'സിനിമ പാരഡിസോ പോലെയുള്ള ജീവിതം, ആ​ഗ്രഹിക്കുമ്പോഴെല്ലാം ആ കിളി വാതിലിലൂടെ സിനിമ കാണാൻ കഴിയുന്ന ബാല്യം'; ബ്ലെസി

'സിനിമ പാരഡിസോ പോലെയുള്ള ജീവിതം, ആ​ഗ്രഹിക്കുമ്പോഴെല്ലാം ആ കിളി വാതിലിലൂടെ സിനിമ കാണാൻ കഴിയുന്ന ബാല്യം'; ബ്ലെസി
Published on

വലുതാകുമ്പോൾ ആരാകണം എന്ന അമ്മച്ചിയുടെ ചോദ്യത്തിന് ഒരു അ‍ഞ്ചാം ക്ലാസുകാരന്റെ അന്നത്തെ മറുപടി എനിക്കൊരു സിനിമ സംവിധായകൻ ആവണം എന്നാണ്. സംവിധാനം കുഞ്ചാക്കോ എന്ന് സ്ക്രീനിൽ കണ്ടു മാത്രമുള്ള പരിചയമാണ് ആ കുട്ടിക്ക് അന്നേവരെയ്ക്കും അതിനോടുണ്ടായിരുന്നതും. എന്നാൽ വർഷങ്ങൾക്കിപ്പുറം സംസ്ഥാന ദേശീയ അവാർഡുകൾ വാങ്ങുന്ന ഒരു സംവിധായകനിലേക്കുള്ള ആ യാത്രയുടെ തുടക്കം അവിടെ നിന്നാണ്. വീടിന് തൊട്ടപ്പുറമുള്ള തിയറ്ററിൽ നിന്ന് സെക്കന്റ് ഷോ സമയത്ത് ഉയർന്ന് കേൾക്കുന്ന ഡയലോ​ഗുകൾക്ക് കാതോർത്ത് ആ സീൻ സങ്കൽപ്പിക്കുക, കാണാത്ത സിനിമയാണെങ്കിൽ ആ സീൻ എങ്ങനെയായിരിക്കും എന്ന് ഭാവനയിൽ മെനഞ്ഞെടുക്കുക. ഒരുപക്ഷേ അതായിരിക്കാം സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യത്തെ എക്‌സര്‍സൈസ്‌ എന്നാണ് ബ്ലെസി പറയുന്നത്. ഒരു സിനിമ പാരഡിസോ പോലെ തന്നെയായിരുന്നു തന്റെ ജീവിതം എന്നും അത്രയധികം സിനിമയുമായി അടുത്തിരുന്ന ആളാണ് താൻ എന്നും തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് സംസാരിക്കവേ ബ്ലെസി ഓർത്തെടുക്കുന്നു.

ബ്ലെസി പറഞ്ഞത്:

ഞാൻ കണ്ട ആദ്യത്തെ സിനിമ എന്താണെന്ന് പറയാൻ എനിക്ക് പ്രയാസമായിരിക്കും. ഒരുപാട് സിനിമകൾ ചെറുപ്പകാലത്ത് കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ഒരു തിയറ്ററിന്റെ തൊട്ട് അടുത്തായിരുന്നു എന്റെ വീട്. ഒരു റോഡിന് അപ്പുറഴും ഇപ്പുറവും ആയി. അനുഭവങ്ങൾ പാളിച്ചകൾ, ബാബുമോൻ എന്നിങ്ങനെയുള്ള ചിത്രങ്ങൾ ഞാൻ കണ്ടിട്ടുള്ളതായി എനിക്ക് ഓർമയുണ്ട്. തിയറ്ററിൽ പോയി സിനിമ കണാൻ വേണ്ടി എനിക്ക് ടിക്കറ്റ് എടുക്കണം എന്നുണ്ടായിരുന്നില്ല. ഓടിച്ചെന്ന് കയറിയാൽ മതി. എന്റെ ആദ്യത്തെ പാഠം എന്ന് പറയുന്നത് രാത്രി സമയത്ത് ഞാൻ കണ്ട സിനിമകളുടെ ഡയലോ​ഗുകൾ സെക്കന്റ് ഷോയ്ക്ക് ഞാൻ കേൾക്കും. അത്രയടുത്താണ് തിയറ്റർ. അങ്ങനെ കേൾക്കുമ്പോൾ എനിക്ക് ആ സീൻ വീണ്ടും സങ്കൽപ്പിക്കാൻ സാധിക്കും. അതായിരിക്കാം എന്റെ ആദ്യത്തെ എക്‌സര്‍സൈസ്‌ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ കാണാത്ത സിനിമയാണെങ്കിലും ശബ്ദം കേൾക്കുമ്പോൾ എനിക്ക് സങ്കൽപ്പിക്കാൻ സാധിക്കും അതിനെ. അത്രയധികം സിനിമയുമായി അടുത്തിരുന്ന ആളാണ് ഞാൻ. പണ്ടൊക്കെ ഒരു സിനിമ കാണണമെങ്കിൽ അതൊരു ആഘോഷമായിരിക്കുമല്ലോ? വീട്ടുകാരൊക്കെ കൂടി ഒരുമിച്ച് പോവുക എന്നത്. എന്നാൽ എനിക്ക് അത് അങ്ങനെയായിരുന്നില്ല, സിനിമ പാരഡിസോ പോലെ തന്നെയായിരുന്നു എന്റെ ജീവിതം. എപ്പോൾ വേണമെങ്കിലും പോയി ആ കിളി വാതിലിലൂടെ ഇരുന്ന് എനിക്ക് സിനിമ കാണാൻ കഴിയുമായിരുന്നു.

'കാഴ്ച' സിനിമയിൽ ഈ ഫിലിം സ്ട്രിപ്പുകൾ കൊണ്ടു വന്ന് ബൾബ് പൊട്ടിച്ച് ലെൻസ് ആക്കി വയ്ക്കുന്നത് ഒക്കെ ഞാൻ കുട്ടിക്കാലത്ത് ചെയ്തിരുന്ന കാര്യങ്ങളാണ്. ഞാൻ അഞ്ചാം ക്ലാസിലോ ആറിലോ പഠിക്കുമ്പോഴാണ് എന്റെ അമ്മ എന്നോട് ചോദിച്ചത് വലുതാകുമ്പോൾ നിന്റെ ആ​ഗ്രഹം എന്താണെന്ന്. ഞാൻ പറഞ്ഞു എനിക്ക് സിനിമാ സംവിധായകനാവണം എന്ന്. അന്ന് സംവിധാനം കുഞ്ചാക്കോ എന്ന് എഴുതിക്കാണിക്കുന്നതാണ് നമ്മുടെ മനസ്സിലുള്ള സംവിധായകൻ. എന്നാൽ അങ്ങനെ ആയി മാറാൻ സാധിച്ചു എന്ന് പറയുന്നത് വലിയ കാര്യമാണ്. ബ്ലെസി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in