സംവിധായകന്റെ പേര് ഒഴിവാക്കി റിലീസ് ചെയ്ത ആദ്യ മലയാള സിനിമ, കലികയുടെ ഓര്‍മ്മയില്‍ ബാലചന്ദ്രമേനോന്‍

Balachandra Menon
Balachandra Menon
Published on

മലയാള സിനിമയുടെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമാവാരികയുമായുള്ള ഒരു തുറന്ന യുദ്ധത്തിനാണ് കലിക എന്ന സിനിമ തുടക്കമിട്ടതെന്ന് ബാലചന്ദ്രമേനോന്‍. ചില വ്യക്തികളുടെ ദുഷിച്ച ഇടപെടലുകള്‍ കാരണം ചിത്രീകരണം പൂര്‍ത്തിയായതോടെ എനിക്കും നിര്‍മ്മാതാവിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായെന്നും ബാലചന്ദ്രമേനോന്‍.

ചിത്രം റിലീസ് ആയപ്പോള്‍ എനിക്കെതിരെയുള്ള പാളയത്തില്‍ നിന്ന് കൊണ്ട് അവര്‍ ആവുന്നത്ര പൊരുതി. ഈ പോസ്റ്റിനൊപ്പം കാണുന്ന പരസ്യങ്ങളില്‍ ഒന്നിലും എന്നെ നിലംപരിശാക്കാന്‍ സംവിധായകനായ എന്റെ പേര്‍ അവര്‍ സൂചിപ്പിച്ചില്ല . ഒരു പക്ഷേ സംവിധായകന്റെ പേര്‍ ഒഴിവാക്കി റിലീസ് ചെയ്ത ആദ്യ മലയാള സിനിമ എന്ന അപൂര്‍വ്വമായ ഖ്യാതിയും കലികക്ക് തന്നെയാവാമെന്നും ബാലചന്ദ്രമേനോന്‍.

ബാലചന്ദ്രമേനോന്റെ കുറിപ്പ്‌

ഇന്നേക്ക് 41 വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം (12 -6 -1980 ) ഞാൻ നിങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച സിനിമയാണ് 'കലിക' എന്നറിയാമല്ലോ .... എന്തു കൊണ്ടും പ്രത്യേകമായ പരാമർശം അർഹിക്കുന്ന ഒരു സംരംഭമായിരുന്നു അത് . എന്റെ ഇന്നിതു വരെയുള്ള ചലച്ചിത്ര ജീവിതത്തിൽ ഞാൻ മറ്റൊരാളിന്റെ ഒരു നോവലിനെ അവലംബമാക്കി തീർത്ത ഏക സിനിമ കലികയാണ് .

ഷീല എന്ന അഭിനേത്രി നായികയായ എന്റെ ഏക സിനിമയും കലിക തന്നെ ...എന്നാൽ, തുറന്നു പറയട്ടെ എന്നെ ഏറ്റവും വേദനിപ്പിച്ച സിനിമയും കലിക തന്നെ ...

മോഹനചന്ദ്രന്റെ പ്രസിദ്ധമായ നോവൽ സിനിമയാക്കാമെന്നുള്ള നിർദ്ദേശം വന്നത് നിർമ്മാതാക്കളുടെ ഭാഗത്തു നിന്നായിരുന്നു . വായന കഴിഞ്ഞപ്പോൾ ഒന്നെനിക്കു ബോധ്യമായി . ഇതെന്റെ രുചിക്ക് ചേർന്നതല്ല ...മന്ത്രവും തന്ത്രവും ഒക്കെ നോവലിൽ കാട്ടിയതു പോലെ കാണിച്ചാൽ 'പണി പാളും ' എന്നെനിക്കുറപ്പായി . എന്നാൽ ജനത്തെ ആകർഷിക്കാനുള്ള ചേരുവകൾ മോഹൻചന്ദ്രന്റെ , ഷീല അവതരിപ്പിച്ച കലിക എന്ന കഥാപാത്രത്തിൽ ഒളിഞ്ഞിരിക്കുന്നത് ഞാൻ മനസ്സിലാക്കി . സിംഗപ്പൂർ ഹൈകമ്മീഷണർ ആയിരുന്ന അദ്ദേഹം കഥാചർച്ചക്കായി തിരുവനന്തപുരത്തെത്തി .ആ ചർച്ച കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ ഒരു ഗാഢമായ സൗഹൃദം ഉടലെടുത്തു.

