ബാബു ആന്റണി അയച്ച സന്ദേശത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; പ്രമുഖരുടെ ശുപാർശ വേണമെന്നുള്ള തെറ്റായ സന്ദേശമെന്ന് ഹരീഷ് പേരടി

ബാബു ആന്റണി അയച്ച സന്ദേശത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; പ്രമുഖരുടെ ശുപാർശ വേണമെന്നുള്ള തെറ്റായ സന്ദേശമെന്ന് ഹരീഷ് പേരടി
Published on

കൊവിഡ് രോഗിയായ യുവതിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ബാബു ആന്റണി അയച്ച സന്ദേശത്തിന് മുഖ്യമന്ത്രിയിൽ നിന്നും ഉടനടി നടപടി ഉണ്ടായതായി കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ജനാധിപത്യ സംവിധാനത്തിന് ചേരാത്ത നടപടിയാണ് ഇതെന്ന് നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചു.

ആരുമില്ലാത്ത ഒരുപാട് കോവിഡ് രോഗികൾ ഇനിയും ബാക്കിയുണ്ട്. ഇവർക്കൊക്കെ മുഖ്യമന്ത്രിയുടെ നമ്പർ കിട്ടിയാൽ നല്ല ചികിൽസ കിട്ടുമെന്നും ശുപാർശ ചെയ്യാൻ ഏതെങ്കിലും പ്രമുഖർ കൂടി വേണമെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഈ വാർത്ത ബോധ്യപ്പെടുത്തുന്നത്. ഇങ്ങനെയാണ് പുതിയ രീതിയെങ്കിൽ സാധാരണക്കാർക്കും മുഖ്യമന്ത്രിയുടെ നമ്പർ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരുമില്ലാത്ത ഒരുപാട് കോവിഡ് രോഗികൾ ഇനിയും ബാക്കിയുണ്ട്..ഇവർക്കൊക്കെ മുഖ്യമന്ത്രിയുടെ നമ്പർ കിട്ടിയാൽ നല്ല ചികിൽസ കിട്ടുമെന്നും..ശുപാർശ ചെയ്യാൻ ഏതെങ്കിലും പ്രമുഖർ കൂടി വേണമെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഈ വാർത്ത എന്നിൽ ഉണ്ടാക്കിയത്...ഈ വാർത്ത ശരിയാണെങ്കിൽ ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ചേർന്നതല്ല...ഇനി ഇതാണ് പുതിയ കീഴവഴക്കമെങ്കിൽ മുഖ്യമന്ത്രിയുടെ നമ്പർ പരസ്യമാക്കുക...എല്ലാ പാവപ്പെട്ടവർക്കും മുഖ്യമന്ത്രിക്ക് നേരിട്ട് സന്ദേശങ്ങൾ അയക്കാമല്ലോ...ചെറുപ്പത്തിൽ വായിച്ച നല്ലവനായ രാജാവിൻ്റെ കഥയാണ് എനിക്കൊർമ്മ വന്നത്-

ഹരീഷ് പേരടി

ബാബു ആന്റണിയുടെ ഒരു ഫാന്‍ കൂടിയായ യുവതി കൊറോണയാണെന്നും തീരെ സുഖമില്ലെന്നും പറഞ്ഞ് അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. ഹെല്‍ത്തില്‍ വിളിച്ചപ്പോള്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും യുവതി ബാബു ആന്റണിയോട് പറഞ്ഞു. തീരെ അവശ നിലയിലാണ് യുവതിയെന്ന് മനസിലാക്കിയ ബാബു ആന്റണി മുഖ്യമന്ത്രിയുടെ നമ്പറിലേക്ക് മെസേജ് അയക്കുകയായിരുന്നു. താന്‍ മെസേജ് അയച്ച് മുക്കാല്‍ മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി നടപടിയെടുത്തുവെന്നും ഇത് യുവതിയിലൂടെയാണ് താന്‍ അറിയുന്നതെന്നും ബാബു ആന്റണി ദ ക്യുവിനോട്‌ പറഞ്ഞു.

കൊല്ലം ജില്ലാകളക്ടര്‍ നേരിട്ട് ഇടെപെട്ടാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ വിളിച്ചറിയിച്ചതനുസരിച്ച് അവരെ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു . പിന്നീട് യുവതി ബാബു ആന്റണിയെ വിളിച്ച് താങ്കള്‍ പരാതി പറഞ്ഞതുകൊണ്ടാണ് ഇങ്ങനെയല്ലാം നടന്നതെന്നും താന്‍ രക്ഷപ്പെട്ടതെന്നും പറഞ്ഞു . എന്നാല്‍ താന്‍ മുഖ്യമന്ത്രിക്ക് സന്ദേശമയക്കുക മാത്രമാണ് ചെയ്തതെന്ന് ബാബു ആന്റണി ദ ക്യുവിനോട്‌ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in