‘മൊബൈല്‍ ഷോപ്പില്‍ നിന്ന് വെനീസിലേക്ക്’; ‘ചോല’ ലൈഫിലെ ഏറ്റവും വലിയ ക്ലാസ് : അഖില്‍ വിശ്വനാഥ് അഭിമുഖം 

‘മൊബൈല്‍ ഷോപ്പില്‍ നിന്ന് വെനീസിലേക്ക്’; ‘ചോല’ ലൈഫിലെ ഏറ്റവും വലിയ ക്ലാസ് : അഖില്‍ വിശ്വനാഥ് അഭിമുഖം 

Published on

അഖില്‍ വിശ്വനാഥ് ചോലയിലേക്കു വരുന്നത് മുടിഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നുവെന്നാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടത്. പതിനെട്ടിനും ഇരുപതിനും ഇടക്കു പ്രായമുള്ളവര്‍ അയച്ചാല്‍ മതി എന്നു നിഷ്‌കര്‍ഷിച്ച കാസ്റ്റിംഗ് കോളിലേക്കാണ് 24 വയസുള്ള അഖില്‍ അപേക്ഷ അയച്ചത്. അതൊരുതരം വേലിചാട്ടമായിരുന്നുവെന്നും ആ വേലിചാട്ടവും അച്ചടക്കമില്ലായ്മയും 'അറിവില്ലായ്മയും' ഒക്കെയാണ് കഥാപാത്രത്തിന് വേണ്ടതുമെന്നും തോന്നിയത് കൊണ്ടാണ് എഴുന്നൂറിലധികം അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റു ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരാളായി അഖില്‍ മാറിയതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

തൃശൂര്‍ കൊടകരയിലെ കോടാലി സ്വദേശിയായ അഖില്‍ ആദ്യമായിട്ടായിരുന്നു ഒരു ഓഡീഷന് അപേക്ഷ അയക്കുന്നത്, സെലക്ട് ആയപ്പോള്‍ പാതിരാത്രി തിരുവനന്തപുരത്തെത്തി നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കിടന്നുറങ്ങി, സനല്‍ കുമാര്‍ ശശിധരരന്‍ എന്ന സംവിധായകന്‍ ആരെന്ന് അറിയാതെ മുന്നില്‍ പെര്‍ഫോം ചെയ്ത് കാണിച്ച്, ആദ്യമായി പങ്കെടുത്ത ഓഡീഷനില്‍ തന്നെ സെലക്ട് ആയ അഖില്‍ വിശ്വനാഥ് ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖം.

സിനിമയിലേക്ക്

കോടാലിയിലാണ് വീട്, വീട്ടില്‍ അച്ഛനും അമ്മയും അനിയനുമുണ്ട്, അച്ഛന് കൂലിപ്പണിയാണ്, അമ്മ ചിട്ടി പിരിവിന് പോകുന്നു, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകം പഠിപ്പിക്കാന്‍ വന്നതാണ് മനോജ്-വിനോദ് എന്നീ മാഷുമ്മാര്‍, ഞാനും അനിയനും (അരുണ്‍ വിശ്വനാഥ്) അതില്‍ അഭിനയിച്ചിരിന്നു, അന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്ന രതീഷ് (രതീഷ് കുമാര്‍)എന്ന ഒരു ചേട്ടന്‍ ഒരു ഷോര്‍ട്ട്ഫിലിം ചെയ്യുന്നുണ്ടായിരുന്നു, അതില്‍ ഞാനും അനിയനും പ്രധാന വേഷം ചെയ്തു. ‘മാങ്ങാണ്ടി’ എന്നായിരുന്നു അതിന്റെ പേര്, അതിലെ അഭിനയത്തിന് ഞങ്ങള്‍ക്ക് സ്റ്റേറ്റ് അവാര്‍ഡൊക്കെ ലഭിച്ചിരുന്നു, നാട്ടില്‍ പിന്നെ എല്ലാവരും മാങ്ങാണ്ടി എന്ന് വിളിക്കാനും തുടങ്ങി. അനിയനായിരിന്നു ശരിക്കും അതില്‍ പ്രധാന വേഷം, മനോജ്- വിനോദ് മാഷ് ഒരുക്കിയ ആല്‍ബങ്ങളിലും ഒരു തമിഴ് സിനിമയിലും പിന്നെ അനിയന്‍ അഭിനയിച്ചു, ചെറിയ വേഷത്തില്‍ ഞാനും, പിന്നീട് ഐടിഐയും ഹോട്ടല്‍ മാനേജ്‌മെന്റുമെല്ലാം പഠിക്കാന്‍ നോക്കിയെങ്കിലും ഓരോ പ്രശ്‌നങ്ങള്‍ കാരണം നടന്നില്ല, അങ്ങനെ വീണ്ടും മനോജ് മാഷിന്റെ അടുത്തെത്തി, പിന്നെ മാഷ് സ്‌ക്രിപ്റ്റ് എഴുതുന്നിടത്ത് സഹായിയായും, നാടകങ്ങളില്‍ ആര്‍ട് അസിസ്റ്റന്റായുമെല്ലാം പോകാന്‍ തുടങ്ങി, രതീഷേട്ടന്‍ തന്നെ പിന്നീട് തൃശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമ ചെയ്തപ്പോള്‍ അതിലെ ഒരു സീനിലും അഭിനയിച്ചു. പിന്നീട് കോടാലിയില്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യവെയാണ് ചോലയിലേക്കെത്തുന്നത്.

