എന്തുകൊണ്ട് 'ലവ് ആക്ഷന്‍ ഡ്രാമ' ഇഷ്ടപ്പെട്ടില്ല?വിശദീകരണവുമായി ധ്യാന്‍

എന്തുകൊണ്ട് 'ലവ് ആക്ഷന്‍ ഡ്രാമ' ഇഷ്ടപ്പെട്ടില്ല?വിശദീകരണവുമായി ധ്യാന്‍
Published on

ആദ്യമായി സംവിധാനം ചെയ്ത 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രം എന്തുകൊണ്ട് തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന ചോദ്യത്തിന് വിശദീകരണവുമായി ധ്യാന്‍ ശ്രീനിവാസന്‍. പല കാരണങ്ങള്‍ കൊണ്ടും തനിക്ക് സിനിമയുടെ കഥയില്‍ വിട്ടുവീഴ്ച്ച നടത്തേണ്ടി വന്നിരുന്നു. പിന്നെ കുമ്പളങ്ങി നൈറ്റ്‌സും, മഹേഷിന്റെ പ്രതികാരവും എല്ലാം റിലീസ് ചെയ്ത സമയത്ത് വളരെ ലൗഡായ തമാശകളുള്ള സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയവും തനിക്ക് ഉണ്ടായിരുന്നു എന്ന് ധ്യാന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

രണ്ട് വര്‍ഷം കൊണ്ടാണ് 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നയന്‍താരയ്ക്കും നിവിന്‍ പോളിക്കും നല്ല തിരക്കുള്ള സമയമായിരുന്നതിനാല്‍ അതും സിനിമയെ ബാധിച്ചിട്ടുണ്ടെന്നാണ് ധ്യാന്‍ പറയുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്:

'ലവ് ആക്ഷന്‍ ഡ്രാമ' ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെടുത്തു. ഒരുപാട് സമയം എടുത്ത് ഷൂട്ട് ചെയ്യുന്നത് കൊണ്ട് തന്നെ നമുക്ക് സിനിമയുമായുള്ള അടുപ്പം കുറയും. പിന്നെ ആര്‍ട്ടിസ്റ്റിന്റെ ലുക്ക് മാറിയതുകൊണ്ട് പല സീനും കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട് എനിക്ക്. ഞാന്‍ വളരെ സീരിയസായി അപ്രോച്ച് ചെയ്ത സിനിമയുടെ സ്വഭാവം തന്നെ പിന്നീട് മാറി പോയി. ഭയങ്കര ലൗഡായിട്ടുള്ള തമാശകളൊക്കെയായി സിനിമ. പിന്നെ 2017-18 കാലഘട്ടത്തില്‍ ദിലീഷ് പോത്തന്റെ സിനിമകള്‍ എല്ലാം വന്നപ്പോള്‍ അത്തരത്തിലുള്ള ലൗഡ് തമാശകള്‍ ആളുകള്‍ക്ക് താത്പര്യമില്ലാതായിരുന്നു. അതായത് അവര്‍ക്ക് താത്പര്യം കൂടുതല്‍ റിയലിസ്റ്റിക്ക് സിനിമകളോടായിരുന്നു. അപ്പോള്‍ 2019 ആയപ്പോള്‍ 'ലവ് ആക്ഷന്‍ ഡ്രാമ' പോലൊരു സിനിമയ്ക്ക് പ്രസക്തിയുണ്ടോ എന്ന് വരെ എനിക്ക് തോന്നി പോയി. ഞാന്‍ 'സെല്‍ഫി'യുടെ എക്‌സ്റ്റെന്‍ഷനായി അന്ന് പ്ലാന്‍ ചെയ്ത സിനിമയാണ് 'ലവ് ആക്ഷന്‍'. അതിനിടയില്‍ 'മഹേഷിന്റെ പ്രതികാരം' വരുന്നു. 'കുമ്പളങ്ങി നൈറ്റ്‌സ്' ഒക്കെ വന്നപ്പോള്‍ എന്താണ് 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ പ്രസക്തിയെന്ന് എനിക്ക് തോന്നിയിരുന്നു. കാരണം ഈ ലൗഡ് തമാശകളൊക്കെ വര്‍ക്കാകുമോ എന്നായിരുന്നു എന്റെ സംശയം.

