ രമേഷാണ്.

Related Stories

No stories found.
logo
The Cue
www.thecue.in