'നുണക്കുഴി എന്റെ കംഫര്‍ട്ട് സോണിലുള്ള സിനിമയാണ്, എന്നാല്‍ പ്രാവിന്‍കൂട് ഷാപ്പും സൂക്ഷ്മദര്‍ശിനിയും അങ്ങനെയല്ല': ബേസില്‍ ജോസഫ്

'നുണക്കുഴി എന്റെ കംഫര്‍ട്ട് സോണിലുള്ള സിനിമയാണ്, എന്നാല്‍ പ്രാവിന്‍കൂട് ഷാപ്പും സൂക്ഷ്മദര്‍ശിനിയും അങ്ങനെയല്ല': ബേസില്‍ ജോസഫ്
Published on

തന്റെ കംഫര്‍ട്ട് സോണിലുള്ള സിനിമയാണ് നുണക്കുഴി എന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. എന്നാല്‍ വരാനിരിക്കുന്ന ചിത്രങ്ങളായ പ്രാവിന്‍കൂട് ഷാപ്പും സൂക്ഷ്മദര്‍ശിനിയും അങ്ങനെയുള്ള സിനിമകളല്ല എന്നും ബേസില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു. അഭിനയം എന്ന ജോലി തനിക്ക് കൗതുകമുണ്ടാക്കുന്നുണ്ടെന്നും വേറെ ഒരാളായി മാറുക എന്നത് രസകരമായ കാര്യമാണെന്നും ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ ജോസഫ് പറഞ്ഞു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ് നായകനാകുന്ന നുണക്കുഴി ആഗസ്റ്റ് 15ന് തിയറ്ററുകളില്‍ എത്തുകയാണ്. ഫണ്‍ എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തില്‍ എബി സക്കറിയ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്. ട്വെല്‍ത്ത് മാന്‍, കൂമന്‍ എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. സരിഗമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ബേസില്‍ ജോസഫ് പറഞ്ഞത്:

അഭിനയത്തിന്റെ ഘട്ടങ്ങള്‍ കൗതുകം നിറയ്ക്കുന്നതായിരുന്നു. നുണക്കുഴി എന്റെ കംഫര്‍ട്ട് സോണിലുള്ള ഒരു സിനിമയാണ്. എന്നാല്‍ പ്രാവിന്‍കൂട് ഷാപ്പോ സൂക്ഷ്മദര്‍ശിനിയോ എന്റെ ഒട്ടും എന്റെ കംഫര്‍ട്ട് സോണിലുള്ള സിനിമകളല്ല. ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നമ്മള്‍ വേറെ ഒരാളായി മാറുന്ന കാര്യം രസമുള്ളതാണ്. വേറെ ഒരാളായി മാറുകയാണ് എന്നുള്ളതാണ്. ആ കഥാപാത്രങ്ങള്‍ നമ്മളേയല്ല. നമ്മള്‍ ഒരിക്കലും ഒരു സാഹചര്യത്തില്‍ പെരുമാറാത്ത പോലെയാകും ഈ കഥാപാത്രങ്ങള്‍ പെരുമാറുക. ഇങ്ങനെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമയത്ത് ഉണ്ടാകുന്നത് ഒരു പ്രത്യേക അനുഭവമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളും സംവിധായകരും വരുമ്പോഴാണ് നമുക്ക് വ്യക്തമായ ഒരു ധാരണ കിട്ടുന്നത്. അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരെ പോലെ വ്യത്യസ്തരായ സംവിധായകരുടെ സിനിമകള്‍ വ്യത്യസ്തമായ അനുഭവമാണ് തരുന്നത്. ഇതെല്ലാം കൗതുകമുണ്ടാക്കുന്ന കാര്യങ്ങളാണ്. സിനിമാ അഭിനയം എന്ന ഈ യാത്ര കൗതുകമുള്ളതാണ്.

മോഹന്‍ലാല്‍, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ നേര് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നുണക്കുഴി. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപ്പുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരാണ് നുണക്കുഴിയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശീര്‍വാദ് റിലീസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in