ചോലയും ആദ്യ ഓഡിഷനും

മൊബൈല്‍ ഷോപ്പില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ഒരു ദിവസം വിനോദ് മാഷാണ് ഓഡിഷന്റെ ഡീറ്റയില്‍സ് അയച്ചത് .അന്ന് പക്ഷെ ഫോണില്‍ നെറ്റ് ഒന്നും ഇല്ലാത്ത കൊണ്ട് അറിഞ്ഞില്ല.. പിന്നെ കുറച്ചു നാള്‍ കഴിഞ്ഞു വേറെ ഒരു ആവശ്യത്തിന് വിനോദ് മാഷിനെ വിളിച്ചപ്പോള്‍ ഓഡിഷന് ഫോട്ടോസ് അയച്ചില്ലേ എന്ന് ചോദിച്ചു. ഞാന്‍ അത് അറിഞ്ഞട്ടേ ഉണ്ടായിരുന്നില്ല, വേഗം അയക്ക്, നല്ല പരിപാടി ആണെന്നൊക്കെ മാഷാണ് പറഞ്ഞത്, അന്ന തന്നെ ക്യാഷ് ഒക്കെ റെഡിയാക്കി റീചാര്‍ജ് ചെയ്ത് അത് നോക്കി, പിന്നെ അടുത്തുള്ള കഫേയില്‍ ചെന്ന് ഫോട്ടോസ് ഒക്കെ അയച്ചു. മെയില്‍ ഒന്നും നോക്കാത്തത് കൊണ്ട് ഫസ്റ്റ് ഓഡിഷന് വിളിച്ചതൊന്നും അറിഞ്ഞില്ല, പിന്നെ ആ ഡേറ്റ് മാറ്റിവെച്ചു എന്ന് പറഞ്ഞ് ഒരുദിവസം വിളി വന്നപ്പോഴാണ് സെലക്ട് ആയെന്ന് അറിയുന്നത്, തിരുവനന്തപുരത്ത് വെച്ചായിരുന്നു ഓഡിഷന്‍, അന്ന് വെളുപ്പിന് ട്രെയിന് അവിടെ എത്തി.. ഉറക്കം വന്നത് കൊണ്ട് ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ ചെന്ന് നിര്‍ത്തിയിട്ട ഒരു ബസ്സില്‍ കേറി കിടന്ന് ഉറങ്ങി. നേരം വെളുത്തപ്പോള്‍ ഓഡിഷന്‍ ചെയ്യുന്നിടത്തേക്ക് പോായി.. അന്ന് ഒരു 50 പേരോളം ഉണ്ട്... ചെന്നപ്പോള്‍ ഒരു സീന്‍ തന്നിട്ട് പ്രിപ്പയര്‍ ചെയ്യാന്‍ പറഞ്ഞു.. ഞാന്‍ ആദ്യമായി ഒരു ഓഡിഷനു പങ്കെടുക്കുന്നത് കൊണ്ട് എനിക്ക് ഒന്നും അറിയില്ലരുന്നു, ശരിക്കും അന്നവിടെ കാണാന്‍ ഗ്ലാമര്‍ ഒക്കെയുള്ള ഒരു പയ്യനുണ്ടായിരുന്നു, എല്ലാവരും അവന് കിട്ടുമെന്നായിരുന്നു അന്ന് സംസാരിച്ചിരുന്നത്.

