'സിനിമയില്‍ നടികള്‍ക്ക് സാധ്യത കുറയുന്നതില്‍ നമുക്ക് ആരെയും കുറ്റപ്പെടുത്താനാകില്ല, ബിസിനസ്സാണ് പരിഗണിക്കുക': ഭാവന

'സിനിമയില്‍ നടികള്‍ക്ക് സാധ്യത കുറയുന്നതില്‍ നമുക്ക് ആരെയും കുറ്റപ്പെടുത്താനാകില്ല, ബിസിനസ്സാണ് പരിഗണിക്കുക': ഭാവന
Published on

സിനിമയില്‍ സ്ത്രീ അഭിനേതാക്കള്‍ക്ക് സാധ്യതകള്‍ കുറയുന്നതില്‍ ആരെയും കുറ്റപ്പെടുത്താനാകില്ലെന്ന് നടി ഭാവന. അഭിനേതാക്കളുടെ മാര്‍ക്കറ്റ് ആണ് നിര്‍മ്മാതാക്കള്‍ പരിഗണിക്കുക. നടികളെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യുമ്പോള്‍ അവരുടെ ബിസിനസ്സ് നോക്കുന്നതില്‍ ഒരു തെറ്റുമില്ല. മുടക്കുമുതല്‍ തിരിച്ചു കിട്ടുക എന്നുള്ളത് എല്ലാ നിര്‍മ്മാതാക്കളുടെയും മനസ്സിലുണ്ടെന്നും താന്‍ സിനിമ നിര്‍മ്മിച്ചാലും അഭിനേതാക്കളുടെ ബിസിനസ്സ് നോക്കുമെന്നും ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു നടി.

ഭാവന പറഞ്ഞത്:

മനഃപൂര്‍വ്വം സംഭവിക്കുന്ന ഒന്നല്ല ഇത്. സിനിമ തീര്‍ച്ചയായും ഒരു ബിസിനസ്സ് തന്നെയാണ്. സിനിമയില്‍ അഭിനയിക്കുന്ന ഹീറോയ്ക്ക് ഒരു മാര്‍ക്കറ്റ് ഉണ്ടാകും. അതുകൊണ്ട് തന്നെ ഞാന്‍ സിനിമ നിര്‍മ്മിച്ചാലും അത് തന്നെയേ ആലോചിക്കൂ. ആര്‍ക്കാണ് നല്ല ബിസിനസ്സ്, ആരെ വെച്ച് ചെയ്യാം എന്ന് ചിന്തിക്കും. മുടക്കുന്ന പൈസ തിരിച്ചു കിട്ടുക എന്നുള്ളത് തന്നെയാണ് നിര്‍മ്മാതാക്കളുടെ മനസ്സിലുണ്ടാവുക. നമുക്ക് ആരെയും കുറ്റം പറയാന്‍ പറ്റില്ല. സ്ത്രീ കേന്ദ്രീകൃതമായ ഒരു സിനിമ ചെയ്യുമ്പോള്‍ നടിയ്ക്ക് എത്ര ബിസിനസ്സ് ഉണ്ട് എന്ന് അവര്‍ ആലോചിക്കുന്നതില്‍ ഒരു തെറ്റുമില്ല. സ്ത്രീ കഥാപാത്രത്തെ മുന്‍നിര്‍ത്തി സിനിമ ചെയ്യില്ല എന്ന് അവര്‍ മനഃപൂര്‍വ്വം തീരുമാനിച്ചു മുന്നോട്ടു വരുന്നതല്ല.

ഏതെങ്കിലും ഒരു സിനിമ, ഒരു നടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത് അത് ഹിറ്റാവുമ്പോഴാണ്, കുഴപ്പമില്ലല്ലോ എന്നവര്‍ക്ക് തോന്നുക. അപ്പോഴായിരിക്കും വീണ്ടും ആ നടിയെ വെച്ച് അവര്‍ അടുത്ത സിനിമ പ്ലാന്‍ ചെയ്യുക. ഇത് തുടര്‍ന്നാല്‍ ഒരു നടിക്ക് അവിടെ ഒരു സ്‌പേസ് ഉണ്ടാകുകയാണ്. പക്ഷെ റിയാലിറ്റി നോക്കിയാല്‍ ഒരു പടം ചിലപ്പോള്‍ ഹിറ്റാവാം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാകും അടുത്ത പടം ഹിറ്റാവുക. അതുകൊണ്ട് സാധ്യതകള്‍ കുറഞ്ഞു വരുന്നുണ്ട്. മുന്‍പും അങ്ങനെ തന്നെ ആയിരുന്നു. ആരെയും നമുക്ക് കുറ്റം പറയാനാകില്ല. ആരും മനഃപൂര്‍വ്വം ചെയ്യുന്നതുമല്ല ഇത്. ബിസിനസ്സിന്റെ അവസ്ഥകള്‍ കൊണ്ട് സംഭവിക്കുന്നതാണ്. ആരെയും കൈ ചൂണ്ടി നമുക്ക് കുറ്റപ്പെടുത്താനാവില്ല.

Related Stories

No stories found.
logo
The Cue
www.thecue.in