ആടുജീവിതത്തിലെ പാമ്പിന്റെ സീക്വൻസുകളിൽ ചിലത് ഐഫോണിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുനിൽ കെ.എസ്. പാമ്പിന്റെ സീക്വൻസുകൾ റിയലസ്റ്റിക്കായി ഷൂട്ട് ചെയ്യാം എന്ന് തന്നെയായിരുന്നു തീരുമാനിച്ചിരുന്നത് എന്നും അതിനുവേണ്ടി മുമ്പേ തന്നെ അന്വേഷണം നടത്തിയിരുന്നുവെന്നും സുനിൽ കെ.എസ് പറയുന്നു. ഞങ്ങൾ അന്വേഷിച്ചപ്പോൾ അവിടെ പാമ്പ് ഒക്കെയുണ്ട്. ചില മരുപ്പച്ചകൾക്കിടയിൽ നിന്നൊക്കെ പിടിച്ചു കൊണ്ടു വരണം എന്ന് പറഞ്ഞിരുന്നു. അഞ്ചോ ആറോ ഒർജിനൽ പാമ്പുണ്ടായിരുന്നു. പ്രോബ് ലെൻസ് വച്ചാണ് ഷൂട്ട് ചെയ്തത്. വളരെ വേഗത്തിലാണ് ഈ പാമ്പുകൾ പോകുന്നത് എന്നതുകൊണ്ട് തന്നെ ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാൻ സാധിക്കില്ല, അതുകൊണ്ട് സ്പെഷ്യൽ പ്രൊഫെെൽ ഇൻസ്റ്റാൾ ചെയ്ത് ഐഫോണിലാണ് കുറേ ഷോട്ടുകൾ അതിന് വേണ്ടി ചിത്രീകരിച്ചത് എന്ന് സുനിൽ കെ.എസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സുനിൽ കെ.എസ് പറഞ്ഞത്:
സിനിമയിലെ പാമ്പിന്റെ സീനുകൾ റിയലസ്റ്റിക്കായി ഷൂട്ട് ചെയ്യാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഞങ്ങൾ അന്വേഷിച്ചപ്പോൾ അവിടെ പാമ്പ് ഒക്കെയുണ്ട്. അതിനെ പിടിച്ചു കൊണ്ട് വരണം. അവിടെ ചില ഓയാസിസിന്റെ ഇടയിൽ നിന്നൊക്കെ പിടിച്ചു കൊണ്ടു വരണം. ലഭ്യമാണ്, നമുക്ക് പിടിക്കാനായി ആളുകളുമുണ്ട് എന്ന് പറഞ്ഞിരുന്നു. അഞ്ചോ ആറോ ഒർജിനൽ പാമ്പുണ്ടായിരുന്നു. പ്രോബ് ലെൻസ് വച്ചാണ് ഷൂട്ട് ചെയ്തത്. കുറേ ഷോട്ട് ഐ ഫോണിൽ വച്ചാണ് ഷൂട്ട് ചെയ്തത്. കാരണം ഈ പാമ്പ് എങ്ങോട്ടാണ് പോകുന്നത് എന്ന് നമുക്ക് മനസ്സിലാവില്ല. വളരെ വേഗത്തിലാണ് അത് പോകുന്നത്. സ്പെഷ്യൽ പ്രൊഫെെൽ ഇൻസ്റ്റാൾ ചെയ്ത് ഐഫോണിലാണ് കുറേ ഷോട്ടുകൾ എടുത്തിരിക്കുന്നത്. പാമ്പിന്റെ സ്വീക്വൻസുകളിൽ കുറേ ഒക്കെ ഐഫോണിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തിയ ചിത്രം തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.