‘മൊബൈല്‍ ഷോപ്പില്‍ നിന്ന് വെനീസിലേക്ക്’; ‘ചോല’ ലൈഫിലെ ഏറ്റവും വലിയ ക്ലാസ് : അഖില്‍ വിശ്വനാഥ് അഭിമുഖം 
‘ഭയങ്കര സന്തോഷണ്ട്, എല്ലാം അടിപൊളിയാര്‍ന്ന്’; വെനീസ് വേദിയില്‍ തൃശൂര്‍ ശൈലിയില്‍ നന്ദി പറഞ്ഞ് ‘ചോല’ നടന്‍ അഖില്‍

കിളി പോയ സെലക്ഷന്‍

സത്യത്തില്‍ ഞാന്‍ അതുവരെ സനല്‍ സാറിന്റെ പടങ്ങള്‍ കണ്ടിട്ടും ഇല്ല, സാറിനെ എനിക്ക് അറിയേം ഇല്ല.. അന്ന് ക്യാമറ ഒക്കെ ആയി ഒരു ടീമിരിപ്പുണ്ട്.. അതില്‍ സനല്‍ സാറുണ്ടെന്ന് പോലും എനിക്ക് അറിയില്ല. എനിക്ക് മുന്‍പ് കയറിയവര്‍ ഒക്കെ പറയുന്നത് പുറത്തു നിന്ന് കേള്‍ക്കുമ്പോള്‍ ഇതാണ് ചോദിക്കുക എന്നൊരു ഐഡിയ ഉണ്ടാരുന്നു. എന്നാലും അകത്തു കയറിയപ്പോള്‍ നല്ല വിറവലയിരുന്നു.. ആദ്യം എങ്ങനെയാണ് വന്നതെന്ന് ചോദിച്ചു, പിന്നെ ഡീറ്റയില്‍സ് പറയാന്‍ പറഞ്ഞു, യാത്രയ്ക്കിടയിലുണ്ടായ ഒരു സംഭവം അവര്‍ നിര്‍ത്താന്‍ പറയുന്നത് വരെ പറയാനാണ് പിന്നെ പറഞ്ഞത്, പെട്ടന്ന് മനസില്‍ വന്നത് ബസില്‍ വച്ച് ഒരു പ്രായമായ ആള്‍ ഒരു സ്ത്രീയെ തോണ്ടുകയും അത് പ്രശ്‌നം ആയപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രായമായ സ്ത്രീ പ്രശ്‌നം ആ ചേച്ചിയുടെ വസ്ത്രധാരണത്തിന്റെയാണ് എന്ന് പറഞ്ഞ ഒരു സംഭവം ആയിരുന്നു. അത് കണ്ട പോലെ പറഞ്ഞു.. അതിന് ശേഷം ആദ്യം തന്ന പേപ്പറിലേ സീനും രണ്ട് മൂന്ന് കാര്യങ്ങളും ചെയ്യാന്‍ പറഞ്ഞു. പിന്നെ അറിയിക്കാം എന്ന് പറഞ്ഞു വിട്ടു. അപ്പോഴും മനസില്‍ കിട്ടും എന്നില്ല. ട്രെയിന്‍ കയറി തിരിച്ചു പോകവെ അസോസിയേറ്റ് ആയ ചാന്ദിനി ചേച്ചി വിളിച്ചിട്ട് ഇറങ്ങിയോ എന്ന് ചോദിച്ചു, ഇറങ്ങി വീണ്ടും വരണോ എന്നാണ് തിരിച്ചു ചോദിച്ചത്, കയ്യില്‍ ക്യാഷ് ഒന്നും ഇല്ലായിരുന്നു എന്നാലും അതൊന്നും ആലോചിച്ചില്ല, വിളിച്ചപ്പോള്‍ ഇറങ്ങാമെന്നാണ് തോന്നിയത്. പക്ഷേ പിറ്റേന്ന് എറണാകുളത്ത് വരാനാണ് പിന്നീട് പറഞ്ഞത്. പിറ്റേന്ന് എറണാകുളം പ്രസ് ക്ലബ്ബിനടത്ത് ചെന്നു. എന്നെയും അവസാനം വരെ സെലക്ട് ചെയ്ത മറ്റൊരു പയ്യനെയും വിളിച്ചിരുന്നു.പിന്നെ ജോജുവേട്ടന്റെയും നിമിഷയുടെയുമെല്ലാം ഒപ്പം കുറച്ച് ഫോട്ടോ എടുത്തു നോക്കി... അതിന് ശേഷം ആണ് എന്നെ സെലക്ട് ചെയ്തു എന്ന് പറയുന്നത്, അപ്പോള്‍ ഉണ്ടായ കിളിയൊക്കെ പോയി. അതിന് ശേഷം പ്രസ് ക്ലബ്ബില്‍ പോയി അനൗണ്‌സ് ചെയ്യുകയായിരുന്നു.

