‘ആ മോഹന്‍ലാലിന് എന്ത് പറ്റിയെന്ന് തോന്നാറുണ്ട്’, ആട് തോമ ഈ വര്‍ഷം സ്‌ക്രീനിലെത്തുമെന്ന് ഭദ്രന്‍
മോഹന്‍ലാലിനെ നമിച്ച് പോയ സിനിമയാണ് സ്ഫടികം എന്ന് സംവിധായകന്‍ ഭദ്രന്‍. ആ മോഹന്‍ലാലിന് എന്ത് പറ്റിയെന്ന് ഇപ്പോഴത്തെ സിനിമകള്‍ കാണുമ്പോള്‍ ആലോചിക്കാറുണ്ടെന്നും ഭദ്രന്‍. അത് അദ്ദേഹത്തിന്റെ കുറവല്ല. അദ്ദേഹത്തിന്റെ മുന്നിലേക്ക് നല്ല സ്‌ക്രിപ്ടുകള്‍ കടന്നുചെല്ലുന്നില്ല എന്നതാണ് കാരണമെന്നും ഭദ്രന്‍. കൊച്ചിയില്‍ സിനിമാ പാരഡിസോ ക്ലബ്ബ് സിനി അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭദ്രന്‍. വൈറസ് എന്ന സിനിമയൊരുക്കിയ ആഷിക് അബുവിന് മികച്ച സംവിധാനത്തിന് പുരസ്‌കാരം നല്‍കി സംസാരിക്കുകയായിരുന്നു ഭദ്രന്‍.
ചാനല്‍ അവാര്‍ഡുകള്‍ ചില മാനദണ്ഡങ്ങള്‍ പുലര്‍ത്തണമെന്നും സിനിമ ഇറങ്ങി മൂന്ന് മാസത്തിനുള്ളില്‍ സൂപ്പര്‍താരങ്ങളെ മുന്നിലിരുത്തി ആ വര്‍ഷത്തെ മികച്ച പ്രകടനത്തിന് അവാര്‍ഡ് നല്‍കുന്ന നല്ല കീഴ വഴക്കമല്ലെന്നും ഭദ്രന്‍. ഇത്തരം അവാര്‍ഡുകള്‍ വാങ്ങാനെത്തുന്ന സൂപ്പര്‍താരങ്ങളെ കാണുമ്പോള്‍ ചിരി വരാറുണ്ട്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ ആരും തന്നെ കുറവുള്ളലരല്ല. അവരാണ് ഈ മലയാള സിനിമയെ മുന്നിലെത്തിച്ചതെന്നും ഭദ്രന്‍.
സ്ഫടികം ഡിജിറ്റല്‍ മാസ്റ്ററിംഗിലൂടെ 2020 മാര്‍ച്ചില്‍ തിയറ്ററുകളിലെത്തുമെന്നും ഭദ്രന്‍. ഡിജിറ്റലിലേക്കുള്ള റിസ്‌റ്റൊറേഷന്‍ അമേരിക്കയില്‍ നടക്കുകയാണ്. മുഴുവനായുമുള്ള റി റെക്കോര്‍ഡിംഗ് നടക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് വേണ്ടി സ്ഫടികം വീണ്ടും തിയറ്ററില്‍ കൊണ്ടുവരികയാണ്. സ്ഫടികം എന്ന സിനിമയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വീണ്ടും ചിത്രം തിയറ്ററിലെത്തിക്കുന്നതെന്നും ഭദ്രന്‍.
ഏതാണ്ട് 180 പ്രാവശ്യം ടെലകാസ്റ്റ് ചെയ്യപ്പെട്ട ലോകത്തിലെ ഏക സിനിമയാണ് സ്ഫടികം എന്നും ഭദ്രന്‍ പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സ് ആണ് സിപിസി സിനി അവാര്‍ഡ്‌സില്‍ മികച്ച സിനിമ. മികച്ച സംവിധായകന്‍- ആഷിക്് അബു (വൈറസ്)
സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഫൈനല്‍സ്, വികൃതി) മികച്ച നടനായും അന്നാ ബെന്‍ (കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവനടന്‍- റോഷന്‍ മാത്യു (മൂത്തോന്‍) മികച്ച സ്വഭാവനടി- ഗ്രേസ് ആന്റണി (കുമ്പളങ്ങി നൈറ്റ്‌സ്) ഛായാഗ്രാഹകന്‍- ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കെട്ട്) സംഗീതം- സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ്) മികച്ച എഡിറ്റര്‍- സൈജു ശ്രീധരന്‍ (കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്) ഒറിജിനല്‍ സ്‌കോര്‍- ചെരാതുകള്‍ (കുമ്പളങ്ങി നൈറ്റ്‌സ്) സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി (ജല്ലിക്കെട്ട്) വസ്ത്രാലങ്കാരം- രമ്യ രമേശ് (ലൂക്ക) പ്രൊഡക്ഷന്‍ ഡിസൈന്‍- ജ്യോതിഷ് ശങ്കര്‍ (കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്)
മലയാള സിനിമയിലെ സമഗ്രസംഭാവനക്കുള്ള സ്‌പെഷ്യല്‍ ഹോണററി പുരസ്‌കാരം ഉദയ സ്റ്റുഡിയോക്ക് വേണ്ടി കുഞ്ചാക്കോ ബോബനും മെരിലാന്റ് സ്റ്റുഡിയോക്ക് വേണ്ടി വിശാഖ് സുബ്രഹ്മണ്യനും സ്വീകരിച്ചു.