'എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന സിനിമാ സെറ്റുകളാണ് എനിക്ക് പരിചയമുണ്ടായിരുന്നത്, പക്ഷെ തെലുങ്കിൽ അങ്ങനെയല്ല': അന്ന ബെൻ

'എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന സിനിമാ സെറ്റുകളാണ് എനിക്ക് പരിചയമുണ്ടായിരുന്നത്, പക്ഷെ തെലുങ്കിൽ അങ്ങനെയല്ല': അന്ന ബെൻ
Published on

മലയാളത്തിലെയും തെലുങ്കിലെയും ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് നടി അന്ന ബെൻ. ആളുകൾ തമ്മിൽ കുറേക്കൂടെ അടുപ്പമുള്ള സിനിമാ ഇൻഡസ്ട്രിയാണ് മലയാളമെന്നും, തെലുങ്ക് സിനിമാ സെറ്റിലെ ആളുകൾ അവരവരുടെ ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അന്ന ബെൻ പറഞ്ഞു. തനിക്ക് പരിചയമുള്ള ഷൂട്ടിങ് സെറ്റുകളിൽ ആളുകൾ ഒരുമിച്ചിരുന്ന് സംസാരിക്കാറുണ്ട്, എന്നാൽ തെലുങ്ക് സിനിമാ സെറ്റിൽ അഭിനേതാക്കൾ ക്യാരവാന് പുറത്തിറങ്ങിയാൽ ആളുകൾ ആശ്ചര്യത്തോടെ നോക്കുമെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അന്ന ബെൻ പറഞ്ഞു. 1000 കോടി കളക്ഷൻ എന്ന നാഴികക്കല്ല് ഇതിനോടകം മറികടന്ന, കൽക്കി 2898 എഡി യാണ് അന്ന ബെന്നിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. നടിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് കൽക്കി. ചിത്രത്തിൽ കൈറ എന്ന കഥാപത്രത്തെയാണ് അന്ന ബെൻ അവതരിപ്പിച്ചിരിക്കുന്നത്.

അന്ന ബെൻ പറഞ്ഞത്:

തീർച്ചയായും ഇന്റസ്ട്രികളിൽ വ്യത്യാസങ്ങളുണ്ട്. മലയാളത്തിൽ കുറേക്കൂടെ അടുപ്പമുള്ള ആളുകളാണ് ഉള്ളത്. എല്ലാവരും പരിചയക്കാരുമാണ്. പ്രൊഡക്ഷനിലോ ആർട്ട് ഡിപ്പാർട്മെന്റിലോ ഉള്ള ആളുകളെ നമ്മൾ എല്ലാ ദിവസവും കാണുന്നുണ്ട്. ഞാൻ ഒരു തെലുങ്ക് സിനിമയിലെ അഭിനയിച്ചിട്ടുള്ളു. അതിന്റെ വെളിച്ചത്തിലാണ് എനിക്ക് തെലുങ്ക് സിനിമയെക്കുറിച്ച് പറയാനാവുക. ആയിരത്തോളം ആളുകളായിരിക്കും അവിടെ ഒരു സെറ്റിലുണ്ടാവുക. ഒരു പ്രാവശ്യം ഞാൻ പോകുമ്പോൾ കാണുന്ന ആളെയല്ല പിന്നീട് പോകുമ്പോൾ കാണുക. അവർ തമ്മിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആർട്ട് ഡിപ്പാർട്ട്മെന്റിലെ ആളുകൾ അവരുടെ ജോലി മാത്രം ചെയ്ത് പോകും. അഭിനേതാക്കളും വേറെ ആരോടും ഇടപെടുന്നില്ല. വരിക, ഷൂട്ട് ചെയ്യുക എന്ന കാര്യം മാത്രമാണ് ആ ഇടത്തിൽ നിന്നുകൊണ്ട് അവർ ചെയ്യുന്നത്. അതൊക്കെ എനിക്ക് വ്യത്യസ്തമായി തോന്നി. കാരണം എനിക്ക് പരിചയമുള്ള സെറ്റുകൾ ഒക്കെ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന, അല്ലെങ്കിൽ ഷൂട്ടിന്റെ ഇടവേളകിൽ പുറത്തിറങ്ങി നടക്കുന്ന രീതിയിലാണ്. എന്നാൽ അവിടെയൊക്കെ അഭിനേതാക്കൾ പുറത്ത് നടക്കുന്ന കണ്ടാൽ, ഇതെന്താ ഈ കുട്ടി ഇങ്ങനെ പുറത്തിറങ്ങി നടക്കുന്നത് എന്ന രീതിയിൽ നമ്മളെ നോക്കും. ഈ കുട്ടി ക്യാരവാനിൽ ഇരിക്കേണ്ടതല്ലേ എന്ന് പറയും. അങ്ങനെ കുറെ വ്യത്യാസങ്ങൾ എനിക്ക് തോന്നി.

Related Stories

No stories found.
logo
The Cue
www.thecue.in