'ആഭ്യന്തര പരാതി പരിഹാര സമിതിയുണ്ടെങ്കില്‍ മോശമായി സംസാരിക്കാനും പെരുമാറാനും ഒന്ന് ഭയക്കും': ആശ ശരത്ത്

'ആഭ്യന്തര പരാതി പരിഹാര സമിതിയുണ്ടെങ്കില്‍ മോശമായി സംസാരിക്കാനും പെരുമാറാനും ഒന്ന് ഭയക്കും': ആശ ശരത്ത്
Published on

സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി നിര്‍ബന്ധമാക്കിയതില്‍ പ്രതികരിച്ച് നടി ആശ ശരത്ത്. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടത്തിലും സ്ത്രീകള്‍ ചൂഷണം നേരിടുന്നുണ്ട്. പക്ഷെ സിനിമയിലെ സ്ത്രീകള്‍ക്ക് മിക്കപ്പോഴും അത് തുറന്ന് പറയാന്‍ പല കാരണങ്ങളാല്‍ ധൈര്യം ഉണ്ടാകാറില്ല. അതിനാല്‍ പരാതി പരിഹാര സമിതി ഉണ്ടാകുന്നത് നല്ല കാര്യമാണ്. അതിലൂടെ ആളുകള്‍ മോശമായി സംസാരിക്കാനും പെരുമാറാനും ഒന്ന് ഭയക്കുകയും ചെയ്യുമെന്നും ആശ ശരത്ത് ദ ക്യുവിനോട് പറഞ്ഞു.

'ജോലി സ്ഥലത്തെ ചൂഷണം എന്നത് സിനിമയില്‍ മാത്രമല്ല, മറ്റ് തൊഴിലിടങ്ങളിലും ഉണ്ട്. ഞാന്‍ പല മേഖലകളില്‍ ജോലി ചെയ്യുന്ന വ്യക്തി ആയതുകൊണ്ട് എനിക്ക് അത് അറിയാം. സ്ത്രീ ആയതുകൊണ്ടുള്ള ചൂഷണം വലിയൊരു വിഭാഗം സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ്. പക്ഷെ അതിനെ നേരിടാനുള്ള ധൈര്യം വളരെ ചുരുക്കം സ്ത്രീകള്‍ക്കെയുള്ളു. എന്നോട് ആരെങ്കിലും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്താല്‍ ഞാന്‍ ഉടന്‍ തന്നെ പ്രതികരിക്കുന്ന ആളാണ്. മറ്റുള്ളവര്‍ക്ക് വേണ്ടിയാണെങ്കിലും ഞാന്‍ അങ്ങനെ തന്നെയാണ്. ആ സന്ദര്‍ഭങ്ങളിലെല്ലാം വളരെ ശക്തമായി തന്നെ അത് ശരിയല്ലെന്ന എന്റെ ഉള്ളിലെ അമ്മയും അധ്യാപകയും സ്ത്രീയും പറഞ്ഞിട്ടുണ്ട്. ഇനിയും അത് തുടരുക തന്നെ ചെയ്യും', ആശ ശരത്ത് വ്യക്തമാക്കി.

'സിനിമയില്‍ ആണെങ്കില്‍ ചില കുട്ടികള്‍ക്ക് പല കാരണങ്ങളാല്‍ പ്രതികരിക്കാന്‍ സാധിക്കാതെ വരും. അവര്‍ക്ക് പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ ഒരു കമ്മിറ്റിയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നല്ലതാണ്. അതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. അത് ആര്‍ക്കാണെങ്കിലും. ഇപ്പോള്‍ എല്ലാവര്‍ക്കും ധൈര്യത്തോടെ കാര്യങ്ങളെ നേരിടാന്‍ സാധിക്കണം എന്നില്ല. അങ്ങനെയുള്ളവര്‍ക്ക് ഒരു കൈത്താങ്ങ് പോലെ അവരെ സംരക്ഷിക്കാന്‍ ഒരു കമ്മിറ്റി ഉണ്ടാകുന്നത് നല്ലതാണ്. അതിലൂടെ അവര്‍ക്ക് പ്രശ്‌നം വന്നാല്‍ സംസാരിക്കാന്‍ ഒരിടം ഉണ്ടാകുന്നു. അല്ലെങ്കില്‍ മറ്റൊരാള്‍ മോശമായി സംസാരിക്കാനും പെരുമാറാനും ഒന്ന് ഭയക്കും. കാരണം ഒരു സംരക്ഷണ വലയം അവര്‍ക്ക് ചുറ്റുമുണ്ട്. അപ്പോള്‍ അത്തരമൊരു കമ്മിറ്റി ഉണ്ടെങ്കില്‍ നല്ലത് തന്നെയാണെ'ന്നും ആശ ശരത്ത് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in