'സച്ചിയേട്ടന്‍ പറഞ്ഞു, കണ്ണമ്മയെ അറസ്റ്റ് ചെയ്തു പോകുമ്പോള്‍ മലയുടെ മുകളിലൂടെ ഈ പാട്ട് വേണം', ദൈവമകളേ നഞ്ചമ്മ പാടിയിട്ട് ഒരു വര്‍ഷം

'സച്ചിയേട്ടന്‍ പറഞ്ഞു, കണ്ണമ്മയെ അറസ്റ്റ് ചെയ്തു പോകുമ്പോള്‍ മലയുടെ മുകളിലൂടെ ഈ പാട്ട് വേണം', ദൈവമകളേ നഞ്ചമ്മ പാടിയിട്ട് ഒരു വര്‍ഷം
Published on

അയ്യപ്പനും കോശിയും മലയാളത്തിന് പുറത്തേക്ക് വിവിധ ഭാഷകളിലായി ഒരുങ്ങുമ്പോള്‍ സിനിമയുടെ ശില്‍പ്പിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതം മലയാള സിനിമാ ലോകത്തെ വിട്ടുപോയിട്ടില്ല. നഞ്ചമ്മ എന്ന ഗായികയെ സച്ചി മലയാള സിനിമക്ക് പരിചയപ്പെടുത്തിയിട്ട് ഒരു വര്‍ഷമായിരിക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്. ദൈവമകളെ എന്ന ഗാനം നഞ്ചമ്മ പാടി സച്ചിയേട്ടന്‍ കേട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം ആകുന്നുവെന്ന മുഖവുരയോടെ ജേക്‌സ് ബിജോയ് എഴുതിയ കുറിപ്പിനൊപ്പം സച്ചിക്കുള്ള ട്രിബ്യൂട്ട് വീഡിയോ പൃഥ്വിരാജ് സുകുമാരന്‍ പുറത്തിറക്കി.

ദൈവമകളെ എന്നു നഞ്ചമ്മ പാടുമ്പോള്‍ അത് കേള്‍ക്കാന്‍ സച്ചിയേട്ടന്‍ ഇല്ല എങ്കിലും...ആ പാട്ടിന്റെ ഉള്ളില്‍ ആ വരികളില്‍ നിറയെ സച്ചിയേട്ടന്‍ ഉള്ളത് പോലെ.... അരികില്‍ സച്ചിയേട്ടന്‍ വന്നത് പോലെ....

ജേക്‌സ് ബിജോയ്

സച്ചിയെക്കുറിച്ചും നഞ്ചമ്മ പാടിയ ദൈവമകളേ എന്ന പാട്ടിനെക്കുറിച്ചും ജേക്‌സ്

ചില മനുഷ്യര്‍ അങ്ങിനെ ആണ്...

ഹൃദയം കൊണ്ട് സംസാരിക്കും...

സംസാരം കൊണ്ട് നമ്മളെ ചിന്തിപ്പിക്കും..

വാക്കുകളില്‍ സത്യം നിറക്കും...

അവരുടെ സൃഷ്ടികളില്‍ ദൈവത്തിന്റെ കൈയൊപ്പ് ഉണ്ടാകും....

അവര്‍ക്കായി ദൈവം ചില നന്മകളെ നല്‍കും....

അവിടെ കാലാതീതമായ കലാസൃഷ്ടികള്‍ പിറവി എടുക്കുന്നു....

ദൈവമകളെ എന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആ ഗാനം പിറന്നതും അങ്ങിനെ തന്നെ എന്നു വിശ്വസിക്കാന്‍ ആണ് ഇഷ്ടം.

നഞ്ചമ്മയുടെ ഹൃദയത്തില്‍ എന്നോ തെളിഞ്ഞു വന്ന ആ വരികള്‍ സച്ചിയെട്ടന് വേണ്ടി തന്നെ ആയിരുന്നിരിക്കണം.

