റിമ ഒന്നാംതരം ആക്ട്രസ്, ജൂതനില്‍ നിന്ന് മാറ്റിയതില്‍ വിവാദമില്ലെന്ന് ഭദ്രന്‍
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ജൂതന്‍ എന്ന സിനിമയില്‍ റിമാ കല്ലിങ്കലിന് നിശ്ചയിച്ചിരുന്ന വേഷത്തില്‍ മംമ്താ മോഹന്‍ദാസിനെയാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഭദ്രന്‍ ചിത്രത്തില്‍ നിന്ന് റിമാ കല്ലിങ്കല്‍ പുറത്തായി, പകരം മംമ്ത അഭിനയിക്കുമെന്ന തരത്തില്‍ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ റിമയ്ക്ക് പകരം മംമതയെ തീരുമാനിച്ചതില്‍ വിവാദമില്ലെന്ന് ഭദ്രന്‍ ദ ക്യുവിനോട് പറഞ്ഞു. രണ്ട് നാഷനല്‍ അവാര്‍ഡ് വാങ്ങിയിട്ടുള്ള നടിയുടെ കഥാപാത്രത്തിനായാണ് റിമാ കല്ലിങ്കലിനെ ആദ്യം സമീപിച്ചിരുന്നത്. വളരെ ത്രില്ലോടെ ഈ സിനിമയുടെ ഭാഗമാകാമെന്ന് റിമ പറഞ്ഞിരുന്നു. എന്നാല്‍ എഴുതിവന്നപ്പോള്‍ നേരത്തെ ആലോചിച്ച കഥാപാത്രത്തിന് റിമയെക്കാള്‍ കൂടുതല്‍ മംമ്തയാണ് അനുയോജ്യമെന്ന് തോന്നിയതായി സംവിധായകന്‍ ഭദ്രന്‍.
സിനിമയുടെ ആദ്യ പോസ്റ്ററിലും മോഷന്‍ പോസ്റ്ററിലുമെല്ലാം റിമാ കല്ലിങ്കലിന്റെ പേരുണ്ടായിരുന്നു.
ജൂതന്‍ തിരക്കഥ ഒമ്പത് മാസത്തിലേറെയാണ് എഴുതുകയാണ്. എഴുതി വന്നപ്പോള്‍ റിമയെ ആലോചിച്ച റോളിന് വേറൊരു തിളക്കം സംഭവിച്ചു. രണ്ട് ദേശീയ അവാര്‍ഡ് കിട്ടിയ നടിയുടെ റോളായിരുന്നു അത്. മംമ്തയെ കാസ്റ്റ് ചെയ്യുന്നത് അവരുടെ സീനിയോരിറ്റി കൂടെ പരിഗണിച്ചാണ്. റിമാ കല്ലിങ്കല്‍ ഒന്നാന്തരം നടിയാണ്. കഴിവുള്ള അഭിനേതാവാണ്. വളരെ എനര്‍ജറ്റിക് ആയിട്ടുള്ള നടിയാണ്. റിമയുമായി കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നില്ല. ആലോചന മാത്രമായിരുന്നു. റിമയെ മാറ്റി, പുറത്താണ് എന്നൊക്കെയുള്ള പ്രചരണം ആ അഭിനേത്രിയോട് കാണിക്കുന്ന ആദരവില്ലായ്മയാണ്. വളരെ ത്രില്ലോടെയാണ് റിമ എന്നോട് ആദ്യഘട്ടം മുതല്‍ സംസാരിച്ചിരുന്നത്. ഡബ്‌ള്യു സി സിയോ വേറെന്തെങ്കിലും കാര്യങ്ങളോ ഈ തീരുമാനത്തിന് കാരണമായിട്ടില്ല. അതൊന്നും നമ്മളെ ആശങ്കപ്പെടുത്തുന്ന കാര്യമേയല്ല.
ഭദ്രന്‍, സംവിധായകന്‍
ഡബ്ല്യു സി സി പ്രതിനിധി ആയതിനാലാണ് റിമാ കല്ലിങ്കലിനെ മാറ്റിയതെന്ന പ്രചരണം ചിരിച്ച് തള്ളുകയാണെന്നും ഭദ്രന്‍ ദ ക്യുവിനോട് പറഞ്ഞു. അത്തരം പ്രചരണങ്ങള്‍ക്ക് ചെരിപ്പിന്റെ വള്ളിയുടെ വില പോലും നല്‍കുന്നില്ല.
എസ് സുരേഷ് ബാബുവിന്റെ രചനയിലാണ് ജൂതന്‍. സൗബിന്‍ ഷാഹിറും ജോജു ജോര്‍ജ്ജുമാണ് പ്രധാന കഥാപാത്രങ്ങള്‍. നേരത്തെ റൂബി ഫിലിംസ് ചിത്രം നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ചെമ്മണ്ണൂര്‍ ഫിലിംസാണ് സിനിമ ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. ഇയോ എലിയാവു കോഹന്‍ എന്ന ഫോര്‍ട്ട് കൊച്ചിക്കാരന്‍ കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജ് പോലീസ് ഓഫീസറായും എത്തുന്നു. 2020 ജനുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നറിയുന്നു.
റിമയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് ഭദ്രന്‍ നേരത്തെ ദ ക്യുവിനോട് പറഞ്ഞത്
ഡബ്‌ളി സി സി പറയുന്ന ചില കാര്യങ്ങള്‍ ശരിയുണ്ടെന്നാണ് വിശ്വാസമെന്ന് ഭദ്രന്‍ നേരത്തെ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റിമാ കല്ലിങ്കലിനെ നേരിട്ട് കണ്ടില്ലായിരുന്നുവെങ്കില്‍ ഡബ്ല്യു സി സി വിരുദ്ധ പ്രചരണം വിശ്വസിച്ചേനേ എന്നും ഭദ്രന്‍ മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റിമയുമായി ഒന്നര മണിക്കൂര്‍ സംസാരിച്ചതോടെയാണ് നായികയായി ഈ അഭിനേത്രി മതിയെന്ന് തീരുമാനിച്ചത്.