സാറ് എല്ലാത്തിനും കാത്തിരിക്കും

സാറ് ഒരു ദിവസം സാറിന്റെ പടങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു, ഞാന്‍ നുണ പറയാന്‍ നില്‍ക്കാതെ ഇല്ല എന്ന് തന്നെ പറഞ്ഞു. അപ്പൊ ആ അത് നന്നായി, അല്ലെങ്കി നീ പേടിക്കും എന്ന് പറഞ്ഞു, പിന്നീടാണ് ഓരോ സിനിമയും കാണുന്നതും, സാറിനെ പറ്റി മനസിലാക്കുന്നതും. സ്‌ക്രിപ്റ്റ് എഴുതി വച്ചിട്ട് ഇത് ഇതുപോലെ പറയണം എന്നല്ല, ഒരു സ്ഥലത്ത് പോയിട്ട് ഉണ്ടാകാന്‍ പോകുന്ന സാഹചര്യത്തില്‍ എങ്ങനെ പെരുമാറും എന്നാണ് സാര്‍ പറയുക. ചിലപ്പോള്‍ വണ്ടിയില്‍ പോകുമ്പോള്‍ ആയിരിക്കും പെട്ടന്ന് ഒരിടത്തു നിര്‍ത്തി ആയിരിക്കും ഷൂട്ട് ചെയ്യാമെന്ന് പറയുന്നത്. ചിലയിടത്തൊക്കെ ലൊക്കേഷന്‍ കാണാന്‍ ഞാനും പോയിരുന്നു. എന്നാലും പലതും പോകുന്ന വഴിയില്‍ ആയിരിക്കും പറയുക ഇവിടെ ഷൂട്ട് ചെയ്യാമെന്ന്. പിന്നെ വെയില്‍ ആണെങ്കില്‍ അതിന് കാത്തിരിക്കുക മഴ ആണേല്‍ അതിന്, മഞ്ഞ് വേണേല്‍ അതിന് അങ്ങനെ കാത്തിരുന്നാണ് എല്ലാം ഷൂട്ട് ചെയ്തത്.. എന്താണോ സാറിന് ആവശ്യം അതിന് വേണ്ടി കുറെ കാത്തിരിക്കും. ഇന്നത് പറയണം, ഇന്നത് പറയരുത് എന്നൊക്കെ പറയാത്തത് കൊണ്ട് എന്ത് എന്ന് ഓര്‍ത്തു പേടിച്ചിരുന്നില്ല, പിന്നീട് എന്തെങ്കിലും കറക്ഷന്‍ ഉണ്ടെങ്കില്‍ അത് അങ്ങനെ കൂടി ചെയ്ത് നോക്കിക്കൂടെ എന്നെ പറയു, അതിലും പേടിപ്പിക്കല്‍ ഇല്ല. ചില സീന്‍ ഒക്കെ കുറച്ച് ടേക്ക് എടുത്തിട്ടുണ്ട്.. എന്നാലും സര്‍ ചീത്ത പറയില്ല, എന്തോരം വേണേലും ക്ഷമയോടെ കാത്തിരിക്കും.

