എൻ എൻ പിള്ള സാറിനെ മനസ്സിൽ കണ്ടാണ് ബാഹുൽ അപ്പുപ്പിള്ളയെ എഴുതിയത്, പക്ഷേ അക്കാര്യം കുട്ടേട്ടന് അറിയുമായിരുന്നില്ല ; ദിൻജിത്ത് അയ്യത്താൻ

എൻ എൻ പിള്ള സാറിനെ മനസ്സിൽ കണ്ടാണ് ബാഹുൽ അപ്പുപ്പിള്ളയെ എഴുതിയത്, പക്ഷേ അക്കാര്യം കുട്ടേട്ടന് അറിയുമായിരുന്നില്ല ; ദിൻജിത്ത് അയ്യത്താൻ
Published on

നടൻ എൻ എൻ പിള്ളയെ മനസ്സിൽ കണ്ട് എഴുതിയ കഥാപാത്രമാണ് കിഷ്കിന്ധാ കാണ്ഡത്തിലെ അപ്പുപ്പിള്ള എന്ന് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ. തിരക്കഥാകൃത്ത് ബാഹുലിന് അപ്പുപ്പിള്ള എന്ന കഥാപാത്രം എഴുതുമ്പോൾ തന്നെ മനസ്സിലുണ്ടായിരുന്നത് എൻ എൻ പിള്ളയുടെ മാനറിസങ്ങളും ഡയലോ​ഗ് ഡെലിവറിയും ഒക്കെയായിരുന്നു എന്നും എന്നാൽ അതിനെക്കുറിച്ച് നടൻ വിജയരാഘവനോട് തങ്ങൾ പറഞ്ഞിരുന്നില്ലെന്നും ദിൻജിത്ത് പറയുന്നു. ​ഗോഡ് ഫാദർ എന്ന സിനിമയിലെ അഞ്ഞൂറാൻ എന്ന കഥാപാത്രം പൊട്ടിത്തെറിക്കുന്നൊരു കഥാപാത്രം അല്ല എന്നാൽ അതേസയം അയാളുടെ വാക്കുകളിൽ ഒരു കാർക്കശ്യവും അധികാരവും ഉണ്ടായിരിക്കും. അതായിരുന്നു അപ്പുപ്പിള്ള എന്ന കഥാപാത്രത്തെക്കുറിച്ച് തങ്ങൾക്കുണ്ടായിരുന്ന കാഴച എന്നും അത് കൃത്യമായി തന്നെ വിജയരാഘവനിൽ നിന്നും തങ്ങൾക്ക് ലഭിച്ചു എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിൻജിത്ത് അയ്യത്താൻ പറഞ്ഞു.

ദിൻജിത്ത് അയ്യത്താൻ പറഞ്ഞത്:

ബാഹുൽ അപ്പുപ്പിള്ള എന്ന കഥാപാത്രത്തെ എഴുതുന്ന സമയത്ത് എൻ എൻ പിള്ള സാറിന്റെ പല മാനറിസങ്ങളും ഡയലോ​ഗ് ഡെലിവറിയും ഒക്കെ മനസ്സിൽ വച്ചിട്ടാണ് പക്ഷേ കുട്ടേട്ടനോട് ഞങ്ങൾ ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഈ അടുത്താണ് അദ്ദേഹത്തോട് ആ കാര്യം ഞങ്ങൾ പറയുന്നത്. അത് കേട്ടപ്പോൾ തന്നെ കുട്ടേട്ടൻ ഞെട്ടിയിരുന്നു. എൻ എൻ പിള്ള സാറിന്റെ പക്കാ സ്വഭാവമാണ് നമ്മുടെ കഥാപാത്രത്തിനും ഉള്ളത്. നമുക്ക് വേണ്ടത് എൻ എൻ പിള്ള സാറിന്റെ മറ്റൊരു വേർഷനായിരുന്നു. അത് കൃത്യമായി അദ്ദേഹത്തിൽ നിന്ന് ‍ഞങ്ങൾക്ക് കിട്ടി. കുട്ടേട്ടൻ അറിയാതെ തന്നെ അത്തരത്തിൽ ഒരു കഥാപാത്രമായി മാറുകയായിരുന്നു. ഞാൻ അദ്ദേഹത്തിന് കഥാപാത്രത്തിന്റെ ഘടന കൊടുത്തതും ഏകദേശം ഇതുപോലെ തന്നെയായിരുന്നു. പക്ഷേ കുട്ടേട്ടന്റേതായ കോൺട്രിബ്യൂഷൻ അദ്ദേഹം ആ കഥാപാത്രത്തിന് കൊടുത്തിട്ടുണ്ട്. ആദ്യത്തെ ഷോട്ട് എടുക്കുമ്പോൾ ഞങ്ങൾക്ക് ടെൻഷനുണ്ടായിരുന്നു എത്രത്തോളം കാർക്കശ്യം ഈ കഥാപാത്രം ഒരോ സീനിലും കാണിക്കണമെന്ന്. കല്യാണം കഴിഞ്ഞു വരുന്ന ഷോട്ടാണ് ആദ്യം എടുത്തത്. ആ ഷോട്ട് തന്നെ ആദ്യം എടുക്കാം എന്നു പറഞ്ഞത് ബാഹുൽ ആണ്. അപ്പുപ്പിള്ളയുടെ സ്വഭാവം കാണിക്കുന്നത് ആ സീനിൽ ആയിരുന്നല്ലോ? എനിക്ക് വളരെ ടെൻഷനുണ്ടായിരുന്നു. ആദ്യത്തെ ടേക്കിൽ കുട്ടേട്ടൻ അത് ചെയ്തപ്പോൾ ഇത്ര വേണ്ടായെന്ന് എനിക്ക് തോന്നി. അഞ്ഞൂറാന്റെ കഥാപാത്രം നോക്കിയാൽ അയാൾ അത്രയ്ക്ക് അങ്ങ് പൊട്ടിത്തെറിക്കില്ല, പക്ഷേ അയാളുടെ വാക്കുകളിൽ അതുണ്ട്. അതായിരുന്നു ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത്. *

Related Stories

No stories found.
logo
The Cue
www.thecue.in