ദൈവമകളെ എന്നു നഞ്ചമ്മ പാടുമ്പോള്‍ അത് കേള്‍ക്കാന്‍ സച്ചിയേട്ടന്‍ ഇല്ല എങ്കിലും...ആ പാട്ടിന്റെ ഉള്ളില്‍....ആ വരികളില്‍ നിറയെ സച്ചിയേട്ടന്‍ ഉള്ളത് പോലെ....

അരികില്‍ സച്ചിയേട്ടന്‍ വന്നത് പോലെ....

രാജീവ് രവി സാറിന്റെ Collective സ്റ്റുഡിയോയില്‍ ആയിരുന്നു റെക്കോര്‍ഡിങ്.രാവിലെ ഞാന്‍ സച്ചിയേട്ടനെ വിളിച്ചു.നീ തുടങ്ങിക്കോടാ കുട്ടാ ഞാന്‍ വന്നോളാമെന്നായിരുന്നു മറുപടി.ഞാന്‍ സ്റ്റുഡിയോയില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ നഞ്ചിയമ്മയും കൂടെ കുറച്ചു ആളുകളും എത്തി. അവര്‍ എത്തി കഴിഞ്ഞാണ് ഞാന്‍ അറിയുന്നത് ലീഡ് സിംഗര്‍ ഒരു പ്രായമായ അമ്മ ആണ് എന്ന്.

ഞങ്ങള്‍ റെക്കോഡിങ് തുടങ്ങി.അവര്‍ എല്ലാവരും ഒരുമിചു കൊട്ടി പാടുകയായിരുന്നു.കുറെ പാട്ടുകള്‍ അവര്‍ പാടി.ആ കൂട്ടത്തില്‍ ആണ് ദൈവമകളെ എന്ന ഗാനം പാടുന്നത്.ആ പാട്ടിന്റെ ഒരു ഫീല്‍ കേട്ടപ്പോള്‍ എനിക്ക് അത് നഞ്ചമ്മ തനിയെ പാടി റെക്കോര്‍ഡ് ചെയ്യാന്‍ തോന്നി.അങ്ങിനെ ആണ് ആ പാട്ട് ഉണ്ടാകുന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സച്ചിയേട്ടന്‍ വന്നു.വന്ന വഴി എടാ നീ ചെയ്തതൊക്കെ ഒന്നു കേള്‍പ്പിക്കടാ എന്നു പറഞ്ഞു. ഞാന്‍ അപ്പോള്‍ സച്ചിയേട്ടനോട് പറഞ്ഞു ..ഏട്ടാ എല്ലാം ഞാന്‍ കേള്‍പ്പിക്കാം.അതിനെല്ലാം മുന്‍പ് ഏട്ടന്‍ ഈ ഗാനം ഒന്നു കേള്‍ക്ക് എന്നു പറഞ്ഞു ദൈവമകളെ എന്ന ഗാനം കേള്‍പ്പിച്ചു. പൂര്‍ണ നിശബ്ദത ആയിരുന്നു അവിടെ...പാട്ട് കേട്ട് കഴിഞ്ഞപ്പോള്‍ സച്ചിയേട്ടന്റെ കണ്ണു നിറഞ്ഞു.ഇടറുന്ന ശബ്ദത്തോടെ എന്നോട് പറഞ്ഞു. ' എന്റെ പടത്തിലെ കണ്ണമ്മയുടെ ശബ്ദം ആടാ ഇത്.ഇത് വേണം.കണ്ണമ്മയെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ആ മലയുടെ മുകളിലൂടെ ഈ പാട്ട് വേണം. ' സച്ചിയേട്ടന്‍ പറഞ്ഞത് പോലെ അങ്ങിനെ തന്നെ ഞങ്ങള്‍ അത് ചെയ്തു.സച്ചിയേട്ടന്റെ ആ വിഷമവും സന്തോഷവും നിറഞ്ഞ മുഖം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ജേക്‌സ് ബിജോയ് പറയുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in