'അള്ള് രാമേന്ദ്രന്' ശേഷം സംവിധായകൻ ബിലഹരിയുടെ 'കുടുക്ക് 2025'. 2025ലെ കഥ പറയുന്ന ചിത്രത്തിൽ മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയമാകുന്നത്. കൃഷ്ണ ശങ്കർ കേന്ദ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പരിമിതമായ സാധ്യതകൾ വെച്ചുകൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകൾ മുന്നോട്ട് വെയ്ക്കാനാണ് കുടുക്കിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബിലഹരി 'ദ ക്യു'വിനോട്.
എന്റർടെയ്നർ മൂഡിൽ തുടങ്ങി മിസ്റ്ററി ആക്ഷൻ ത്രില്ലറിലേയ്ക്ക്:
2025ൽ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്ത്. ഭാവിയിൽ നടക്കാൻ സാധ്യതയുളള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് സിനിമ. എന്റർടെയ്നർ മൂഡിൽ തുടങ്ങി പിന്നീട് ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലറിലേയ്ക്ക് പോകുന്ന മൾട്ടി ഴോണർ മൂവി ആയിരിക്കും ചിത്രം. മനുഷ്യന്റെ സ്വകാര്യതയെ കുറിച്ചാണ് പറയുന്നത്. ഒരു പരിധി വരെ സാങ്കേതിക വശങ്ങളെ കുറിച്ച് പറയുന്നുണ്ട്. സയൻസ് ഫിക്ഷൻ എലമെന്റ് ഉണ്ടെങ്കിൽ പോലും എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന ഒരു സ്വാഭാവിക സിനിമ ആയാണ് കൊണ്ടുവരുന്നത്.
സ്വകാര്യത, നാളുകളായി അസ്വസ്ഥമാക്കിയിരുന്ന ആശയം:
വരാനുളള മാറ്റങ്ങളെ കുറിച്ച് വളരെ ലളിതമായി മാത്രം പറയാമെന്നാണ് കരുതുന്നത്. അതെത്രകണ്ട് സാധ്യമാണെന്ന് അറിയില്ല, എങ്കിലും നമ്മുടെ മുന്നിലുളള സാധ്യതകൾ വെച്ചുകൊണ്ട് 2025നെ കുറിച്ചുളള ചില ധാരണകൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ലോക്ഡൗണിലാണ് കഥ എഴുതുന്നത്. കുറച്ചു നാളായി എന്നെ അസ്വസ്ഥമാക്കിയിരുന്ന ആശയമാണ് നമ്മുടെ സ്വകാര്യത എന്നത്. ഇപ്പോൾ കൊവിഡിനിടയിലും പുറത്തുവരുന്ന പല വാർത്തകളും വീണ്ടും അതിനെ കുറിച്ച് ചിന്തിപ്പിച്ചു. അങ്ങനെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്.
സ്വാഭാവികത നിലനിർത്താൻ സിങ്ക് സൗണ്ട്:
കഥാപാത്രങ്ങളുടെ സ്വാഭാവികത അങ്ങനെതന്നെ വേണമെന്നുളളതുകൊണ്ട് സിങ്ക് സൗണ്ടിലാണ് ചിത്രം ഒരുക്കുക. സിനിമയുടെ ക്വാളിറ്റി അങ്ങനെ തന്നെ നിലനിൽക്കാൻ വേണ്ടിയാണ് തീയറ്റർ റിലീസിനെ കുറിച്ച് യാതൊരു ഉറപ്പും ഇല്ലാത്ത സാഹചര്യത്തിലും സിങ്ക് സൗണ്ട് തന്നെ തിരഞ്ഞെടുത്തത്.
സിംഗിൾ ലൊക്കേഷൻ സിനിമയല്ല 'കുടുക്ക് 2025':
പല ലൊക്കേഷനുകളിലായാണ് ഷൂട്ടിങ് നടക്കുക, സിംഗിൾ ലൊക്കേഷൻ സിനിമ ആയിരിക്കില്ല. ലോക്ഡൗൺ ഇല്ലാത്ത കാലത്ത് ഷൂട്ട് ചെയ്ത ചിത്രം എന്ന പ്രതീതി ആയിരിക്കും ചിത്രം കാണുമ്പോൾ പ്രേക്ഷകർക്ക് ഉണ്ടാവുക. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലാവും ചിത്രീകരണം. നവംബറിൽ തന്നെ ഷൂട്ട് തുടങ്ങും.