ഇതല്ലാതെ വേറെന്ത് ജോലി ചെയ്യും? സിനിമയ്ക്കുളളിലെ വിലക്ക്, ആശങ്ക പ്രകടിപ്പിച്ച് അമിതാഭ് ബച്ചൻ

ഇതല്ലാതെ വേറെന്ത് ജോലി ചെയ്യും? സിനിമയ്ക്കുളളിലെ വിലക്ക്, ആശങ്ക പ്രകടിപ്പിച്ച് അമിതാഭ് ബച്ചൻ
Published on

പ്രായമായവരെ സിനിമാസീരിയൽ ചിത്രീകരണങ്ങളിൽ നിന്നും മാറ്റിനിർത്തുമോ എന്ന ആശങ്കയിലാണ് താനെന്ന് അമിതാഭ് ബച്ചൻ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോവുകയാണ് രാജ്യം. 65 വയസ്സിനു മുകളിലുള്ള അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഷൂട്ടിംഗിൽ നിന്നും വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള മഹാരാഷ്ട്ര സർക്കാറിന്റെ ഉത്തരവുമായി ബന്ധപ്പെട്ടാണ് അമിതാഭ് ബച്ചൻ തന്റെ ആശങ്ക പ്രകടിപ്പിച്ചത്.

സിനിമകൾ, ടെലിവിഷൻ ഷോകൾ, ഒടിടി പ്രോഗ്രാമുകളുടെ ഷൂട്ടിംഗ്, പ്രീപ്രൊഡക്ഷൻ, പോസ്റ്റ്പ്രൊഡക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കാൻ മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ അനുമതി നൽകിയിരുന്നു. എന്നാൽ പ്രായമായ അഭിനേതാക്കളെയും മറ്റ് ജീവനക്കാരെയും പങ്കാളികളാക്കരുതെന്നായിരുന്നു സർക്കാർ വിഞ്ജാപനം. ഇതിനെതിരെ ജൂലൈ 21 ന് എഴുപതുകാരനായ നടൻ പ്രമോദ് പാണ്ഡെയും ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

ഹർജികൾ പരിശോധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. പ്രായമായ അഭിനേതാക്കളെ ജോലി ചെയ്യാൻ അനുവദിക്കരുതെന്ന വാദത്തിന് പിന്നിലെ യുക്തി വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് റദ്ദാക്കിയതോടെ സിനിമയ്ക്കുളളിൽ പ്രവർത്തിക്കുന്ന അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവർക്ക് ഇനി നിയന്ത്രണങ്ങൾ കൂടാതെ ഷൂട്ടിം​ഗിൽ പങ്കെടുക്കാം. മഹാരാഷ്ട്ര സർക്കാറിന്റെ നടപടി വിവേചന പൂർണമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എങ്കിലും

നിയമനടപടികൾ പ്രാബല്യത്തിൽ വരാൻ കാലതാമസം ഉണ്ടാവുമെന്നതിനാൽ സിനിമയിൽ നിന്നും താൽകാലികമായി വിട്ടുനിൽക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് ബച്ചൻ പറയുന്നു.

പ്രായമായവരിൽ കൊവിഡ് പകരാനുളള സാധ്യത കൂടുതലായതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത് എന്നായിരുന്നു സർക്കാർ അഭിഭാഷകനായ പൂർണിമ കണ്ഡാരിയയുടെ വാദം. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം സർക്കാർ ഉത്തരവ് ഏറെ വെല്ലുവിളി ഉണർത്തുന്നതാണ്. സിനിമയ്ക്കുളളിൽ മാത്രം വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ന്യായം വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

സിനിമയിൽ നിന്ന് മാറ്റി നിർത്തിയാൽ വേറെന്ത് ജോലിയാണ് തനിക്ക് ചെയ്യാൻ കഴിയുന്നതെന്നു കൂടി നിർദ്ദേശിക്കണമെന്നും അമിതാഭ് ബച്ചന്റെ ട്വിറ്ററിലൂടെ ചോദിച്ചു. ഈ മാസം ബച്ചനും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് ബച്ചൻ, കൊച്ചുമകൾ ആരാധ്യ ബച്ചൻ എന്നിവർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. രോ​ഗമുക്തി നേടിയതോടെ ബച്ചനും കുടുംബവും വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in