പിന്നെ വെയില്‍ ആണെങ്കില്‍ അതിന് കാത്തിരിക്കുക മഴ ആണേല്‍ അതിന്, മഞ്ഞ് വേണേല്‍ അതിന് അങ്ങനെ കാത്തിരുന്നാണ് എല്ലാം ഷൂട്ട് ചെയ്തത്.. എന്താണോ സാറിന് ആവശ്യം അതിന് വേണ്ടി കുറെ കാത്തിരിക്കും.

ജോജുചേട്ടന്‍, നിമിഷ, വമ്പന്‍ എക്‌സ്പീരിയന്‍സ്

ജോജു ചേട്ടനോടും നിമിഷയോടുമൊക്കെ സംസാരിക്കാന്‍ എനിക്ക് ആദ്യം പേടി ആയിരുന്നു. പക്ഷെ അവര്‍ അത്രയും ഓപ്പണായിട്ടാണ് എന്നോട് സംസാരിച്ചതും സപ്പോര്‍ട്ട് തന്നതുമെല്ലാം, എന്തും ആരോടും തുറന്ന് പറയാം. ഞാന്‍ ചെയ്തത് നന്നായോ ഇല്ലയോ എന്ന് അറിയില്ല എന്നാലും പേടി ഇല്ലാതെയാണ് എല്ലാം ചെയ്യാന്‍ പറ്റിയത്, എല്ലാരും ഒരുപാട് ഹെല്‍പ് ചെയ്തിട്ടുണ്ട്. ഇത്ര ഫ്രീ ആയിട്ട് ചെയ്യാന്‍ പറ്റും എന്ന് കരുതി ഇരുന്നില്ല. ജോജു ചേട്ടനൊപ്പം ഒരു റൂമിലാണ് ഞാന്‍ കിടന്ന് ഉറങ്ങിയിരുന്നത്.. അത്ര അടിപൊളി ആയിരുന്നു എല്ലാരും... നായകന്‍ നായിക എന്നൊരു രീതി ഉള്ള സിനിമ ആണിതെന്ന് എനിക്ക് തോന്നുന്നില്ല.. മൂന്ന് കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം ഉണ്ട്. കാമുകി കാമുകന്‍ എന്നിങ്ങനെ കഥാപാത്രങ്ങള്‍ വരുമ്പോള്‍ അവരാണ് നായികയും നായകനുമെന്നൊക്കെ സാധാരണ പറയാമെങ്കിലും ഇത് അതുപോലെ അല്ല, മൂന്നാളിലും കൂടെയാണ് കഥ പോകുന്നത്, മൂന്നിനും അതിന്റെ പ്രാധാന്യവും ഉണ്ട്. ജോജുവേട്ടന്‍ ഒരു രക്ഷേം ഉണ്ടായിരുന്നില്ല. എല്ലാത്തിനും സപ്പോര്‍ട്ടാണ്, നിമിഷ ശരിക്കും ചെറിയ കുട്ടികളെ പോലെ ആയിരുന്നു, എവിടെ എങ്കിലും പോയാല്‍ കല്ല് കളകട് ചെയ്യുക, ചെറിയ കാര്യങ്ങള്‍ക്ക് തല്ലുകൂടുക, പിന്നേം കൂട്ടു കൂടുക, ഞങ്ങള്‍ അത്രേം കമ്പനി ആയത് കൊണ്ടാണ് എനിക്ക് ഈ ക്യാരക്ടര്‍ ചെയ്യാന്‍ പറ്റിയത്. ഇവരുടെ കൂടെ ഉള്ള എക്‌സ്പീരിയന്‍സ് ഇനി എനിക്ക് വേറെ കിട്ടുമോ എന്ന് അറിയില്ല, ഇത് എനിക്ക് വമ്പന്‍ എക്‌സ്പീരിയന്‍സ് ആയിരുന്നു, വമ്പന്‍ എന്ന് പറഞ്ഞാല്‍ വമ്പന്‍..