..."എന്റെ ഈ നോവലിൽ സിനിമക്കാവശ്യമായ എന്ത് മാറ്റവും 'ബാലന്'. വരുത്താം " എന്ന് രേഖാ മൂലം അദ്ദേഹം സമ്മതിച്ചതോടെ കലിക എന്ന സിനിമ പിറക്കുകയായി... ...കലിക എന്ന പേരുള്ള ഒരു ദുർമന്ത്രവാദിനിയെ കീഴ്പ്പെടുത്താനെത്തുന്ന ഒരു പുരുഷ സംഘത്തിന്റെ അന്വേഷണന്മാകമായ ഒരു കഥാകഥനമായി അത് മാറി ..നോവലിലെ നായകൻ വേണുനാഗവള്ളി അവതരിപ്പിച്ച സദൻ ആണെങ്കിൽ സിനിമാതിരക്കഥയിൽ ഞാൻ സുകുമാരനിലൂടെ ജോസഫ് എന്ന പ്രതിനായകനെ നായകനായി അവരോധിച്ചു ...അതാണ് ചിത്രത്തെ സൂപ്പർ ഹിറ്റ് ആക്കി മാറ്റിയത് .

ചില വ്യക്തികളുടെ ദുഷിച്ച ഇടപെടലുകൾ കാരണം ചിത്രീകരണം പൂർത്തിയായതോടെ എനിക്കും നിർമ്മാതാവിനുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായി ..ചിത്രം റിലീസ് ആയപ്പോൾ എനിക്കെതിരെയുള്ള പാളയത്തിൽ നിന്ന് കൊണ്ട് അവർ ആവുന്നത്ര പൊരുതി. ഈ പോസ്റ്റിനൊപ്പം കാണുന്ന പരസ്യങ്ങളിൽ ഒന്നിലും എന്നെ നിലംപരിശാക്കാൻ സംവിധായകനായ എന്റെ പേർ അവർ സൂചിപ്പിച്ചില്ല . ഒരു പക്ഷേ സംവിധായകന്റെ പേർ ഒഴിവാക്കി റിലീസ് ചെയ്ത ആദ്യ മലയാള സിനിമ എന്ന അപൂർവ്വമായ ഖ്യാതിയും കലികക്ക് തന്നെയാവാം . "filmy FRIDAYS " കൂട്ടായ്മയിൽ പലരും ചോദിച്ചിട്ടുണ്ട് എന്താണ് കലിക യുടെ പോസ്റ്ററിൽ സാറിന്റെ പേരു കാണാഞ്ഞത് എന്ന്. മൂന്നാമത്തെ ചിത്രമായ കലികക്ക് ശേഷം ഞാൻ പിന്നെ 34 ചിത്രങ്ങൾ കൂടി ചെയ്തു എന്ന് പറയുമ്പോൾ നിങ്ങൾ പ്രേക്ഷരുടെ പിന്തുണക്കു മുന്നിൽ മറ്റെല്ലാ അധമ ശ്രമങ്ങളും വ്യർത്ഥമായി എന്ന് തെളിയിക്കാൻ എനിക്ക് അവസരം കിട്ടുകയായിരുന്നു .വളരാൻ വെമ്പുന്ന ഒരു യുവ സംവിധായകനും അന്ന് മലയാള സിനിമയുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമാവാരികയുമായുള്ള ഒരു തുറന്ന യുദ്ധത്തിനാണ് കലിക തുടക്കമിട്ടത് . അതിന്റെ ആദിമധ്യാന്തമുള്ള പിന്നാമ്പുറ കഥകൾ അധികം വൈകാതെ തുടങ്ങാൻ ഉദ്ദേശിക്കുന്ന "filmy FRIDAYS ---SEASON 3 ൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം..ഈ രംഗത്തു വരാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് എന്റെ കലിക അനുഭവങ്ങൾ ഒരു നല്ല മാർഗ്ഗദർശ്ശനമായിരിക്കും....

that's ALL your honour !

Related Stories

No stories found.
logo
The Cue
www.thecue.in