അങ്ങനെ ആ വിലക്കും 4 വര്‍ഷം നീണ്ട തര്‍ക്കവും തീര്‍ന്നു, വടിവേലു വീണ്ടും സിനിമയില്‍

അങ്ങനെ ആ വിലക്കും 4 വര്‍ഷം നീണ്ട തര്‍ക്കവും തീര്‍ന്നു, വടിവേലു വീണ്ടും സിനിമയില്‍
Published on

തമിഴിലെ മുന്‍നിര കൊമേഡിയനും സ്വഭാവ നടനുമായ വടിവേലു നാല് വര്‍ഷത്തിന് ശേഷം സിനിമയില്‍ സജീവമാകുന്നു. തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വിലക്ക് നീക്കിയതിന് പിന്നാലെയാണ് വടിവേലുവിന്റെ തിരിച്ചുവരവ്. 2017 ഓഗസ്റ്റിലായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വടിവേലുവിനെ സിനിമകളില്‍ നിന്ന് വിലക്കിയത്. ഇതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുമുണ്ടെന്ന് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിലക്ക് വന്ന വഴി

സംവിധായകന്‍ ഷങ്കറിന്റെ എസ് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച് ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ഇംസൈ അരസന്‍ 24ാം പുലികേശി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വടിവേലുവിനെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വിലക്കിയത്. 2017 ഓഗസ്റ്റ് മുതല്‍ ചിത്രീകരിക്കാനിരുന്ന സിനിമ വടിവേലുവിന്റെ നിസഹകരണം മൂലം നിര്‍ത്തിവെക്കേണ്ടി വന്നു എന്നായിരുന്നു ചിമ്പുദേവന്റെയും ഷങ്കറിന്റെയും പരാതി. 2017 നവംബറില്‍ നിര്‍മ്മാതാക്കളുടെ സംഘടന വടിവേലുവിനെ വിലക്കി.

വടിവേലുവും ഷങ്കറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടതായി ടിഎഫ്‌സി പ്രസ് റിലീസിലൂടെ അറിയിച്ചു. നേരത്തെ നിശ്ചയിച്ചതിനെക്കാള്‍ വലിയ തുക പ്രതിഫലമായി ആവശ്യപ്പെട്ടെന്നായിരുന്നു ആദ്യത്തെ തര്‍ക്കം. പാട്ടിന്റെ ഈണം മാറ്റാന്‍ വടിവേലു ആവശ്യപ്പെട്ടുവെന്നതിനെച്ചൊല്ലി തുടര്‍ന്നും പ്രശ്‌നമുണ്ടായി. സംവിധായകന്‍ തീരുമാനിച്ച സഹതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ വടിവേലു തയ്യാറാകാത്തതും സ്വന്തം കോസ്റ്റിയൂമറെ അനുവദിക്കണമെന്ന ആവശ്യവും എസ് പിക്‌ചേഴ്‌സിനും വടിവേലുവിനും ഇടയില്‍ തുടര്‍ന്നു ഭിന്നതകളുണ്ടാക്കി.

ഓഗസ്റ്റില്‍ പത്ത് ദിവസം മാത്രമാണ് ഷൂട്ടിംഗ് നടന്നതെന്നും വടിവേലുവിന്റെ നിസഹകരണം മൂലം വലിയ തുക നഷ്ടമുണ്ടായെന്നും പ്രൊഡ്യൂസര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ ഷങ്കര്‍ ആരോപിച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സ് ഇടനില

തമിഴിലെ മുന്‍നിര ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് ഇടനില നിന്നതോടെയാണ് എസ് പിക്‌ചേഴ്‌സും വടിവേലുവുമായുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടത്. ഷങ്കറിന്റെ ഇന്ത്യന്‍ ടു എന്ന ചിത്രവും വടിവേലു ഇനി അഭിനയിക്കാനിരിക്കുന്ന സിനിമയും നിര്‍മ്മിക്കുന്നത് ലൈക്കയാണ്. സുരാജ് ആണ് ഈ സിനിമയുടെ സംവിധാനം. വടിവേലുവിന്റെ വിലക്ക് നീങ്ങിയെങ്കിലും ഇംസൈ അരസന്‍ 23ാം പുലികേശിയുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇംസൈ അരസന്‍ 23ാം പുലികേശി എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സീക്വലായി പ്രഖ്യാപിച്ചതായിരുന്നു ഇംസൈ അരസന്‍ 24ാം പുലികേശി

ഇംസൈ അരസന്‍ 23ാം പുലികേശി
ഇംസൈ അരസന്‍ 23ാം പുലികേശി

ഷങ്കര്‍ നിര്‍മ്മാണവും ചിമ്പുദേവന്‍ സംവിധാനവും നിര്‍വഹിച്ച 23ാം പുലികേശി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയുമാണ്. കൊമേഡിയന്‍ റോളില്‍ നിന്ന് നായകനായി വടിവേലുവിന് മാറ്റം കിട്ടിയ ചിത്രവുമായിരുന്നു പുലികേശി. പാര്‍വതി ഓമനക്കുട്ടനെ ആയിരുന്നു ഈ സിനിമയില്‍ നായികയായി നിശ്ചയിച്ചിരുന്നത്.

തലൈ നഗരം എന്ന സിനിമയുടെ സ്പിന്‍ ഓഫ് ആണ് സുരാജ് സംവിധാനം ചെയ്യുന്ന നായ് ശേഖര്‍. ഈ ചിത്രത്തിലൂടെയാണ് വടിവേലുവിന്റെ തിരിച്ചുവരവ്.

അങ്ങനെ ആ വിലക്കും 4 വര്‍ഷം നീണ്ട തര്‍ക്കവും തീര്‍ന്നു, വടിവേലു വീണ്ടും സിനിമയില്‍
'സൂര്യ പ്രേക്ഷകന്റെ കണ്ണ് നിറച്ചു, 'സൂരറൈ പോട്രി'ന് അഭിനന്ദനവുമായി വടിവേലു

Related Stories

No stories found.
logo
The Cue
www.thecue.in