'റമ്പാൻ' മുഴുവനായും ഒരു ഫിക്ഷണൽ ചിത്രമായിരിക്കുമെന്ന് തിരക്കഥാകൃത്തും നടനുമായ ചെമ്പൻ വിനോദ് ജോസ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് റമ്പാൻ. അങ്കമാലി ഡയറീസും ഭീമന്റെ വഴിയും ഒക്കെ എഴുതുമ്പോൾ അതിലെ സംഭവങ്ങളെല്ലാം റിയൽ ലെെഫിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചെയ്തതാണെന്നും എന്നാൽ അത്തരത്തിലുള്ള തന്റെ സ്ഥിരം എഴുത്ത് രീതി റമ്പാനിൽ മാറ്റി പിടിച്ചിട്ടുണ്ടെന്നും ചെമ്പൻ വിനോദ് പറഞ്ഞു. സ്വയം ചലഞ്ച് ചെയ്യുന്ന തരത്തിൽ റിയൽ ലെെഫിൽ നിന്നും ഇൻസ്പയറാവാതെ മൊത്തത്തിൽ ഫിക്ഷണലായ ഒരു ചിത്രമായിരിക്കും റമ്പാൻ എന്ന് ചെമ്പൻ വിനോദ് പറയുന്നു. റമ്പാനിലെ പോലൊരു കഥ എവിടെയും നടന്നിട്ടില്ലെന്നും അതിലെ കഥാപാത്രങ്ങളെ നിങ്ങൾക്ക് എവിടെയും കാണാൻ സാധിക്കില്ലെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചെമ്പൻ വിനോദ് പറഞ്ഞു.
ചെമ്പൻ വിനോദ് പറഞ്ഞത്:
റമ്പാന്റെ എഴുത്ത് ഒക്കെ കഴിഞ്ഞിരിക്കുന്നതാണ്. ഞാൻ ഭീമന്റെ വഴി എഴുതുമ്പോഴും എന്റെ സുഹൃത്ത് വഴിയുണ്ടാക്കിയ കഥയാണ് അത്. ആ സിനിമയിലെ പേഴ്സണൽ ലെെഫിന്റെ കാര്യമല്ല ഞാൻ പറയുന്നത്. ആ വഴിയുണ്ടാക്കിയ കഥ മാത്രം. അതിൽ നിന്ന് ഇൻസ്പയറായിട്ടാണ് ഞാൻ ആ കഥ പറയുന്നത്. അങ്കമാലി ഡയറീസിൽ റിയൽ ലെെഫിൽ നടന്ന കാര്യങ്ങളുടെ കൗതുകം ഉണ്ടായിരുന്നു അതിൽ നിന്നാണ് അത് എഴുതുന്നത്. ഞാൻ അങ്ങനെ റിയൽ ലെെഫിൽ നിന്ന് ഇൻസ്പെയറായിട്ട് ചെയ്യുന്ന രീതി എനിക്ക് തന്നെ ഒന്ന് മാറ്റണമെന്ന് തോന്നി. അതുകൊണ്ട് റമ്പാൻ എന്ന ചിത്രം ടോട്ടൽ ഫിക്ഷണലാണ്. അങ്ങനെയൊരു കഥ എവിടെയും നടന്നിട്ടില്ല, അങ്ങനെയുള്ള കഥാപാത്രങ്ങളും എവിടെയുമില്ല. ഞാൻ എന്നെ തന്നെ ചലഞ്ച് ചെയ്ത് നോക്കുന്നതാണ് അത്. അന്തരീക്ഷത്തിൽ നിന്ന് ഒരു കഥയുണ്ടാക്കി പറഞ്ഞിട്ട് അത് പിച്ച് ചെയ്യാൻ പറ്റുമോ എന്നുള്ള ഐഡിയയാണ് റമ്പാൻ. റിസ്കാണ് അത്. അത് റിസ്കാണോ എന്ന് നമ്മൾ തിരിച്ചറിയുന്നത് നമ്മൾ അതൊരു സംവിധായകനോടോ അല്ലെങ്കിൽ ഒരു ക്യാമറമാനോടൊ അല്ലെങ്കിൽ അതിന്റെ മറ്റേതെങ്കിലും ടെക്നീഷ്യൻിനോടോ ആർട്ടിസ്റ്റിനോടോ ഒക്കെ പറയുമ്പോൾ അവരുടെ ഫീഡ് ബാക്ക് നമുക്ക് കിട്ടും. അല്ലെങ്കിൽ അവർ ഓക്കെ എന്ന് പറയുന്ന ഒരു സിറ്റുവേഷനുണ്ടല്ലോ? അപ്പോഴാണ് നമുക്ക് തോന്നുന്നത് ഇത് കുഴപ്പമില്ലാത്ത ഒരു പാരിപാടി ആയിരിക്കുമല്ലോ എന്ന്. അതാണ് നമ്മുടെ കോൺഫിഡൻസും.
ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ്, ഐൻസ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് റമ്പാൻ. മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം 2024 പകുതിയോടെ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ്ന്റെയാണ് സംഗീതം. മോഹൻലാൽ, അമല പോൾ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത ചിത്രം ‘ലൈല ഒ ലൈല’യാണ് മോഹൻലാലും ജോഷിയും ഒന്നിച്ച അവസാന ചിത്രം.