'അര്‍ജുന്‍ റെഡ്ഡി പേടിപ്പെടുത്തുന്നത്, യഥാര്‍ത്ഥ ജീവിതത്തില്‍ അംഗീകരിക്കില്ല'; വിജയ് ദേവരെക്കൊണ്ടെയെ അടുത്തിരുത്തി അനന്യ പാണ്ഡെ

'അര്‍ജുന്‍ റെഡ്ഡി പേടിപ്പെടുത്തുന്നത്, യഥാര്‍ത്ഥ ജീവിതത്തില്‍ അംഗീകരിക്കില്ല';  വിജയ് ദേവരെക്കൊണ്ടെയെ അടുത്തിരുത്തി അനന്യ പാണ്ഡെ
Published on

ടോക്‌സിക് മാസ്‌കുലിനിറ്റിയെ സെലിബ്രേറ്റ് ചെയ്ത വിജയ് ദേവരക്കൊണ്ട നായകനായ ചിത്രമായിരുന്ന അര്‍ജുന്‍ റെഡ്ഡി. അബ്യൂസീവ് റിലേഷന്‍ഷിപ്പ് നോര്‍മലൈസ് ചെയ്ത ചിത്രം വലിയ തോതില്‍ വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു. കരണ്‍ ജോഹറിന്റെ 'കോഫി വിത്ത് കരണ്‍' എന്ന അഭിമുഖപരിപാടിയില്‍ ചിത്രത്തെയും കഥാപാത്രത്തെയും ന്യായീകരിച്ച് നായകന്‍ വിജയ് ദേവരക്കൊണ്ടയെത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അതേ അഭിമുഖത്തില്‍ ചിത്രത്തെ വിമര്‍ശിക്കുന്ന അനന്യ പാണ്ഡേയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തന്റെയോ സുഹൃത്തുക്കളുടെയോ ബന്ധങ്ങളില്‍ അര്‍ജുന്‍ റെഡ്ഡിയുടെ പെരുമാറ്റം താന്‍ ശരിവയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നാണ് അനന്യ പാണ്ഡെ പറഞ്ഞത്. അര്‍ജുന്‍ റെഡ്ഡിയുടെ പെരുമാറ്റം ഭയാനകമാണെന്നും തന്റെ സുഹൃത്തുക്കള്‍ ഇങ്ങനെ ഒരാളുമായി അടുത്താല്‍ അത് പ്രോത്സാഹിപ്പിക്കില്ലെന്നും അനന്യ പറഞ്ഞു. വിജയ് ദേവരക്കൊണ്ടയെ അടുത്തിരുത്തിക്കൊണ്ടായിരുന്നു അനന്യയുടെ പരാമര്‍ശം.

അര്‍ജുന്‍ റെഡ്ഡിയെ സ്‌നേഹിച്ച പെണ്‍കുട്ടികളില്‍ ഒന്ന് അനന്യയാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് അനന്യ കഥാപാത്രത്തെ വിമര്‍ശിച്ചത്. പലരും സിനിമയില്‍ കാണുന്നത് യഥാര്‍ത്ഥ ജീവിതത്തില്‍ അനുകരിക്കുമെന്നും അത് ഭയാനകമാണെന്നും അനന്യ പറഞ്ഞു.

സിനിമയെ സ്ത്രീവിരുദ്ധമോ ആന്റി-ഫെമിനിസ്റ്റിക്കോ ആയി ഞാന്‍ കണ്ടിട്ടില്ല എന്നായിരുന്നു വിജയ് ദേവരക്കൊണ്ടെ പറഞ്ഞത്. 'ഒരു അഭിനേതാവ് എന്ന നിലയില്‍, എന്റെ ജോലി കഥാപാത്രത്തോട് സഹാനുഭൂതി കാണിക്കുക എന്നതാണ്, അവനെ വിലയിരുത്തുകയല്ല. ഞാന്‍ അവനെ വിമര്‍ശിക്കുകയാണെങ്കില്‍, എനിക്ക് ആ കഥാപാത്രമായി അഭിനയിക്കാന്‍ കഴിയില്ലെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞിരുന്നു.

താന്‍ അര്‍ജുന്‍ റെഡ്ഡിയെപ്പോലെയാണോ എന്ന് ചോദ്യത്തിന്, താന്‍ ഒരിക്കലും കൈ ഉയര്‍ത്തില്ല എന്നും ഒരു സ്ത്രീയോട് അത്തരം ദേഷ്യം തോന്നുന്ന ഒരു ഘട്ടം വന്നാല്‍ താന്‍ ഇറങ്ങിപോകും എന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത അനന്യ പാണ്ഡെയും വിജയ് ദേവരക്കൊണ്ടയും ഒരുമിച്ചെത്തുന്ന 'ലൈഗര്‍' ആണ് ഇരുവരുടെയും പുതിയ ചിത്രം. ആഗസ്റ്റ് 25ന് സിനിമ റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in