ശ്രീജിത്ത് ചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ലാലു അലക്‌സ് , ദീപക് പറമ്പോൽ, ദർശന സുദർശൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഇമ്പം. നായകനായി അഭിനയിക്കുക എന്നുള്ളത് തന്റെ ആഗ്രഹമായിരുന്നു, അങ്ങനെ അഭിനയിക്കാൻ വന്ന സാധ്യതകളെല്ലാം ചെയ്തിട്ടുമുണ്ട്. പക്ഷേ സിനിമ വിജയിക്കുന്നോ എന്നുള്ളത് തന്റെ മാത്രം കയ്യിലുള്ള കാര്യമല്ലെന്ന് ദീപക് പറമ്പോൽ. സിനിമ ചെയ്യുന്ന സമയത്ത് മാക്സിമം എഫർട്ട് എടുത്ത് ചെയ്യാൻ ശ്രമിക്കാറുണ്ട്. പിന്നെയുള്ളത് തിയറ്ററിലേക്ക് ആൾക്കാർ വരണമെന്നതാണെന്ന് ദീപക് പറഞ്ഞു. ഇമ്പം അതുപോലെ തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നും ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ദീപക് പറമ്പോൽ പറഞ്ഞു.
ദീപക് പറമ്പോൽ പറഞ്ഞത് :
എന്റെ ആഗ്രഹമാണ് നായകനായി ഒരു സിനിമ അഭിനയിക്കുക എന്നുള്ളത്. നായകനായിട്ട് അഭിനയിക്കാൻ വന്ന സാധ്യതകൾ എല്ലാം ഞാൻ ചെയ്തിട്ടുമുണ്ട്. അത് എത്രത്തോളം വിജയിക്കുന്നു എന്നത് എന്റെ കയ്യിൽ മാത്രം ഇരിക്കുന്ന കാര്യമല്ലല്ലോ? സിനിമ ചെയ്യുന്ന സമയത്ത് മക്സിമം എഫർട്ട് എടുത്ത് ചെയ്യാൻ ശ്രമിക്കാറുണ്ട്. പിന്നെ തിയറ്ററിലേക്ക് ആൾക്കാർ വരണം, നമുക്ക് ഒരാളെ ഇഷ്ടപ്പെട്ട് തുടങ്ങണമല്ലോ? ഞാൻ നായകനായിട്ട് ചെയ്തു തുടങ്ങിയപ്പോൾ ആളുകൾക്ക് തിയറ്ററിലേക്ക് പോയി കാണാനുള്ള ഒരു സംഭവം വന്നു തുടങ്ങിയിട്ട് ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ഈ സിനിമയോട് കൂടി അത് വരുമായിരിക്കാം. എല്ലാം ഒരു പ്രതീക്ഷയാണെല്ലോ? ആളുകൾക്ക് ഇഷ്ടപ്പെടുമോ നാളെ എനിക്ക് സിനിമയുണ്ടാകുമോ എന്നൊക്കെ ചിന്തിച്ച് ഞാൻ നായകനായി സിനിമ ചെയ്യാതെ ഇരുന്ന് കഴിഞ്ഞാൽ ഞാൻ വെറുതെ വീട്ടിലിരിക്കുകയേ ഉള്ളൂ. എന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല, ഇമ്പം അതുപോലെ തന്നെയാണ്. എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. എനിക്ക് ആ കഥാപാത്രം ഇഷ്ടപ്പെട്ടിരുന്നു. പിന്നെ ഒരു സിനിമ ത്രൂ ഔട്ട് ചെയ്യാൻ പറ്റുന്ന ഒരു അവസരമാണല്ലോ? തിലകൻ ചേട്ടന്റെ ശബ്ദം ഇപ്പോൾ നമ്മൾ കേൾക്കുകയാണെങ്കിൽ നമ്മൾക്ക് ഉണ്ടാകുന്ന ഒരു ഫീലുണ്ടല്ലോ? ആ ഒരു ഫീലാണ് എനിക്ക് അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ ഉണ്ടായത്. പിന്നെ ഞാൻ ശരിക്കും ലാലു അലക്സ് സാറിന്റെ അടുത്ത് അധികം പോയി സംസാരിച്ചിട്ടുണ്ടായിരുന്നില്ല. കൂടെ അഭിനയിക്കുന്നുണ്ടെങ്കിലും എനിക്ക് എനിക്ക് അടുത്തു പോയി ഇരിക്കാൻ അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് പറഞ്ഞു അദ്ദേഹത്തോടുള്ള പുച്ഛം കാരണമാണ് എന്നാണ് വിചാരിച്ചത് എന്ന്.
‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇമ്പം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചിത്രം നിർമിക്കുന്നത്.ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഒരു മുഴുനീള ഫാമിലി എന്‍റർടെയ്നറായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പി.എസ് ജയഹരിയാണ്.
ഛായാഗ്രഹണം: നിജയ് ജയൻ, ഡിഐ: ലിജു പ്രഭാകര്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിൽ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ്: ഷെഫിൻ മായൻ, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് റെക്കോർഡിംഗ്: രൂപേഷ് പുരുഷോത്തമൻ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്റ്റ്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, വിഎഫ്എക്സ്: വിനു വിശ്വൻ, പ്രൊഡക്ഷൻ കൺട്രോളർ: അബിൻ ഇ എടവനക്കാട്, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്