‘മൊബൈല്‍ ഷോപ്പില്‍ നിന്ന് വെനീസിലേക്ക്’; ‘ചോല’ ലൈഫിലെ ഏറ്റവും വലിയ ക്ലാസ് : അഖില്‍ വിശ്വനാഥ് അഭിമുഖം 
സനലേട്ടനൊപ്പമുള്ള അടുത്ത സിനിമ എന്റെ സ്വപ്‌നം : ജോജു ജോര്‍ജ്

ലൈഫിലെ ഏറ്റവും വലിയ ക്ലാസ്

ഒരു വലിപ്പചെറുപ്പം ഇല്ലാതെ. ആകെ 35 പേരോളമേ ക്രൂവില്‍ ഉണ്ടായിരുന്നുള്ളൂ.എല്ലാവരും നല്ലോണം കഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇല്ലെങ്കില്‍ പോലും സിനിമ ഉണ്ടാവില്ലായിരുന്നു, എല്ലാവരും അതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്.. ഇന്നയാള്‍ക്ക് ഇന്ന കാര്യം എന്നല്ല, എല്ലാരും എല്ലാ കാര്യങ്ങളും ചെയ്യും. ഒരു പാത്രത്തില്‍ നിന്ന് ഉണ്ണുക എന്ന് പറയില്ലേ, അത് പോലെ ആയിരുന്നു. ഒരു വേര്‍തിരിവ് ആര്‍ക്കും ഉണ്ടായിരുന്നില്ല. എന്റെ ലൈഫില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ ക്ളാസ് തന്നെ ആയിരിക്കും ചോല. പാക്കപ്പയപ്പോള്‍ എല്ലാരും, കരച്ചിലൊക്കെ ആയിരുന്നു, കുറച്ച് ദിവസം കൊണ്ട് തന്നെ എല്ലാരും അറ്റാച്ച്ഡ് ആയിരുന്നു, പ്രതീക്ഷിക്കാതെ വന്നതാണ് എല്ലാം.

വെനീസിലെ വണ്ടര്‍ മൊമന്റ്

വെനീസിലേക്ക് സാറും ജോജുച്ചേട്ടനും നിമിഷയുമൊക്കെ പോകുമെന്നായിരുന്നു കരുതിയിരുന്നത്. ഒരുദിവസം അസോസിയേറ്റ് ഡയറക്ടര്‍ ആയ ചാന്ദിനി ചേച്ചി വിളിച്ച് പാസ്‌പോര്‍ട്ട് ഉണ്ടോ എന്ന് ചോദിച്ചു.ചേച്ചി വിളിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് പാസ്‌പോര്‍ട്ട് എനിക്ക് കയ്യില്‍ കിട്ടുന്നത്... അപ്പോള്‍ അതിന്റെ ഫോട്ടോ അയക്കാന്‍ പറഞ്ഞു.. എന്നാല്‍ വെറുതെ അന്വേഷിച്ചതാണെന്നാണ് പറഞ്ഞത്... പിന്നീട് വേരിഫിക്കേഷനായി എറണാകുളം വരെ വരാന്‍ പറഞ്ഞപ്പോഴാണ് ഞാനും പോകുന്നുവെന്ന് അറിഞ്ഞത്. പിന്നീടാണ് വെനീസ് എന്താന്നൊക്കെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തൊക്കെ നോക്കിയത്. ആകെ വണ്ടര്‍ അടിച്ച മൊമന്റാണ് വെനീസിലേത്, എല്ലാ കാര്യങ്ങളും ജോജുവേട്ടനാണ് നോക്കിയത്. ഞാനും നിമിഷയും ഒരുമിച്ചാണ് പോകുന്നത്. ഡല്‍ഹിയില്‍ വെച്ച് സനല്‍ സാറും കേറി. ചെന്നിറങ്ങിയപ്പോള്‍ വഴി ഒന്നും അറിയാതെ മാപ്പ് ഒക്കെ ഇട്ടായിരുന്നു യാത്ര. ദാഹിച്ചപ്പോള്‍ ഒരു കടയില്‍ വിരളം കുടിക്കാന്‍ കയറിയപ്പോള്‍ ജോജുവേട്ടന്‍ ഒരു പാട്ടൊക്കെ പാടി മുന്നില്‍ കൂടി വരുന്നു.. പിന്നെ എല്ലാരും ഒരുമിച്ചായി..