അതിനിടയില്‍ 'ലവ് ആക്ഷ'നെ ഒരു സീരിയസ് സിനിമയാക്കി സ്വഭാവം തന്നെ മാറ്റാമെന്ന് ഞാന്‍ ചിന്തിച്ച ഒരു സമയമുണ്ടായിരുന്നു. ഞാന്‍ കണ്‍ഫ്യൂസ്ഡ് ആയിപ്പോയൊരു അവസ്ഥയായിരുന്നു അത്. പക്ഷെ എന്റെ കൂടെയുള്ള അജു ഉള്‍പ്പെടെയുള്ള ആളുകള്‍ നിവിനെ ലൗഡാക്കി തന്നെ സിനിമ ചെയ്യാമെന്ന് പറയുകയായിരുന്നു. കാരണം നിവിനും അത്തരം സിനിമകള്‍ ചെയ്തിട്ട് കുറച്ച് കാലമായിട്ടുണ്ടായിരുന്നു.

അങ്ങനെ കൂട്ടായൊരു തീരുമാനത്തിന്റെ പുറത്ത് ഞാന്‍ സിനിമ ലൗഡാക്കി. പക്ഷെ അങ്ങനെ ചെയ്തപ്പോള്‍ എനിക്ക് കഥയില്‍ ഒരുപാട് വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നു. പിന്നെ നയന്‍താര പത്ത് ദിവസം വെച്ചാണ് ഷൂട്ടിന് വന്നിരുന്നത്. കാരണം അവര്‍ തമിഴില്‍ 'ബിഗില്‍', 'വിശ്വാസം', 'ദര്‍ബാര്‍' എന്നീ വലിയ സിനിമകള്‍ ചെയ്യുന്നതിനിടയില്‍ വന്നിട്ടാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോള്‍ കുറേ കാര്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാതെ വന്നു. കാരണം വലിയ വലിയ ആര്‍ട്ടിസ്റ്റുകളെ വെച്ച് സിനിമ ചെയ്യുന്നത് ശരിക്കും പാടാണ്. പ്രത്യേകിച്ച് നയന്‍താരയ്ക്ക് അത്രയും തിരക്കുള്ള സമയം കൂടിയായിരുന്നു. നിവിനും ആ സമയത്ത് കൊച്ചുണ്ണി പോലുള്ള സിനിമകള്‍ ചെയ്യുന്ന സമയമാണ്. ഇടയ്ക്ക് വന്നിട്ടാണ് ചെയ്ത് പോയിരുന്നത്.

അപ്പോള്‍ അതിന്റേതായ പ്രശ്‌നങ്ങള്‍ എനിക്ക് അനുഭവപ്പെട്ടിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്തും കഥയിലും എല്ലാം കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് എനിക്ക് അതൊരു പൂര്‍ണ്ണമായ സിനിമയായിട്ടോ, ഞാന്‍ വിചാരിച്ച പോലൊരു സിനിമയായിട്ടോ എനിക്ക് തോന്നിയില്ല. തുടക്കം മുതലെ അങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ എഡിറ്റ് ചെയ്യുന്ന സമയത്തും എങ്ങനെ വന്ന പ്രശ്‌നങ്ങളെ എല്ലാം കവര്‍ അപ്പ് ചെയ്യണം എന്ന് ചിന്തിക്കുകയായിരുന്നു. അവിടെയാണ് ഏട്ടന്റെ മ്യൂസിക്കല്‍ ടെക്‌നിക്ക് ഉപയോഗിച്ചത്. കുടുക്ക് പോലൊരു പാട്ട് വരുന്നു. അതിനെ നമ്മള്‍ പ്രമോട്ട് ചെയ്യുക. അത് ആളുകളുടെ കണ്ണില്‍ പൊടിയിടുകയാണ്. ഒരു ഫെസ്റ്റിവല്‍ സമയത്ത് റിലീസ് ചെയ്തത് കൊണ്ടാണ് സിനിമ ബോക്‌സ് ഓഫീസില്‍ വിജയിച്ചത്. അല്ലെങ്കില്‍ ഫ്‌ലോപ്പ് ആയേനെ. പിന്നെ ഞാന്‍ വില്‍ക്കുന്ന കോമ്പോ, നിവിന്‍-നയന്‍താര എന്ന കോമ്പോ. അതായിരുന്നു പ്രധാന ഘടകം. അതുകൊണ്ട് ഈ സിനിമ പൊട്ടിയാലും ഇത് എല്ലാവരും ഒരു തവണയെങ്കിലും പോയി കാണുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് സിനിമ ഞാന്‍ തന്നെ നിര്‍മ്മിക്കണം എന്ന തീരുമാനം എടുക്കുന്നത്. കാരണം ഞാന്‍ ചെയ്ത ഒരു സിനിമ മൂലം മറ്റൊരാള്‍ക്ക് നഷ്ടം വരരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in