'ജാഫർ ഇടുക്കി പെർഫോം ചെയ്യുമ്പോൾ നമ്മൾ താനെ അഭിനയിക്കും'; അഭ്യൂഹം കാസ്റ്റിം​ഗ് മികച്ചതെന്ന് അജ്മൽ അമീർ, ചിത്രം നാളെ തിയറ്ററുകളിലേക്ക്

'ജാഫർ ഇടുക്കി പെർഫോം ചെയ്യുമ്പോൾ നമ്മൾ താനെ അഭിനയിക്കും'; അഭ്യൂഹം കാസ്റ്റിം​ഗ് മികച്ചതെന്ന് അജ്മൽ അമീർ, ചിത്രം നാളെ തിയറ്ററുകളിലേക്ക്
Published on

നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും നിർവ്വഹിച്ച് അജ്മൽ അമീർ, രാഹുൽ മാധവ്, ജാഫർ ഇടുക്കി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'അഭ്യൂഹം'. ചിത്രം നാളെ തിയറ്ററുകളിലെത്തും. സിനിമയിലെ കാസ്റ്റിങ് വളരെ ഇന്റെരെസ്റ്റിംഗ് ആയി തോന്നിയെന്നും കോട്ടയം നസീറിനെ കാസ്റ്റ് ചെയ്തപ്പോൾ തനിക്ക് സംശയമുണ്ടായതായും അജ്മൽ അമീർ. കോട്ടയം നസീറിനെ പോലെ പാവമായ ഒരാളെ എങ്ങനെയാണ് അത്രയും പവർഫുള്ളും നീചനും ഗോൾഫ് കളിക്കുന്ന സ്റ്റൈലിഷ് ആയ ഒരാളായി മാറ്റുന്നതെന്ന് സംവിധായകനോട് ചോദിച്ചിരുന്നു. എന്നാൽ ആ ഗെറ്റ് അപ്പ് ഒക്കെ ഇട്ട് അദ്ദേഹം വന്നപ്പോൾ എല്ലാവരും ഞെട്ടിയെന്ന് അജ്മൽ പറഞ്ഞു. വളരെ ഈസി ആയി അദ്ദേഹം വന്നു പെർഫോം ചെയ്തിട്ട് പോയെന്നും അജ്മൽ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ജാഫർ ഇടുക്കി അഭിനയിക്കുമ്പോൾ നമുക്ക് പെർഫോം ചെയ്യേണ്ട ആവശ്യമില്ല അദ്ദേഹം പറയുന്നത് കേട്ടുനിന്നാൽ തന്നെ കരച്ചിൽ വരും ആ രീതിയിലാണ് അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷനും പെർഫോമൻസുമെന്ന് അജ്മൽ പറഞ്ഞു. രാഹുൽ മാധവും സിനിമയും അതിഗംഭീരമായി പെർഫോം ചെയ്തിട്ടുണ്ട്. എല്ലാം ഡയറക്ഷൻ ടീമിന്റെ മിടുക്കാണെന്നും എല്ലാ ആർട്ടിസ്റ്റുകളെ കൊണ്ടും അഖിൽ ശ്രീനിവാസും നൗഫൽ അബ്ദുള്ളയും നന്നായി പെർഫോം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും അജ്മൽ കൂട്ടിച്ചേർത്തു.

മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനീഷ് ആന്റണി, ജെയിംസ് മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാക്കൾ സെബാസ്റ്റ്യൻ, വെഞ്ചസ്ലാവസ്, അഖിൽ ആന്റണി എന്നിവരാണ്. ഒരു മിസ്റ്ററി ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആനന്ദ് രാധാകൃഷ്ണനും നൗഫൽ അബ്ദുള്ളയും ചേർന്നാണ്. കോട്ടയം നസീർ, മാൽവി മൽഹോത്ര, ആത്മീയ രാജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഷമീർ ജിബ്രാൻ, ബാലാ മുരുകൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജുബൈർ മുഹമ്മദാണ്.

Related Stories

No stories found.
logo
The Cue
www.thecue.in