എല്ലാം അപ്രതീക്ഷിതം

പടം ആദ്യമായി കാണുന്നത് വെനീസില്‍ വച്ചാണ്, സത്യം പറഞ്ഞാല്‍ പടം കാണുമ്പോള്‍ മുഴുവന്‍ ഓര്‍മ്മ അത് ഷൂട്ട് ചെയ്തപ്പോള്‍ ഉള്ള അനുഭവങ്ങള്‍ ആയിരുന്നു, ഓരോ ലൊക്കേഷനില്‍ പോയതും, എല്ലാരും ഒന്നിച്ചുള്ള ദിവസങ്ങളുമെല്ലാം, പിന്നെ വിലയിരുത്താന്‍ ഒന്നും എനിക്ക് അറിയില്ല, എല്ലാരും നന്നായി എന്നാണ് പറഞ്ഞത്. എല്ലാം പ്രതീക്ഷിക്കാത്തതായിരുന്നു... എന്റെ ലൈഫില്‍ നടന്നതൊക്കെ പ്രതീക്ഷിക്കാത്തതാണ്... ആഗ്രഹം മനസില്‍ ഉണ്ടെങ്കിലും അതിന് വേണ്ടി ട്രൈ ചെയ്യാനുള്ള സാഹചര്യം ഒന്നും ഉണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ ഇവിടെ എത്തിപ്പെടാന്‍ പറ്റി, ഇത്രയും വലിയ ഒരു ടീമിന്റെ ഒപ്പം... അത് വലിയ ഭാഗ്യമായി കാണുന്നു. ഇപ്പോള്‍ റിലീസായി കഴിയുമ്പോഴും വിളിക്കുന്നവര്‍ നന്നായി ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്, അത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.

‘മൊബൈല്‍ ഷോപ്പില്‍ നിന്ന് വെനീസിലേക്ക്’; ‘ചോല’ ലൈഫിലെ ഏറ്റവും വലിയ ക്ലാസ് : അഖില്‍ വിശ്വനാഥ് അഭിമുഖം 
ജോജുവേട്ടന്‍ രക്ഷയില്ല, ഫഹദിക്കയെ ആണ് ഇങ്ങനെ നോക്കി നിന്നിരുന്നത്: നിമിഷാ സജയന്‍

ആശാനെ എന്ന വിളി

അവിടെ പ്രീമിയര്‍ കഴിഞ്ഞ് ഇന്റര്‍വ്യൂ എടുക്കാനെല്ലാം ആളുകള്‍ വന്നിരുന്നു, ആദ്യ ചിത്രം തന്നെ വെനീസിലെത്തിയതിനെക്കുറിച്ചാണ് എല്ലാരും ചോദിച്ചത്, പിന്നെ എക്‌സ്പീരിയന്‍സും. ചിത്രത്തില്‍ എന്റെ ആശാനേ എന്ന വിളിയെക്കുറിച്ചും ചോദിച്ചു, അത് എങ്ങനെയാണ് ഉണ്ടായതെന്ന്. സാറിന്റെ മനസില്‍ ഉള്ള വിഷ്വല്‍ നമ്മളോട് ഇഷ്ടം ഉള്ളത് പോലെ ചെയ്യാന്‍ ആണ് പറയുക... എനിക് എല്ലാം ആശാനാണ്, എല്ലാ കാര്യങ്ങളും നോക്കുന്നതും ചെയ്യുന്നതും എല്ലാം... അത് കൊണ്ടാണ് ആ വിളി, പിന്നെ എല്ലാരുടേം സപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞു...ആകെ ചെറിയ ക്രൂ ആണെങ്കിലും അവരുടെ സപ്പോര്‍ട്ട് കാരണം ആണ് എല്ലാം നന്നായി ചെയ്യാന്‍ പറ്റിയത്.

