തിരക്കഥയില്‍ ഡയലോഗുകള്‍ എഴുതുന്നത് പോലെ പ്രധാനമാണ് കഥാപാത്രങ്ങള്‍ക്ക് പേരിടുന്നതും: ബോബി-സഞ്ജയ്

തിരക്കഥയില്‍ ഡയലോഗുകള്‍ എഴുതുന്നത് പോലെ പ്രധാനമാണ് കഥാപാത്രങ്ങള്‍ക്ക് പേരിടുന്നതും: ബോബി-സഞ്ജയ്
Published on

തിരക്കഥാരചനയില്‍ ഡയലോഗിനും ആക്ഷനും പോലെ കഥാപാത്രങ്ങളുടെ പേരുകള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്ന് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്. വളരെ സമയമെടുത്താണ് ഓരോ കഥാപാത്രങ്ങള്‍ക്ക് പേരിടാറുള്ളതെന്നും അത് പ്രേക്ഷകരിലേക്ക് കഥാപാത്രത്തെ അടുപ്പിക്കാന്‍ ഒരുപാട് സഹായിക്കാറുണ്ടെന്നും ദ ക്യു ഷോടൈമില്‍ ബോബി സഞ്ജയ് വ്യക്തമാക്കി.

അയളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ രവി തരകനും മുംബൈ പോലീസിലെ ആന്‍റണി മോസസും സല്യൂട്ടിലെ അരവിന്ദ് കരുണാകരനെല്ലാം പിറന്നത് അങ്ങനെയാണ്. ആദ്യം തന്നെ ഒരു നല്ല പേര് കണ്ടെത്തിയാല്‍ ആ കഥാപാത്രത്തിന്‍റെ യാത്ര എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ബോബി സഞ്ജയ് പറയുന്നു.

ബോബി സഞ്ജയ് പറഞ്ഞ വാക്കുകള്‍:

വളരെ സമയമെടുത്താണ് ഓരോ കഥാപാത്രങ്ങളുടെയും പേരുകള്‍ എഴുതുന്നത്. നമുക്ക് ചുറ്റും പ്രത്യേകതയുള്ളതും ഇല്ലാത്തതുമായ ഒരുപാട് പേരുകളുണ്ടാകും. അതില്‍ നിന്നുമാകാം പല പേരുകളും എടുക്കുന്നത്. പക്ഷെ, ഒരു കഥാപാത്രത്തെ പ്രേക്ഷകന് രജിസ്റ്റര്‍ ചെയ്യിക്കുന്നതില്‍ പേരിന് വലിയ പങ്കുണ്ട്. ആന്‍റണി മോസസും രവി തരകനെയുമെല്ലാം പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കാന്‍ കാരണവും അത് തന്നെയാണ്.

ഒരു കഥാപാത്രത്തിന് പേരിടുമ്പോള്‍ അയാളുടെ കുടുംബപശ്ചാത്തലം കൂടി ചിന്തിക്കാറുണ്ട്. തിരക്കഥാരചനയില്‍ ഡയലോഗും ആക്ഷനും പോലെത്തന്നെ പ്രധാനപ്പെട്ടതാണ് ആ കഥാപാത്രത്തിന്‍റെ പേര്. പിന്നെ, ഒരു പേര് കിട്ടിക്കഴിഞ്ഞാല്‍ ആ കഥാപാത്രത്തിന്‍റെ ഒരു പോക്ക് നമുക്ക് പെട്ടന്ന് ജഡ്ജ് ചെയ്യാന്‍ സാധിക്കും.

കഥാപാത്രങ്ങള്‍ ആയിരിക്കില്ലല്ലോ, കഥാപാത്രങ്ങളുടെ അച്ഛനും അമ്മയും ആയിരിക്കും അവര്‍ക്ക് പേരിടുക. ഉദാഹരണത്തിന്, രവി തരകന്‍ എന്ന പേരിലെ രവി വളരെ കണ്‍വെന്‍ഷണലായ ഒരു പേരാണ്. തരകന്‍ അയാളുടെ സര്‍ നെയിമാണ്. ഇത് രണ്ടും കൂടി വരുമ്പൊഴാണ് രവി തരകന് ഒരു പ്രത്യേകത വരുന്നത്. പക്ഷെ, രവി എന്ന് പേരിട്ടിരിക്കാന്‍ സാധ്യതയുള്ള ഒരു അച്ഛനും അമ്മയുമാണ് പൃഥ്വിരാജിന്‍റെ കഥാപാത്രത്തിനുള്ളത്. ഇത് കഥാപാത്ര നിര്‍മ്മിതിയില്‍ ചിന്തിക്കാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in