ഗജിനി, തുപ്പാക്കി, കത്തി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എ ആര്‍ മുരുകദോസ്. രജനികാന്തിനെ നായകനാക്കി മുരുകദോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2020ല്‍ പുറത്തിറങ്ങിയ ദര്‍ബാര്‍. ഏറെ പ്രതീക്ഷകളുമായി വന്ന സിനിമ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. വളരെ കുറഞ്ഞ സമയത്തില്‍ സ്‌ക്രിപ്റ്റ് എഴുതി തയ്യാറാക്കിയതിന്റെ പോരായ്മകള്‍ സിനിമക്കുണ്ടായിരുന്നുവെന്ന് മുരുകദോസ് പറയുന്നു. നായകനോടുള്ള ആരാധനയോ ഉയര്‍ന്ന പ്രതിഫലമോ കണ്ട് സംവിധായകന്‍ എന്ന നിലയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ദര്‍ബാര്‍ പഠിപ്പിച്ചുവെന്ന് മുരുകദോസ് ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രജനീകാന്തിന്റെ കടുത്ത ആരാധകനായതിനാല്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ തനിക്ക് നല്‍കിയ സിനിമ ഒടുവിലത്തേതായേക്കാമെന്ന വാര്‍ത്തകള്‍ വന്നതും ദര്‍ബാര്‍ തിടുക്കപ്പെട്ടു എടുക്കുന്നതിനു കാരണമായി, നല്ലൊരു ഹിറ്റ് പടം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നായകനോടുള്ള ആരാധനയോ ഉയര്‍ന്ന പ്രതിഫലമോ കണ്ടു സംവിധായകന്‍ എന്ന നിലയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ദര്‍ബാര്‍ പഠിപ്പിച്ചു.
മുരുകദോസ്
ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ പ്രീ പ്രൊഡക്ഷന്‍ കാലം വളരെ പ്രധാനപെട്ടതാണെന്നും റിലീസ് തീയ്യതി മുന്നില്‍ കണ്ടു പടം ചെയ്യാന്‍ തയ്യാറെടുക്കരുതെന്നും ആമിര്‍ ഖാന്‍ പറഞ്ഞ നിര്‍ദ്ദേശം ദര്‍ബാര്‍ സിനിമയുടെ കാര്യത്തില്‍ ശരിയാണെന്നു തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
7000ത്തോളം സ്‌ക്രീനുകളിലായിരുന്നു ദര്‍ബാര്‍ റിലീസ് ചെയ്തത്. രജനിയുടെ പ്രശസ്തി കണക്കിലെടുത്ത് ചിത്രം നഷ്ടം സംഭവിച്ചിട്ടും രണ്ടാഴ്ചയോളം തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും 25 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നതായും വിതരണക്കാര്‍ ആരോപിച്ചിരുന്നു. സിനിമ തകര്‍ന്നപ്പോള്‍ രജനി വിതരണക്കാരെ കാണാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും ആരോപണമുണ്ടായി. വിതരണക്കാരില്‍ നിന്ന് മുരുഗദോസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 200 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന്റെ എഴുപത് ശതമാനത്തോളം രജനിയുടെ പ്രതിഫലമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്‍.എസ് പൊന്‍കുമാര്‍ സംവിധാനം ചെയുന്ന 'ആഗസ്റ്റ് 16 1947' ലെ നിര്‍മാതാക്കളില്‍ ഒരാളാണ് മുരുകദോസ്. ചിത്രം ഏപ്രില്‍ 7 ന് തിയറ്ററുകളിലെത്തും. ഗൗതം കാര്‍ത്തിക്, പുകഴ്,റിച്ചാര്‍ഡ് ആഷ്ടണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവും ഒരു ഗ്രാമത്തിലെ ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥയുമാണ് പറയുന്നത്.