ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വീഴ്ച ആരോപിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് ട്രാൻജെൻഡറും നടിയുമായ അഞ്ജലി അമീര്‍. നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കാനുള്ള അവകാശം ട്രാൻസ്ജെൻഡേഴ്സിനുമില്ലേ എന്നാണ് അഞ്ജലി ഫേസ്ബുക്കിലൂടെ സമൂഹത്തോട് ചോദിക്കുന്നത്. സമൂഹം തങ്ങളെ ഹിജഡ, ഒമ്പത്, രണ്ടും കേട്ടത് എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നത് കൊണ്ടാണ് ട്രാന്‍സ്‌ജെന്‍ഡര്‍സ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്ന് അഞ്ജലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അഞ്ജലി അമീറിന്റെ ഫേസ്ബുക് പോസ്റ്റ്
ഹിജഡ, ഒൻപത്, ചാന്തുപൊട്ട്, ഒസ്സ്, രണ്ടും കെട്ടത്, നപുംസകം , പെണ്ണാച്ചി, അത് ഇത് അങ്ങനെ പലപേരുകൾ വിളിച്ച് നിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ രണ്ടും കല്പിച്ച് ലിംഗമാറ്റ സർജറിക്ക് വിധേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാലോ അതിന് ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ.. സമൂഹമേ ഈ ലോകത്തു സ്വസ്ഥമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ ...