'നിമിഷനേരം കൊണ്ട് അദ്ദേഹമെഴുതിയ ഗാനമാണത്, അത്ഭുതമാണ് അതിപ്പോഴും': ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകളില്‍ അലക്‌സ് പോള്‍

'നിമിഷനേരം കൊണ്ട് അദ്ദേഹമെഴുതിയ ഗാനമാണത്, അത്ഭുതമാണ് അതിപ്പോഴും': ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകളില്‍ അലക്‌സ് പോള്‍
Published on

വാസ്തവം എന്ന ചിത്രത്തിലെ 'അരപ്പവന്‍ പൊന്നുകൊണ്ട്' എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരി നിമിഷനേരം കൊണ്ട് എഴുതിയതാണെന്നാണ് സംഗീത സംവിധായകന്‍ അലക്‌സ് പോള്‍. ഗിരീഷ് പുത്തഞ്ചേരി രചന നിര്‍വഹിച്ച് താന്‍ സംഗീതം നല്‍കിയ ഗാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ ആദ്യം ശ്രദ്ധിക്കുന്നത് പാട്ടിലെ സംഗീതമാണെങ്കിലും വരികളാണ് മനസ്സില്‍ നിലനില്‍ക്കുന്നത്. പാട്ടിലെ വരികള്‍ മനോഹരമാണെന്നും അസാധ്യ കഴിവുള്ള വ്യക്തിയാണ് ഗിരീഷ് പുത്തഞ്ചേരിയെന്നും ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അലക്‌സ് പോള്‍ പറഞ്ഞു. ചതിക്കാത്ത ചന്തു, രാജമാണിക്യം, ഹലോ, ക്ലാസ്സ്മേറ്റ്‌സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംഗീത സംവിധായകനാണ് അലക്‌സ് പോള്‍. എന്റെ ഖല്‍ബിലെ, കാറ്റാടിത്തണലും പോലുള്ള ഗാനങ്ങള്‍ മുഴുവന്‍ കേരളം ഒന്നടങ്കം ഏറ്റെടുത്തിരുന്നു. 2016ല്‍ റിലീസായ കിംഗ് ലയറാണ് അലക്‌സ് പോള്‍ അവസാനമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം.

അലക്‌സ് പോള്‍ പറഞ്ഞത്:

ഗിരീഷ് പുത്തഞ്ചേരി എന്ന് പറയുന്നത് അസാധ്യ കഴിവുള്ള മനുഷ്യനാണ്. അത് പ്രത്യേകം പറയാനില്ലല്ലോ. മലയാളി തിരിച്ചറിഞ്ഞ ഒരു കാര്യമാണ്. 'അരപ്പവന്‍ പൊന്നുകൊണ്ട്' എന്ന ഗാനമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. നിമിഷനേരം കൊണ്ട് അദ്ദേഹം എഴുതിയ ഗാനമാണ് അത്. വരികള്‍ തന്നതിന് ശേഷമാണ് ഞാന്‍ ആ പാട്ട് കമ്പോസ് ചെയ്തത്. എഴുതി തന്നതിനു ശേഷം എങ്ങനെയുണ്ടെന്ന് നോക്കാന്‍ അദ്ദേഹം പറഞ്ഞു. പിന്നെ അത് പാട്ടാക്കുകയാണ് ചെയ്തത്. 'അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ്' എന്ന വരി എന്ത് മനോഹരമാണ്.

ആദ്യം ആളുകള്‍ ഇഷ്ടപ്പെടുന്നത് ഒരു പാട്ടിന്റെ സംഗീതമാണ്. അത് പറയാതിരിക്കാന്‍ വയ്യ. പക്ഷെ പിന്നീട് അത് നിലനില്‍ക്കണമെങ്കില്‍ വരികള്‍ നന്നായിരിക്കണം. കാലങ്ങളോളം അതിനെ നില നിര്‍ത്തുന്നത് വരികളാണ്. അതാണ് സത്യം. പാട്ടിനെ ട്യൂണ്‍ കൊണ്ടാണ് ആദ്യം ആളുകള്‍ സ്വീകരിക്കുന്നതെങ്കിലും വരികളാണ് അതിനെ മധുരമാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in