തന്റെ സിനിമകളിൽ ആവർത്തിച്ചു കണ്ടിട്ടുള്ള ചിത്രം കുമ്പളങ്ങി നൈറ്റ്സ് ആണെന്ന് അന്ന ബെൻ. ബാക്കിയുള്ള ചിത്രങ്ങൾ വീണ്ടും കാണുന്നത് ബുദ്ധിമുട്ടാണെന്നും അന്ന ബെൻ പറഞ്ഞു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് കുമ്പളങ്ങിയിലെ ബേബി എന്ന കഥാപാത്രത്തെ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം സിനിമ വീണ്ടും കാണാറുണ്ടെന്നും ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അന്ന ബെൻ പറഞ്ഞു. കൽക്കി 2898 എഡിയാണ് അന്ന ബെന്നിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ കൈറ എന്ന കഥാപത്രത്തെയാണ് നടി അവതരിപ്പിച്ചത്.
അന്ന ബെൻ പറഞ്ഞത്:
എന്റെ സിനിമ എന്ന നിലയിൽ ആവർത്തിച്ചു ഞാൻ കണ്ടിട്ടുള്ള ചിത്രം കുമ്പളങ്ങി നൈറ്റ്സ് ആണ്. ബാക്കി സിനിമകൾ വീണ്ടും ഇരുന്ന് കാണുന്നത് ബുദ്ധിമുട്ടാണ്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് കുമ്പളങ്ങിയിലെ ബേബിയെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. പക്ഷെ ഹെലൻ സിനിമയൊക്കെ വീണ്ടും കാണുന്നത് ബുദ്ധിമുട്ടായിരുന്നു. ഒറ്റ തവണയേ ഞാൻ ചിത്രം കണ്ടിട്ടുള്ളു. ചെയ്ത സിനിമകളിൽ എല്ലാം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ചിലപ്പോൾ കണ്ടിട്ടുണ്ടാവില്ല. ചില ചിത്രങ്ങൾ ഡബ് ചെയ്യുമ്പോൾ കണ്ടതിന് ശേഷം പിന്നീട് തിയറ്ററിൽ കണ്ടിട്ടുണ്ടാവില്ല. വീട്ടിൽ സുഹൃത്തുക്കളോ ബന്ധുക്കളോ വരുമ്പോൾ കുമ്പളങ്ങി നൈറ്റ്സ് കാണാമെന്ന് പറയുകയും ഒരുമിച്ചിരുന്നു കാണുകയും ചെയ്യും. അങ്ങനെയൊക്കെ കുമ്പളങ്ങി നൈറ്റ്സ് വീണ്ടും കാണാറുണ്ട്. അതുകൊണ്ട് ആ സിനിമ മാത്രമാണ് വീണ്ടും കാണാറുള്ളത് എന്ന് തോന്നുന്നു.
ത്രിശങ്കു ആണ് അന്ന ബെന്നിന്റേതായി പുറത്തുവന്ന അവസാന മലയാള ചിത്രം. അതേ സമയം കൽക്കി എ ഡി 2898 മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായ കൽക്കി 2898 എഡി ഒരു മിത്തോ-സയൻസ് ഫിക്ഷൻ ചിത്രമാണ്. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന പാൻ ഇന്ത്യൻ ചിത്രം ഇതിനോടകം1000 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടു. തമിഴ് ചിത്രം 'കൊട്ടുകാളിയാണ്' അന്ന ബെന്നിന്റെതായി പുറത്തുവരാനിരിക്കുന്ന അടുത്ത സിനിമ.