മുണ്ടുടത്ത് റെഡ് കാര്‍പ്പറ്റില്‍

അത് വമ്പന്‍ കോമഡിയാണ്, ഫെസ്റ്റിവലില്‍ പോകുന്ന കാര്യം പറഞ്ഞു പക്ഷെ അത് നമ്മുടെ ഇവിടത്തെ പോലെ ഒരു സാധാരണ ഫെസ്റ്റിവല്‍ എന്നെ കരുതിയുള്ളൂ. പുതിയ രണ്ട് ഡ്രസ് ഒക്കെ വാങ്ങി സെറ്റാക്കിയാണ് പോയത്. അവിടെ ചെന്ന് എന്ത് ഡ്രസ് ആണ് ഇടുന്നതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ജീന്‍സും ഷര്‍ട്ടും ആണെന്ന്, അപ്പോള്‍ കോര്‍ഡിനെറ്റ് ചെയ്യുന്ന ആള്‍ പറഞ്ഞു ഇതൊക്കെ ഷോപ്പിംഗിന് പോകുമ്പോള്‍ ഉള്ളതാണ്, ഫെസ്റ്റിവലില്‍ പറ്റില്ല എന്ന്... ഒന്നുകില്‍ സ്യൂട്ട് അല്ലേല്‍ ഷര്‍വാണി പോലത്തെ എന്തെങ്കിലും വേണം... അങ്ങനെ പറഞ്ഞപ്പോ കിളി പോയി, സാറിനോട് പറഞ്ഞപ്പോള്‍ സാര്‍ സാറിന്റെ കോട്ട് എനിക്ക് തന്നിട്ട് എന്നാ നീ ഇതിട്ട് കേറിക്കോന്നാണ് പറഞ്ഞത്. പിന്നെ ജോജുച്ചേട്ടന്‍ പറഞ്ഞു ചേട്ടന്‍ മുണ്ട് ഉടുത്താണ് കേറുന്നതെന്ന്.. അത് ട്രഡീഷണല്‍ ആണല്ലോ.. ജോജു ചേട്ടന്റെ കയ്യില്‍ ഒരു കറുത്ത മുണ്ട് ഉണ്ടായിരുന്നു അതാണ് എനിക്ക് തന്നത്, കോട്ടാണെങ്കില്‍ ചിലപ്പോ വിറച്ചേനെ, മുണ്ടായത് കൊണ്ടും ജോജുവേട്ടനുള്ളത് കൊണ്ടും പേടിക്കാതെ കയറി.

എല്ലാര്‍ക്കും സന്തോഷം,

സിനിമയില്‍ സെലക്ഷന്‍ കിട്ടിയപ്പോഴും വെനീസിലെക്ക് പോയപ്പോഴും ഒക്കെ മാഷുമ്മാരെയെല്ലാം വിളിച്ചിരിന്നു, എല്ലാര്‍ക്കും സന്തോഷമാണ്, ഇവിടെ മുരളി എന്ന് പറയുന്ന ഒരു ചേട്ടനൊപ്പമാണ് കടയില്‍ ജോലി ചെയ്യുന്നത്, ചേട്ടനും സിനിമയൊക്കെ ഇഷ്ടമാണ്. ഓഡിഷനൊക്കെ പോകാന്‍ ചേട്ടന്‍ സപ്പോര്‍ട്ടായിരുന്നു. മുന്‍പും ഇപ്പോഴും എല്ലാം അവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. വീട്ടുകാരും ഹാപ്പിയാണ്, എല്ലാര്‍ക്കും വലിയ സന്തോഷവും.

ഇനിയെന്ത്

ആദ്യമായിട്ടുള്ള ഓഡിഷനാണ് ചോല കിട്ടിയത്, മുന്‍പ് സാഹചര്യങ്ങള്‍ അനുവദിക്കാത്തത് കൊണ്ട് സിനിമ തേടി നടക്കാന്‍ പറ്റില്ലായിരുന്നു, ഇനി ചോലയില്‍ അഭിനയിച്ച ആളാണെന്ന് പറഞ്ഞുകൊണ്ട് ആരെയെങ്കിലും കാണണം, എന്നാലും അത് ആരെയാണെന്നൊന്നും അറിയില്ല, അങ്ങനെ ബന്ധങ്ങളുമില്ല. എങ്കിലും സിനിമയില്‍ തന്നെ നിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹം. അതുവരെ പിടിച്ചു നില്‍ക്കാന്‍ ഇപ്പോഴുള്ള ജോലിയുമുണ്ട്.

logo
The Cue
www.thecue.in